Highlights (Page 162)

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിംഗ് മേഖല വളരെ ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കിംഗ് മേഖലയിൽ ഗവൺമെന്റ് തുടക്കം കുറിച്ച പരിഷ്‌കാരങ്ങൾ ബാങ്കിംഗ് മേഖലയെ എല്ലാ വിധത്തിലും പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കുക’ എന്ന വിഷയത്തിലെ സമ്മേളനത്തിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ അനുമതി നൽകുന്നവരാണെന്നും ഉപഭോക്താവ് അപേക്ഷകനാണെന്നും അല്ലെങ്കിൽ തങ്ങൾ ദാതാവും ഉപഭോക്താവ് സ്വീകർത്താവുമാണെന്ന തോന്നൽ ഉപേക്ഷിച്ച്, ബാങ്കുകൾ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014 ന് മുൻപുള്ള പ്രശ്നങ്ങളും വെല്ലുവിളികളും ഒന്നൊന്നായി പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ട്. നിഷ്‌ക്രീയാസ്ഥികളുടെ (എൻ.പി.എ) പ്രശ്നത്തെ അഭിസംബോധന ചെയ്യുകയും, ബാങ്കുകളിൽ പുനർമൂലധനവൽക്കരണം നടത്തുകയും അവയുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്റ്റൻസി കോഡു (ഐ.ബി.സി)പോലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു, നിരവധി നിയമങ്ങൾ പരിഷ്‌കരിച്ചു, കടം വീണ്ടെടുക്കൽ (ഡെറ്റ് റിക്കവറി) ട്രിബ്യൂണലിനെ ശക്തിപ്പെടുത്തി. കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലഘട്ടത്തിൽ രാജ്യത്ത് ഒരു സമർപ്പിത സ്ട്രെസ്ഡ് അസറ്റ് മാനേജ്മെന്റ് വെർട്ടിക്കൽ (സമ്മർദ്ദ ആസ്തി പരിപാലന ലംബരൂപം ) രൂപീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റം നൽകുന്നതിനും രാജ്യത്തെ സ്വാശ്രയമാക്കുന്നതിനും പുതിയ ഊർജ്ജം പകർന്നുനൽകുന്നതിനായി സുപ്രധാനമായ പങ്ക് വഹിക്കാൻ ഇന്ന് ഇന്ത്യയിലെ ബാങ്കുകൾ ശക്തമാണ്. കേന്ദ്രസർക്കാർ സമീപ വർഷങ്ങളിൽ സ്വീകരിച്ച നടപടികൾ ബാങ്കുകൾക്ക് ശക്തമായ മൂലധന അടിത്തറ സൃഷ്ടിച്ചു. പൊതുമേഖലാ ബാങ്കുകളിലെ എൻ.പി.എ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ബാങ്കുകൾക്ക് മതിയായ പണലഭ്യതയും എൻ.പി.എയുടെ കരുതലിന് വേണ്ടിയുള്ള വ്യവസ്ഥയും വേണ്ട. ഇത് അന്താരാഷ്ട്ര ഏജൻസികൾക്ക് ഇന്ത്യൻ ബാങ്കുകളോടുള്ള വീക്ഷണം നവീകരിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൻധൻ പദ്ധതി നടപ്പാക്കുന്നതിൽ ബാങ്കിംഗ് മേഖല കാണിക്കുന്ന ആവേശത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും ഓൺലൈൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തുവെന്നും ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാരിനു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഡിവൈഡ് എന്ന പ്രധാന പ്രശ്‌നത്തെ മറികടക്കുന്നതിനായി വിദ്യാകിരണം പദ്ധതിയ്ക്ക് ജനകീയമായി തുടക്കം കുറിക്കാനായി. എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണയുമായി പൊതുജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിച്ചു. ആ ഇച്ഛാശക്തിയുടേയും ഐക്യത്തിന്റേയും ഫലമായി രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. Annual Status of Education Report (ASER) 2021 ആ നേട്ടത്തിനു അടിവരയിടുകയാണ്. ഈ സർവേ പ്രകാരം കോവിഡ് കാലത്ത് കേരളത്തിൽ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ മാർഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാർത്ഥ്യമാക്കണം. ആ ലക്ഷ്യത്തിനായി ഇതുവരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവർക്കും ഒരുമിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആരോഗ്യസംരക്ഷണത്തിന്റെ എല്ലാ മേഖലകളും കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ ആഗോള ശ്രദ്ധ നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ആരോഗ്യ സംരക്ഷണ മേഖല നേടിയ ആഗോള വിശ്വാസം സമീപകാലത്ത് ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്ന് വിളിക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് വ്യാപനം ഫാർമസ്യൂട്ടിക്കൽ മേഖലയെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജീവിതശൈലിയോ, മരുന്നുകളോ, മെഡിക്കൽ സാങ്കേതികവിദ്യയോ, വാക്സിനുകളോ ആകട്ടെ, രണ്ട് വർഷത്തിനിടെ എല്ലാ മേഖലകളിലും ആഗോള ശ്രദ്ധ നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ നിർവചനം ഭൗതികമായ അതിരുകളാൽ പരിമിതപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിൽ ഇന്ത്യ വിശ്വസിക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങൾ ഈ ആത്മാവിനെ ലോകമെമ്പാടും കാണിച്ചു. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിൽ ഞങ്ങൾ 150 ലധികം രാജ്യങ്ങളിലേക്ക് ജീവൻരക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതി ചെയ്തു. ഈ വർഷം 100 രാജ്യങ്ങളിലേക്ക് 65 ദശലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ ഞങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. മരുന്ന് കണ്ടുപിടിത്തത്തിലും നൂതന മെഡിക്കൽ ഉപകരണങ്ങളിലും ഇന്ത്യയെ മുൻനിരയിലാക്കാൻ നൂതനമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം വിശദമാക്കി.

എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് നയപരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ കഴിവുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയൊരു സംഘം ഇന്ത്യയിലുണ്ട്. ഇന്ന് ഇന്ത്യയിലെ 1.3 ബില്യൺ ആളുകൾ ഇന്ത്യയെ ആത്മനിർഭർ ആക്കുന്നതിന് സ്വയം ഏറ്റെടുത്തിരിക്കുമ്പോൾ, വാക്സിനുകൾക്കും മരുന്നുകൾക്കുമുള്ള പ്രധാന ചേരുവകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യ കീഴടക്കേണ്ട ഒരു മേഖലയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക്സി .എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (റിന്യൂവല്‍) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് പുതുക്കലിന് അവസരം.

ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വീതവും, പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. www.minoritywelfare.kerala.gov മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524.

സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ല്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ ബന്ധപ്പെടുക. കൊല്ലം മേഖലാ ഓഫീസ്: 0474-2914417, എറണാകുളം മേഖലാ ഓഫീസ്: 0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്: 0495-2377786.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി.സുരേഷ് ബാബുവും ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമും തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹസ്വചിത്രം ‘ചിലര്‍’ മികച്ച പ്രതികരണം നേടി മുന്നേറുന്നു.

അമല്‍ ജോസ്, ടൈറ്റസ് കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കഥാപാത്രങ്ങളുടെ മികവിലൂടെയാണ് ചര്‍ച്ചയാകുന്നത്. സംവിധായകരായ ദീലീഷ് പോത്തന്‍, ഡോമിന്‍ ഡിസില്‍വ, ഡിന്‍ജിത്ത് അയ്യത്താന്‍, നടന്‍മാരായ രാജേഷ് ശര്‍മ്മ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രം റിലീസ് ചെയ്തത്. മൂവിലക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ജോളി ചിറയത്ത് ,നയന, ജിതിന്‍ പി. വി, ടൈറ്റസ് കണ്ടത്തില്‍, കുമാരി അല്‍മിത്ര സുഭാഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനീഷ് അര്‍ജുനന്‍, തരുണ്‍ ഭാസ്‌കരന്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

കൊച്ചി : ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിന് എത്തിച്ച ശർക്കരയിൽ ഹലാൽ മുദ്ര പതിപ്പിച്ചെന്ന ആരോപണത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് തേടി ഹൈക്കോടതി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്. ജെ. ആർ കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. വിഷയത്തിൽ നാളെ നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ടും സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശർക്കര പാക്കറ്റുകളിൽ മാത്രമാണ് മുദ്രയുണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിതെന്നും അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശർക്കര ചാക്കുകളിൽ ഹലാൽ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോർഡ് വാക്കാൽ കോടതിയോട് വിശദമാക്കി. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങൾ ശബരിമലയിൽ ഉപയോഗിയ്ക്കാൻ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോർഡ് ലംഘിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ജെ ആർ കുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാൽ മുദ്രപതിച്ച ശർക്കര കുറഞ്ഞ വിലയ്ക്ക് ബോർഡിന് ലഭിച്ചതെന്നും ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര ഉപയോഗിച്ച് പ്രസാദം നിർമ്മിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിയ്ക്കണമെന്ന ആവശ്യവും ഹർജിയിൽ ജെ ആർ കുമാർ ഉന്നയിക്കുന്നുണ്ട്.

അതേസമയം ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പത്ത് ഇടത്താവളങ്ങളിലാണ് ക്രമീകരണമൊരുക്കിയിരിക്കുന്നതെന്നും മുൻകൂർബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തി ദർശനം നടത്താമെന്നും സർക്കാർ വ്യക്തമാക്കി. വെർച്വൽക്യൂവിന് പുറമെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കണമെന്ന നിർദ്ദേശം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു.ആധാർകാർഡ്, വോട്ടർ ഐ.ഡി, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ സ്‌പോട്ട് ബുക്കിംഗിനായി ഉപയോഗിക്കാം. 72 മണിക്കൂർ മുമ്പ് എടുത്ത പാർട്ടി പിസിആർ ഫലം അല്ലെങ്കിൽ രണ്ട് വാക്‌സിനേഷൻ രേഖകൾ ഹാജരാക്കണമെന്നും വെർച്വൽക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്റ്റ് വെയറിൽ മാറ്റംവരുത്തുമെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദമാക്കി.

k rail

തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെ-റെയിൽ) നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടൽ പുരോഗമിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവര ശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് തുടങ്ങിയ ആറു ജില്ലകളിലാണ് ഇപ്പോൾ കല്ലിടൽ നടത്തുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ നടപടികൾ ആരംഭിക്കും. 1961 ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിൽ സിൽവർലൈൻ കടന്നുപോകുന്ന വില്ലേജുകൾ

  1. തിരുവനന്തപുരം

ചിറയിൻകീഴ് താലൂക്ക്

ആറ്റിങ്ങൽ
അഴൂർ
കരാവാരം
കീഴാറ്റിങ്ങൽ
കുണ്ടല്ലൂർ
തിരുവനന്തപുരം താലൂക്ക്

ആറ്റിപ്ര
കടകംപള്ളി
കഠിനംകുളം
കഴക്കൂട്ടം
പള്ളിപ്പുറം
വെയിലൂർ
വർക്കല താലൂക്ക്

മണമ്പൂർ
നാവായിക്കുളം
പള്ളിക്കൽ

  1. കൊല്ലം ജില്ല

കൊല്ലം താലൂക്ക്

അദിച്ചനല്ലൂർ
ചിറക്കര
ഇളമ്പല്ലൂർ
കല്ലുവാതുക്കൽ
കൊറ്റൻകര
മീനാട്
മുളവന
പാരിപ്പള്ളി
തഴുതല
തൃക്കോവിൽവട്ടം
വടക്കേവിള
കൊട്ടാരക്കര താലുക്ക്

പവിത്രേശ്വരം
കുന്നത്തൂർ താലൂക്ക്

കുന്നത്തൂർ
പോരുവഴി
ശാസ്താംകോട്ട

  1. പത്തനംതിട്ട

അടൂർ താലൂക്ക്

കടമ്പനാട്
പള്ളിക്കൽ
പന്തളം
കോഴഞ്ചേരി താലൂക്ക്

ആറൻമുള
മല്ലപ്പള്ളി താലൂക്ക്

കല്ലൂപ്പാറ
കുന്നന്താനം
തിരുവല്ല താലൂക്ക്

ഇരവിപേരൂർ കവിയൂർ
കോയിപ്രം

  1. ആലപ്പുഴ ജില്ല

ചെങ്ങന്നൂർ താലൂക്ക്

മുലക്കുഴ
വെൺമണി
മാവേലിക്കര താലുക്ക്
നൂറനാട്
പാലമേൽ

  1. കോട്ടയം

ചങ്ങനാശ്ശേരി താലൂക്ക്

മടപ്പള്ളി
തോട്ടക്കാട്
വാകത്താനം
കോട്ടയം താലുക്ക്

ഏറ്റുമാനൂർ
മുട്ടമ്പലം
നാട്ടകം
പനച്ചിക്കാട്
പേരൂർ
പെരുമ്പായിക്കാട്
പുതുപ്പള്ളി
വിജയപുരം
മീനച്ചിൽ താലൂക്ക്

കാനക്കരി
കുറുവിലങ്ങാട്
വൈക്കം താലൂക്ക്

കടുതുരുത്തി
മൂലക്കുളം
നീഴൂർ
6.എറണാകുളം ജില്ല

ആലുവ താലൂക്ക്

ആലുവ ഈസ്റ്റ്
അങ്കമാലി
ചെങ്ങമനാട്
ചൊവ്വര
കീഴ്മാട്
നെടുമ്പാശ്ശേരി
പാറക്കടവ്
കാക്കനാട്
കണയന്നൂർ താലൂക്ക്

കുരീക്കാട്
തിരുവാങ്കുളം
കുന്നത്തുനാട് താലൂക്ക്

കിഴക്കമ്പലം
കുന്നത്തുനാട്
പുത്തൻകുരിശ്
തിരുവാണിയൂർ
മുവ്വാറ്റുപുഴ താലൂക്ക്

മനീട്
പിറവം

  1. തൃശൂർ ജില്ല

ചാലക്കുടി താലൂക്ക്

ആലത്തൂർ
ആളൂർ
അന്നല്ലൂർ
കടുകുറ്റി
കല്ലേറ്റുംകര
കല്ലുർ തെക്കുമ്മുറി
താഴെക്കാട്
കുന്നംകുളം താലൂക്ക്

ചെമ്മന്തട്ട
ചേരാനല്ലൂർ
ചൂണ്ടൽ
ചൊവ്വന്നൂർ
എരനല്ലൂർ
പഴഞ്ഞി
പോർക്കളം
മുകുന്ദപുരം താലൂക്ക്

ആനന്ദപുരം
കടുപ്പശ്ശേരി
മാടായിക്കോണം
മുറിയാട്
പൊറത്തിശ്ശേരി
തൃശൂർ താലൂക്ക്

അഞ്ഞൂർ
അവനൂർ
ചേർപ്പ്
ചേവൂർ
ചൂലിശ്ശേരി
കൈപ്പറമ്പ്
കണിമംഗലം
കൂർക്കഞ്ചേരി
കുറ്റൂർ
ഊരകം
പല്ലിശ്ശേരി
പേരാമംഗലം
പൂങ്കുന്നം
തൃശൂർ
വെങ്ങിണിശ്ശേരി
വിയ്യൂർ

  1. മലപ്പുറം ജില്ല

പൊന്നാനി താലൂക്ക്

ആലങ്കോട്
കാലടി
തവന്നൂർ
വട്ടംകുളം
തിരൂരങ്ങാടി താലൂക്ക്

അരിയല്ലൂർ
നെടുവ
വള്ളിക്കുന്നു
തിരൂർ താലൂക്ക്

നിറമരുതൂർ
പരിയാപുരം
താനാളൂർ
താനൂർ
തലക്കാ
തിരുനാവായ
തിരൂർ
തൃക്കണ്ടിയൂർ

  1. കോഴിക്കോട് ജില്ല

കോഴിക്കോട് താലൂക്ക്

ബേപ്പൂർ
കരുവൻതിരുത്തി
കസബ
നഗരം
പന്നിയങ്കര
പുതിയങ്ങാടി
കൊയിലാണ്ടി താലൂക്ക്

ചേമഞ്ചേരി
ചെങ്ങോട്ടുകാവ്
ഇരിങ്ങൽ
മൂടാടി
പന്തലായിനി
പയ്യോളി
തിക്കോടി
വിയ്യൂർ
വടകര താലൂക്ക്

അഴിയൂർ
ചേറോട്
നടക്കുതാഴ
ഒഞ്ചിയം
വടകര

  1. കണ്ണൂർ

കണ്ണൂർ താലൂക്ക്

ചേലോറ
ചെറുകുന്നു
ചിറക്കൽ
എടക്കാട്
കടമ്പൂർ
കണ്ണപുരം
കണ്ണൂർ
മുഴപ്പിലങ്ങാട്
പള്ളിക്കുന്ന്
പാപ്പിനിശ്ശേരി
വളപട്ടം
പയ്യന്നൂർ താലൂക്ക്

ഏഴോം
കുഞ്ഞിമംഗലം
മാടായി
പയ്യന്നൂർ
ധർമടം
കോടിയേരി
തലശ്ശേരി
തിരുവങ്ങാട്

  1. കാസർകോട് ജില്ല

ഹോസ്ദൂർഗ് താലൂക്ക്

അജാനൂർ
ചെറുവത്തൂർ
ഹോസ്ദുർഗ്
കാഞ്ഞങ്ങാട്
കോട്ടിക്കുളം
മണിയാട്ട്
നീലേശ്വരം
പള്ളിക്കര
പേരോൽ
പീലിക്കോട്
തൃക്കരിപ്പൂർ നോർത്ത്
തൃക്കരിപ്പൂർ സൗത്ത്
ഉദിനൂർ
ഉദുമ

കാസർകോട് താലൂക്ക്

കളനാട്
കുഡ്‌ലു
തളങ്കര

ന്യൂഡൽഹി: സ്വന്തമായി ക്രിപ്‌റ്റോ കറൻസി പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. സ്വകാര്യ ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദ ധനസഹായത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നത്. ഉടൻ തന്നെ ഇന്ത്യ സ്വന്തമായി ക്രിപ്‌റ്റോ കറൻസി പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സ്വന്തമായി ക്രിപ്‌റ്റോ കറൻസി പുറത്തിറക്കുമ്പോൾ ഇന്ത്യ സ്വകാര്യ ക്രിപ്റ്റോകറൻസികൾക്ക് നിരോധനം ഏർപ്പെടുത്തും. ക്രിപ്റ്റോ കറൻസികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായുള്ള പരാതി ഉയരുന്നുണ്ട്.

സ്വകാര്യ ക്രിപ്റ്റോകറൻസികൾ ഇന്ത്യയിൽ നിയമവിധേയമല്ലെന്നും കേന്ദ്രം അടുത്തുതന്നെ സ്വന്തം ഡിജിറ്റൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കുമെന്നുമുള്ള സൂചനകൾ അടുത്തിടെ കേന്ദ്ര ഡപ്യൂട്ടി ഡയറക്ടർ (കറൻസി) സഞ്ജു യാദവ് പുറത്തുവിട്ടിരുന്നു. ബിജെപി നേതാവും ധനകാര്യ പാർലമെൻറ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനുമായ ജയന്ത് സിൻഹ അധ്യക്ഷനായ പാർലമെൻറ് പാനലിന് മുമ്പാകെ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ, ക്രിപ്റ്റോ അസെറ്റ്സ് കൗൺസിൽ, വ്യവസായ സംഘടനകൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികൾ എന്നിവർ നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഈ യോഗത്തിന് ശേഷം ജയന്ത് സിൻഹയും സ്വകാര്യ ക്രിപ്‌റ്റോകറൻസികളെ നിയന്ത്രിക്കുമെന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു.

അതേസമയം രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയത്. അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്നു വന്ന ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ.

വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ ക്രിപ്‌റ്റോ കറൻസിക്ക് മേൽ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ആർ.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ക്രിപ്‌റ്റോ കറൻസിയും അനുബന്ധ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

കോഴിക്കോട്: അധ്യാപകർക്ക് ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ലാസുകളിൽ എത്താനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ആൺ പെൺ വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ കുട്ടികൾക്ക് വസ്ത്രം ധരിക്കാൻ കഴിയണമെന്നും സതീദേവി വ്യക്തമാക്കി. സംസ്ഥാനത്തെ കോളേജുകളിൽ അധ്യാപകർ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ചില കോളേജുകൾ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയ നടപടിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് വ്യക്തമാക്കി പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. പിന്നീട് 2014 ൽ പുതിയ സർക്കുലറും സർക്കാർ പുറത്തിറക്കിയിരുന്നു. അദ്ധ്യാപികമാരുടെമേൽ യാതൊരു വിധത്തിലുള്ള ഡ്രസ് കോഡുകളും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ഉത്തരവ്. എന്നാൽ ഉത്തരവ് ഇറങ്ങി വർഷങ്ങളായിട്ടും സാരി നിർബന്ധമാക്കുന്ന സ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങൾക്കെതിരെ ഇപ്പോഴും പരാതികൾ ഉയരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് യൂണിഫോം എന്നപോലെ സ്വകാര്യ സ്‌കൂളുകളിൽ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കുന്നതായി വ്യാപകമായാണ് പരാതികൾ ഉയർന്നിരുന്നത്.

കൊച്ചി: ഇനി കള്ളന്മാരെ പേടിക്കാതെ കഴിയാൻ ഡബിൾ പ്രൊട്ടക്ഷനുമായി ഗോദ്‌റേജ് പൂട്ട്. ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ചേർന്നാണ് ഉപഭോക്താക്കൾക്കായി ഗോദ്‌റേജ് പൂട്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ഇൻഷുറൻസ് പരിരക്ഷയാണ് ഉപഭോക്താക്കൾക്കായി കമ്പനി നൽകുന്നത്.

ഗോദ്‌റേജ് ലോക്കുകൾ വാങ്ങുന്നവരുടെ ആസ്തികൾക്ക് 1280 കോടി രൂപവരെ പരിരക്ഷ നൽകുന്നതാണ് പദ്ധതി. ഗോദറേജിന്റെ അതീവ സുരക്ഷാ സംവിധാനമുള്ള ഡിജിറ്റൽ ഡോർ ലോക്ക്‌സ് ശ്രേണിയായ അഡ്വാൻറിസ്, പുതിയതായി വിപണിയിലിറങ്ങിയതും പൂർണമായി ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതുമായ സ്‌പേസ്‌ടെക് പ്രോ എന്നീ ലോക്കുകളും പെന്റബോൾട്ട് ഏരീസ്, പെന്റബോൾട്ട് ഇഎക്‌സ്എസ്+, അൽട്രിക്‌സ് & ആസ്‌ട്രോ എന്നിവ വാങ്ങുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്.

ലോക്കിന്റെ പാക്കറ്റിലുള്ള ക്യുആർകോഡ് സ്‌കാൻ ചെയ്ത്, ജിഎസ്ടിയോട് കൂടിയ ഇൻവോയ്‌സ് സമർപ്പിച്ചാണ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകേണ്ടത്. രജിസ്റ്റർ ചെയ്യുന്ന തിയതി മുതൽ ഒരു വർഷമാണ് ഇൻഷുറൻസ് കാലാവധി. ലോക്കിന്റെ പരമാവധി ചില്ലറ വിൽപന വില (എംആർപി)യുടെ 20 മടങ്ങായിരിക്കും ഇൻഷുറൻസ് പരിരക്ഷ. വീട്ടിൽ ഭവന ഭേദനമോ മോഷണമോ നടക്കുകയും ലോക്ക് തകർക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ എഫ്‌ഐആറിന്റെ പകർപ്പോടുകൂടി ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്ന് ഗോദ്‌റേജ് അറിയിച്ചു. ആഭരണങ്ങൾക്കും ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഉപഭോക്താക്കളുടെ ആശങ്കയും അരക്ഷിതാവസ്ഥയും കുറയ്ക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.