തൊടുപുഴ: 36 മണിക്കൂറില്‍ ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി കളഞ്ഞത് ഒന്‍പത് കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. ചെറുതോണി ഡാമില്‍ നിന്ന് മണിക്കൂറില്‍ 378 മില്യണ്‍ ലിറ്റര്‍ (0.378 എംസിഎം) വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ഇടുക്കി പദ്ധതിയുടെ മൂലമറ്റം ഭൂഗര്‍ഭ നിലയത്തില്‍ വേണ്ടത് 680 ലിറ്റര്‍ വെള്ളമാണ്.
ഡാമില്‍ നിന്ന് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒരു മണിക്കൂറില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഇന്നലെ രാത്രി വരെ പുറത്തേക്ക് ഒഴുകിയത്
2.01 കോടി യൂണിറ്റിനുള്ള വെള്ളമാണ്. 4.5 രൂപയ്ക്കാണ് കേരളം നിലവില്‍ വൈദ്യുതി വില്‍ക്കുന്നത്.ഈ നിരക്ക് വെച്ച് കണക്കുകൂട്ടിയാല്‍ 9.07 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്.
അതേസമയം, 20 ദിവസത്തിനിടെ ഡാമിലേക്ക് എത്തിയത് 498.818 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം. ഇതുപയോഗിച്ച് 224 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. അതേസമയം, പുറത്തേക്ക് ഇത്രയും വെള്ളം ഒഴുക്കി കളഞ്ഞിട്ടും ജലനിരപ്പ് കുറഞ്ഞത് നേരിയ തോതില്‍ മാത്രമാണ്. മഴ ഇനിയും ശക്തമാകുകയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. ജലനിരപ്പ് 2398.08 അടി പിന്നിട്ടിപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്.

