രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമോ; അറിയാം ഇക്കാര്യങ്ങൾ

ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്നത്. എന്നാൽ രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോയെന്ന സംശയം പലർക്കുമുണ്ട്. രാത്രിയിൽ പഴങ്ങൾ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രാത്രിയിൽ പഴങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. പല പഴങ്ങളിലും പഞ്ചസാര കൂടുതലാണ്. അത്താഴത്തിന് മുമ്പ് അവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതിനാൽ, ഉറങ്ങാൻ പോകുന്നതിന് മുൻപ് ചില പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

പഴങ്ങൾ കൂടുതലായി കഴിക്കുമ്പോൾ മിക്ക ആളുകളും പച്ചക്കറികളും പ്രോട്ടീനുകളും പോലുള്ള മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നു. എന്നാൽ, പോഷകങ്ങൾ അടങ്ങിയിട്ടുള്ള മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാനിടയുണ്ട്. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് അത്താഴസമയത്ത് പഴങ്ങൾ കഴിക്കുന്നത് കൂടുതൽ ഊർജ്ജസ്വലനാകാൻ സഹായിക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്താനിടയുണ്ട്. ശരിയായ ഉറക്കം ലഭിക്കില്ല. പ്രഭാതഭക്ഷണത്തിന് പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്.

കാരണം അവ ശരീരത്തിലെ ഊർജം വർധിപ്പിക്കും. ക്ഷീണം തോന്നാതെ ദിവസം മുഴുവൻ പ്രവർത്തിക്കാൻ സഹായിക്കും.