തമിഴ്നാട്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; തീയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കും

ചെന്നൈ: തീയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി തമിഴ്‌നാട്. നവംബർ 1 മുതൽ സംസ്ഥാനത്തെ തിയറ്ററുകളിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. കടകൾക്കും ഹോട്ടലുകൾക്കും ഏർപ്പെടുത്തിയിരുന്ന പ്രവർത്തന സമയ നിയന്ത്രണവും സർക്കാർ ഒഴിവാക്കി. എല്ലാ കലാ സാംസ്‌കാരിക പരിപാടികൾക്കും അനുമതി നൽകിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളിൽ നിരവധി ഇളവുകളാണ് തമിഴ്‌നാട് സർക്കാർ നൽകിയിട്ടുള്ളത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് എസി ബസ് സർവീസും പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഓഫിസുകളിൽ 100 ശതമാനം ഹാജറും ഇനി മുതൽ നിർബന്ധമാണ്. നവംബർ 1 ന് 1 മുതൽ 8 വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. ഇളവുകൾ നിരീക്ഷിച്ച ശേഷം, നവംബർ 15 നു വീണ്ടും സർക്കാർ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.