പ്രേക്ഷകരുടെ ധൈര്യത്തിലാണ് താൻ നിൽക്കുന്നത്; 42 കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്ന് മമ്മൂട്ടി

പ്രേക്ഷകരുടെ ധൈര്യത്തിലാണ് താൻ നിൽക്കുന്നതെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നതെന്നും 42 കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. പ്രേക്ഷകർ ഇതുവരെ വിട്ടിട്ടില്ല ഇനിയും വിടത്തില്ലെന്നും മമ്മൂട്ടി അറിയിച്ചു. മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നാടൻ ചട്ടമ്പിയല്ല, വഴക്കാളിയല്ല, ഗുണ്ടയല്ല. ജോസൊരു ഡ്രൈവറാണ്. പക്ഷേ ജോസ് നേരിടേണ്ടി വരുന്നത് വൻ അടിയാണ്. അവിടെ ജോസ് പതറിപ്പോകും. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കിൽ ഇതിനെ സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാമെന്ന് വീഡിയോയിൽ മമ്മൂട്ടി വിശദമാക്കുന്നു..

കഥയുടെ ഒരു സിംഹഭാഗവും തമിഴ്‌നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. ചില പരിതസ്ഥിതികളിൽ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കിൽ നമുക്ക് ‘ടർബോ’ എന്ന് വിളിക്കാമെന്ന് ടർബോ ജോസ് എന്ന കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്നു.