ന്യൂഡൽഹി: രാജ്യത്തെ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ പിന്തുണച്ചു കൊണ്ടാണ് മാദ്ധ്യമങ്ങൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾക്ക് രൂപം കൊടുക്കുന്നുണ്ടെങ്കിലും വിവാദങ്ങൾ ഉണ്ടാക്കുന്നതിലാണ് മാദ്ധ്യമങ്ങളുടെ ശ്രദ്ധയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഫോസിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയാണ് ഹരിയാനയിൽ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. വളരെ കാലങ്ങൾക്കു ശേഷം ഹരിയാനയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ ലഭിച്ചത് ഇപ്പോൾ മാത്രമാണ്. തനിക്ക് വളരെ നാളുകളായി അടുത്ത് അറിയാവുന്ന ആളാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് ഖട്ടാറെന്നും എന്നാൽ മാദ്ധ്യമങ്ങളിൽ ഇതൊന്നും വാർത്തയാക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഹരിയാനയിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ വടി കൊണ്ട് നേരിടണമെന്നുള്ള മനോഹർലാൽ ഖട്ടാറിന്റെ പരാമർശങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേന്ദ്രത്തിന്റെ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ചുരുങ്ങിയത് 1000 പ്രവർത്തകർ വടികളുമായി നേരിടണമെന്നാണ് അദ്ദേഹം പറഞ്ഞത്.

