Highlights (Page 170)

കോഴിക്കോട്: റോഡ് നിർമ്മാണത്തിൽ അലംഭാവം കാണിച്ച കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ്. കോഴിക്കോട് ജില്ലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ അലംഭാവം കാണിച്ച കരാറുകാരനിൽ നിന്ന് പിഴ ഈടാക്കാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് ശുപാർശ ചെയ്തു. ദേശീയ പാത 766 ൽ നടക്കുന്ന പ്രവർത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ശുപാർശ ചെയ്തത്.

നാഥ് ഇൻഫാസ്ട്രക്ചർ കമ്പനിയിൽ നിന്നും പിഴ ഈടാക്കാനാണ് മന്ത്രി ശുപാർശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ നിർദേശം നൽകിയെന്നാണ് വിവരം. ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവർത്തിയിലാണ് നാഥ് കൺസ്ട്രക്ഷൻസ് അലംഭാവം വരുത്തിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് സെപ്തംബർ മാസത്തിൽ ഈ സ്ഥലം സന്ദർശിച്ച് പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു.

ഒരു ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ 15 നകം തീർക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കരാറുകാരൻ മന്ത്രിയുടെ നിർദേശം പാലിച്ചില്ല. തുടർന്നാണ് കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. സമയബന്ധിതമായി പ്രവർത്തി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുൻകാല കോൺഗ്രസ് സർക്കാരുകൾക്കെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർക്കാരിനില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിജിലൻസ് കമ്മീഷന്റെയും സിബിഐയുടെയും സംയുക്തയോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

കഴിഞ്ഞ സർക്കാരിനെ നയിച്ചവരും അഴിമതിയിൽ പങ്കാളികളായിരുന്നു. എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഭരണനിർവ്വഹണം സുതാര്യമാകണം. അഴിമതി വെച്ചുപൊറുപ്പിക്കില്ല. സാധാരണക്കാരെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുമെന്നും അദ്ദേഹം വിശദമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ ഇനിയും പൂർണ്ണമായി തടയാനായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഡാമുകൾ തുറന്ന് വിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്നവർക്ക് മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഇത് അപകടകരമായ പ്രവണതയാണെന്നാണ് പോലീസ് പറയുന്നത്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മീൻ പിടിക്കുന്നതിനായി ആളുകൾ പുഴയിലേക്ക് ചാടുന്ന വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്.

ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും വളരെ അപകടകരമാണിതെന്നും പോലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ജീവന് തന്നെ ആപത്താണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

അതേസമയം അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരിക്കുന്നത്. ഡാം തുറക്കുമ്പോഴുള്ള കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴകളിൽ മീൻ പിടിത്തവും പാടില്ലെന്നുനം നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വീഡിയോ പകർത്തൽ, സെൽഫി, ഫേസ്ബുക്ക് ലൈവ് എന്നിവയ്ക്കും കർശന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം പതിനാറായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ നൂറിലേറെ പേര് കുടുങ്ങി കിടക്കുകയാണ്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മേഘ വിസ്‌ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോയി.

നൈനിറ്റാള്‍ നദി കരവിഞ്ഞൊഴുകയുകയാണ്. ചുറ്റും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ബദരീനാഥ് ദേശീയ പാതയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന കാര്‍ മലയിടിച്ചില്‍ പെട്ടു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ യാത്രക്കാരെ പിന്നീട് സാഹസികമായി രക്ഷപ്പെടുത്തി.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പിന്തുണയും വാഗദാനം ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫീസും അറിയിച്ചു.

ന്യൂഡൽഹി: 2021 ലെ നാവിക കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു. ഡൽഹിയിൽ ആരംഭിച്ച കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർവ്വഹിച്ചു.

ഇന്ത്യൻ നാവികസേന വാങ്ങിയ 41 അന്തർവാഹിനികളിൽ 38 എണ്ണവും നിർമ്മിച്ചത് ഇന്ത്യൻ ഷിപ്പ്യാഡിൽ നിന്നാണെന്നത് അഭിമാനകരമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആത്മ നിർഭാർ ഭാരത് എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഇതുവരെ നേടിയ വിജയത്തിന്റെ വേഗത നിലനിർത്തേണ്ടത് പ്രധാനമാണെന്നും സർക്കാർ സ്വീകരിച്ച നടപടികൾ അതിന് കൂടുതൽ ശക്തി നൽകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ‘ആത്മ നിർഭാർ ഭാരത്’ എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പൽ നിർമ്മാണത്തിൽ സ്വദേശിവൽക്കരണം, അന്തർവാഹിനികളുടെ നിർമ്മാണം തുടങ്ങിയവയിൽ മുൻപന്തിയിലാണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ മഹാ സമുദ്രപാതയിലെ ഒരു പ്രധാന രാജ്യം എന്ന നിലയിൽ ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ നാവികസേനയുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാവികസേന ഫലപ്രദമായി നിർവഹിക്കുന്നതിൽ പ്രതിരോധ മന്ത്രി സന്തോഷം അറിയിക്കുകയും ചെയ്തു.

തൊടുപുഴ: ഇടുക്കി ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ ഡാമിന്റെ ജലനിരപ്പ് 2397 അടി കഴിഞ്ഞു. ജലനിരപ്പ് 2397.86 ആയി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

രണ്ടു ദിവസത്തേക്ക് മഴയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്. എന്നാൽ അതിനു ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതു മുന്നിൽ കണ്ട് ഡാം തുറന്നു വിട്ട് ജലം ക്രമീകരിക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന അവസ്ഥയുണ്ടാവരുത്. 2385 ൽ ജലനിരപ്പ് നിജപ്പെടുത്തണം. മഴ പെയ്യാൻ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ഇന്ന് ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് അനുസരിച്ച് ഏതൊക്കെ അണക്കെട്ടുകൾ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അണക്കെട്ടുകൾ പെട്ടെന്ന് തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഒഴിവാക്കുവാനാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. അണക്കെട്ട് തുറക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലകളക്ടർമാർക്ക് ഇത് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽകണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

ബെയ്ജിങ്: ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വരെ വേഗതയുള്ള, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം ചൈന നടത്തിയതായി റിപ്പോർട്ട്. ഓഗസ്റ്റ് മാസം ചൈന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതേക്കുറിച്ചുള്ള സൂചനകൾ ലഭ്യമായെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

അമേരിക്കയുടെ പക്കലുള്ള ഇത്തരം മിസൈലുകളെക്കാൾ പതിന്മടങ്ങ് ശേഷിയും കൃത്യതയും ഉള്ളതാണ് ചൈനയുടെ പക്കലുള്ളതെന്നാണ് വിവരം. ചൈനീസ് സൈന്യം ഹൈപ്പർസോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലിൽ വീണുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പറയുന്നു.

ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗതയിലുള്ള ഈ മിസൈലുകൾ ഉപയോഗിച്ച് അമേരിക്കയിലെ ലക്ഷ്യസ്ഥാനങ്ങൾ വരെ തകർക്കാൻ കഴിയും. ഹൈപ്പർസോണിക് ആയുധങ്ങളുടെ കാര്യത്തിൽ ചൈന കൈവരിച്ച നേട്ടം അമേരിക്കയെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സൈനിക ശേഷികളെക്കുറിച്ചും ഹൈപ്പർസോണിക് രംഗത്തുള്ള കഴിവുകളെക്കുറിച്ചും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്കയുടെ പ്രതിരോധ വകുപ്പ് പ്രസ് സെക്രട്ടറി ജോൺ കിർബി പ്രതികരിച്ചിരുന്നു.

അതേസമയം ഹൈപ്പർസോണിക് സാങ്കേതിക വിദ്യയിൽ ചൈന കൈവരിക്കുന്ന നേട്ടങ്ങൾ ഇന്ത്യയ്ക്കും ഭീഷണിയാണ്. ഇത് കണക്കിലെടുത്ത് ശക്തമായ മുന്നൊരുക്കങ്ങൾ ഇന്ത്യയും നടത്തുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവൻ സമയം വൈദ്യുതി ഉത്പാദനം തുടർന്ന് കെഎസ്ഇബി. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വർധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തിൽ പ്രതിദിനം ആവശ്യമായി വേണ്ടത്.

സംസ്ഥാനത്ത് മഴ അപ്രതീക്ഷിതമായി ശക്തി പ്രാപിച്ചതോടെ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ വലിയ തോതിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്. മഴ വ്യാപകമായതോടെ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തകറാറിലായതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതായാണ് റിപ്പോർട്ട്. മധ്യ കേരളത്തിലാകെ വൈദ്യുതി വിതരണം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നിവിടങ്ങളിലെ എല്ലാ 11 കെവി ഫീഡറുകൾ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്ന നിലയിലാണുള്ളത്. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാലാ ഡിവിഷന്റെ കീഴിലും വലിയ നാശനഷ്ടമാണ് സംഭവിച്ചത്. വെള്ളം ഉയർന്ന നിലയിലുണ്ടായിരുന്ന ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെവി ഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്‌ഫോർമറുകൾ കെഎസ്ഇബി ഓഫാക്കി.

വൈദ്യുതി പ്രതിസന്ധി 31 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത നിലയങ്ങൾ മുഴുവൻ സമയവും പ്രവർത്തിച്ച രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നാണ് സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുടെ സാഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം എന്നും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്.

മാലെ: ദക്ഷിണേഷ്യയിലെ പ്രധാന ഫുട്ബാള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും ജേതാക്കളായി ഇന്ത്യ. ഇന്നലെ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നേപ്പാളിനെ കീഴടക്കിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.

നായകന്‍ സുനില്‍ ഛെത്രിയും സ്‌ട്രൈക്കര്‍ സുരേഷ് സിംഗ് വാംഗ്ജാമും രണ്ടാം പകുതിയില്‍ ഒരുമിനിട്ടിന്റെ ഇടവേളയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടി ലീഡ് നല്‍കിയപ്പോള്‍ ഇന്‍ജുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് മൂന്നാം ഗോളും നേടി.

പ്രാഥമിക റൗണ്ടില്‍ 1-0ന് നേപ്പാളിനെ തളച്ചിരുന്ന ഇന്ത്യ ഇന്നലെയും ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. 49-ാം മിനിട്ടിലാണ് ഛെത്രി ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇതോടെ അന്താരാഷ്ട്ര ഗോള്‍ വേട്ടയില്‍ ഛെത്രി അര്‍ജന്റീനാ ഇതിഹാസം ലയണല്‍ മെസിയുടെ 80 ഗോളുകളുടെ എണ്ണത്തിനാെപ്പമെത്തി. തൊട്ടടുത്ത മിനിട്ടിലായിരുന്നു സുരേഷിന്റെ ഗോള്‍. ഫൈനല്‍ വിസിലിന് തൊട്ടുമുമ്ബ് സഹലും സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

ഇത് എട്ടാം തവണയാണ് ഇന്ത്യ സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടുന്നത്. 1993,1997,1999,2005,2009,2011,2015 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ചാമ്പ്യന്മാരായത്. 2015ല്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഏറ്റവും കൂടുതല്‍ തവണ സാഫ് കിരീടം നേടിയ ടീമും ഇന്ത്യയാണ്.