കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെതിരെ നടപടി. ബിജോൺ ജോൺസനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി.
സംഭവത്തിൽ ഡോക്ടർ ബിജോൺ ജോൺസണ് എതിരെ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 336, ഐപിസി 337 വകുപ്പുകൾ ചുമത്തിയാണ് കേസ്. കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിക്ക് നാക്കിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
വിഷയത്തിൽ ആരോഗ്യ – ശിശുസംരക്ഷണ വകുപ്പിന് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

