Health (Page 91)

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴിൽ കൊണ്ടു വരുമെന്നും വീണാ ജോർജ് അറിയിച്ചു. അവയവദാനം ശക്തിപ്പെടുത്തുന്നതിന് വിളിച്ചുകൂട്ടിയ മെഡിക്കൽ കോളേജുകളുടെ യോഗത്തിലാണ് മന്ത്രിയുടെ പരാമർശം.

അവയവദാനം റിപ്പോർട്ട് ചെയ്യുന്നത് മുതൽ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടർ ചികിത്സ എന്നിവയിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടു വരും. ഓരോരുത്തരുടേയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റി ഇത് ഉറപ്പാക്കണം. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടർ ചികിത്സ ഉറപ്പാക്കണം. ഓരോ മെഡിക്കൽ കോളേജും കൃത്യമായ അവലോകന യോഗം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശം നൽകി. ഒരു ടീം തന്നെ അവയവദാന പ്രക്രിയ പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റൊരു ടീമിനെക്കൂടി സജ്ജമാക്കി നിയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പരിശീലനം നേടിയ ആത്മാർത്ഥമായ സംഘത്തെ ഓരോ മെഡിക്കൽ കോളേജും സജ്ജമാക്കണം. ടീംവർക്ക് ഉണ്ടാകണം. കെ സോട്ടോ എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ ഉണ്ടാക്കണം. ആശുപത്രികളിൽ ഒരു ട്രാൻസ്പ്ലാന്റ് ടീമിനെ സജ്ജമാക്കണം. പത്ത് മുതൽ പതിനഞ്ച് വർഷത്തെ പരിചയമുള്ള ഫാക്വൽറ്റികളെ കൂടി അവയവദാന പ്രക്രിയയിൽ പ്രാപ്തമാക്കി കൂടുതൽ ശസ്ത്രക്രിയകൾ നടത്തണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ. സോട്ടോ എക്സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർ, വിവിധ വകുപ്പ് മേധാവികൾ, യൂറോളജി ഫാക്വൽറ്റികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ശരീരത്തിന്റെ വളർച്ചയ്ക്ക് പ്രധാന ഘടകമാണ് തൈറോയ്ഡ് ഗ്രന്ഥി. ഉപാപചയ പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഗ്രന്ഥി നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. അതിനാൽ തൈറോയ്ഡ് പ്രശ്‌നമുള്ളവർ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. തൈറോയ്ഡ് രോഗങ്ങളുള്ളവർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.

മുട്ട

അയോഡിന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. അതിനാൽ തൈറോയ്ഡ് രോഗികൾ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ നല്ലതാണ്.

നെല്ലിക്ക

തൈറോയ്ഡ് രോഗികൾ നിർബന്ധമായും കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ് നെല്ലിക്ക. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യമുള്ളതായി നിലനിർത്താൻ നെല്ലിക്ക സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ സിയും ധാരാളമുണ്ട്.

മത്തങ്ങ വിത്ത്

സിങ്ക് വലിയ രീതിയിൽ അടങ്ങിയിട്ടുള്ള ഒന്നാണ് മത്തങ്ങ വിത്ത്. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും സിങ്ക് വലിയ പങ്ക് വഹിക്കുന്നു.

ചിയ വിത്ത്

ചിയ വിത്ത് വളരെ ആരോഗ്യപ്രദമായ ഒന്നാണ്. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ചിയ വിത്തിൽ അടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് എന്ന കാമ്പയിന്റെ ഭാഗമായി ഒരു വർഷത്തിനകം 30 വയസിന് മുകളിലുള്ള എല്ലാവരുടേയും ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിൽ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നുവെന്നും വീണാ ജോർജ് അറിയിച്ചു.

ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കുന്നു. ഈ പദ്ധതിയ്ക്ക് വൻ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും ഉണ്ടാകുന്നത്. ഇത് പൂർത്തിയാക്കിയ ശേഷം മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. ആദ്യഘട്ടമായി ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകൾ സമ്പൂർണ സ്‌ക്രീനിംഗ് നടത്തി. സ്‌ക്രീനിംഗിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരേയും പഞ്ചായത്തുകളേയും അഭിനന്ദിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

പദ്ധതി ആരംഭിച്ച് 5 ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന വ്യാപകമായി 7 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. ആകെ 7,26,633 പേരെ സ്‌ക്രീനിംഗ് നടത്തിയതിൽ 20.93 ശതമാനം പേർ (1,52,080) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 11.41 ശതമാനം പേർക്ക് (82,943) രക്താതിമർദ്ദവും, 8.9 ശതമാനം പേർക്ക് (64,564) പ്രമേഹവും, 4.09 ശതമാനം പേർക്ക് (29,696) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 8982 പേരെ ക്ഷയരോഗത്തിനും 8614 പേരെ ഗർഭാശയ കാൻസറിനും 47,549 പേരെ സ്തനാർബുദത്തിനും 3006 പേരെ വദനാർബുദത്തിനും സാധ്യതയുള്ളതായി കണ്ടെത്തി സ്ഥിരീകരണത്തിനായി റഫർ ചെയ്തിട്ടുണ്ടെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി.

ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ ചെറുപ്പത്തിൽ തന്നെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഈ സ്‌ക്രീനിംഗ്. ജീവിതശൈലിയിൽ മാറ്റം വരുത്തി വ്യായമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്. സ്‌ക്രീനിംഗിൽ കണ്ടെത്തിയ റിസ്‌ക് ഗ്രൂപ്പിൽപ്പെട്ടവരെയും റഫർ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

ഇവരിൽ ആവശ്യമുള്ളവർക്ക് ചികിത്സയും ഉറപ്പ് വരുത്തും. ഇതിലൂടെ ജീവിതശൈലീ രോഗം വരാൻ സാധ്യതയുള്ളവരെ കണ്ടെത്തി നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാകാനാകും. ജീവിതശൈലീ രോഗങ്ങളും ക്യാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നു. വലിയൊരു ജനവിഭാഗത്തെ ഇത്തരം രോഗങ്ങളിൽ നിന്നും മുക്തരാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ചിലർക്ക് ശരീരഭാരം കൂടുന്നുവെന്നതാണ് പ്രശ്‌നമെങ്കിൽ മറ്റ് ചിലർ നേരിടുന്ന പ്രശനം മെലിഞ്ഞിരിക്കുന്നുവെന്നതാണ്. ഇത്തരക്കാർ ശരീരഭാരം വർധിപ്പിക്കാൻ പലമാർഗങ്ങളും തേടാറുണ്ട്. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഈ മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ.

ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും രാവിലെ രണ്ട് വാഴപ്പഴം കഴിക്കുക. കുറച്ച് കഴിഞ്ഞ് ഒരു ഗ്ലാസ് പാൽ കുടിക്കുക. നിങ്ങളുടെ ഭക്ഷണക്രമം 5 ഭാഗങ്ങളായി വിഭജിക്കുക. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ മധുരമുള്ള പഴങ്ങൾ കഴിക്കുക. ബ്രോക്കോളി, കാബേജ്, ചീര, വഴുതന, മത്തങ്ങ തുടങ്ങിയ പച്ചക്കറികളും കഴിക്കണം. പ്രഭാതഭക്ഷണത്തിൽ, ബ്രെഡിൽ വെണ്ണ കഴിക്കാം. വെണ്ണയ്ക്ക് പുറമെ, നിങ്ങൾക്ക് നിലക്കടലയും വെണ്ണയും ഉപയോഗിക്കാം. സാലഡ് കൂടുതൽ അളവിലും ഉൾപ്പെടുത്തണം. കാത്സ്യം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. കൂടാതെ, കൊഴുപ്പ് കൂടുതലുള്ള പാലും തൈരും ദിവസവും കഴിക്കേണ്ടതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി അധികമായി കണ്ടുവരുന്ന രോഗങ്ങൾ. ഇവയ്‌ക്കെതിരെ വളരെ ശ്രദ്ധ വേണം. മാത്രമല്ല കോവിഡിൽ നിന്നും പൂർണമുക്തരല്ല. ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധതരം വായുജന്യ രോഗങ്ങളേയും പ്രതിരോധിക്കാനും സാധിക്കും. ക്യാമ്പുകൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

എലിപ്പനി

മണ്ണുമായോ മലിന ജലവുമായോ സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കേണ്ടതാണ്. ആരംഭത്തിൽ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

കൊതുകുജന്യ രോഗങ്ങൾ

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻ ഗുനിയ, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളിൽ നിന്നും രക്ഷനേടുവാൻ വീടും പരിസരവും, ക്യാമ്പുകളും വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നിരീക്ഷിച്ച് നശിപ്പിക്കണം.

വായുജന്യ രോഗങ്ങൾ

കോവിഡ്, എച്ച്1 എൻ1, വൈറൽ പനി, ചിക്കൻപോക്‌സ് തുടങ്ങിയ വായുജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാസ്‌ക് ശരിയായവിധം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

ജലജന്യ രോഗങ്ങൾ

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം നൽകുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം എന്നിവയും കൂടുതലായി നൽകുക. വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെള്ളവും കൂടുതലായി നൽകണം. വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമ്മം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

ചർമ്മ രോഗങ്ങൾ

കഴിയുന്നതും ചർമ്മം ഈർപ്പരഹിതമായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തിൽ ഇറങ്ങുന്നവർ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. ത്വക്ക് രോഗങ്ങൾ, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്ക് വൈദ്യസഹായം ഉറപ്പാക്കുക.

മങ്കിപോക്‌സ്

കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ മൂന്നാഴ്ച സ്വയം നീരീക്ഷിക്കുകയും മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യണം.

പാമ്പുകടിയും വൈദ്യുതാഘാതവും

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. വീട് ശുചീകരിക്കാൻ പോകുന്നവർ വൈദ്യുതാഘാതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതിയുമായുള്ള ബന്ധം വേർപെടുത്തിയിട്ട് മാത്രം അറ്റകുറ്റ പണികൾ ചെയ്യുക.

മാനസികാരോഗ്യം വളരെ പ്രധാനം

മാനസികാരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപരമായ സംശയങ്ങൾക്കും സേവനങ്ങൾക്കും ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

പത്തനംതിട്ട: എലിപ്പനിക്കും മറ്റു പകർച്ചവ്യാധികൾക്കുമെതിരേ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു ഓൺലൈനായി ചേർന്ന കോഴഞ്ചേരി താലൂക്ക്തല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് തലത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തണം. ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്യാമ്പ് ഓഫീസർമാർ ഉറപ്പാക്കണം. നദികളിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് നിർത്തിവച്ച പമ്പിംഗ് പുനരാരംഭിക്കുന്നത് വാട്ടർ അതോറിറ്റി പരിശോധിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

ആശുപത്രികളിലും ക്യാമ്പുകളിലും കുടിവെള്ളം ലഭ്യമാകുന്നുവെന്ന് വാട്ടർ അതോറിറ്റി ഉറപ്പാക്കണം. താലൂക്ക്തല ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ലാൻഡ് റവന്യു ഡെപ്യുട്ടി കളക്ടർ ഇക്കാര്യം നിരീക്ഷിക്കണം. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ അധികമായി കിടക്കകൾ സജ്ജമാക്കണം. സിഎച്ച്‌സികളും പിഎച്ച്‌സികളും സജ്ജമായിരിക്കണം. റേഷൻ എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത് കെഎസ്ഇബി ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്തും ജില്ലയിലും റെഡ് അലർട്ട് സാഹചര്യം നിലവിൽ ഇല്ല. നിലവിലെ ഓറഞ്ച് അലർട്ട് മാറാൻ സാധ്യതയുള്ളതിനാൽ ജനങ്ങളും ഉദ്യോഗസ്ഥരും ശ്രദ്ധ കൈ വിടരുത്. നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ വീണ്ടും ശക്തമായി മഴ പെയ്താൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

രുചികരവും പോഷകമൂല്യമേറിയതതുമായ ഭക്ഷണമാണ് പനീർ. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ പനീറിലുണ്ട്. എന്നാൽ, അമിതമായ അളവിൽ പനീർ ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പനീർ ബട്ടർ മസാല, ഷാഹി പനീർ എന്നിവ അമിതമായി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനും ശരീരഭാരം വർദ്ധിക്കാനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനീർ ദഹിക്കാൻ സമയം എടുക്കുന്നതിനാൽ, അസിഡിറ്റി, വയറുവേദന, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം. അതിനാൽ, കുറഞ്ഞ അളവിൽ മാത്രമേ പനീർ കഴിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

പാലിൽ നിന്നാണ് പനീർ നിർമ്മിച്ചിരിക്കുന്നത്, അതിനാൽ അതിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും, എന്നാൽ കാത്സ്യം പരിധിയിൽ കൂടുതൽ കഴിക്കുന്നത് കല്ലുകൾക്ക് കാരണമാകും.

ചിലർ പാകം ചെയ്യാതെ പോലും ഇത് കഴിക്കാറുണ്ട്. എന്നാൽ പാകം ചെയ്യാത്ത പനീർ കഴിക്കുന്നത് കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. വേവിച്ചെടുത്ത പനീർ ദഹിക്കുന്നത് പോലെ വേവിക്കാത്ത പനീർ ദഹിക്കില്ല. അതിനാൽ എല്ലായ്‌പ്പോഴും വേവിച്ചെടുത്ത് മാത്രം കഴിക്കുക. പനീറിൽ മഞ്ഞൾ, ഇഞ്ചി, ഏലയ്ക്ക എന്നിവ ചേർത്ത് വേവിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ദഹനം നടക്കും. എങ്കിലും സ്ഥിരമായും വലിയ അളവിലും പനീർ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.

ഒരു സിറിഞ്ച് ഒരു തവണ മാത്രമെ ഉപയോഗിക്കാൻ പാടുള്ളു. അതല്ലാതെ ഒരു സൂചി ഉപയോഗിച്ച് ഒരുപാട് പേർക്ക് കുത്തിവെയ്ക്കുമ്പോൾ ഒട്ടേറെ അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്. ഒരു സൂചി പലരിൽ ഉപയോഗിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് നോക്കാം.

ഒരു സൂചി പലരിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ ഏറ്റവും അധികം സാധ്യതയുള്ള ഒരു രോഗമാണ് എച്ച്‌ഐവി. ഈ അസുഖബാധിതരായവരെ കുത്തിവെച്ച സിറിഞ്ച് മറ്റുള്ളവരിൽ ഉപയോഗിക്കുമ്പോൾ വൈറസ് അവരുടെ ശരീരത്തിലും എത്തും. അതിനാൽ ഒരാലെ കുത്തിവെക്കാൻ ഉപയോഗിച്ച സൂചി ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്.

ഒന്നിൽ അധികം തവണ ഒരേ സിറിഞ്ച് ഉപയോഗിച്ചാൽ ഹെപ്പറ്റിറ്റീസ് ബി, ഹെപ്പറ്റിറ്റീസ് സി എന്നീ അസുഖങ്ങളും ഉണ്ടാകാനിടയുണ്ട്. ഹെപ്പറ്റിറ്റീസ് ബി വൈറസാണ് ഹെപ്പറ്റിറ്റീസ് ബിക്ക് കാരണമാകുന്നത്. ക്ഷീണം, വിശപ്പില്ലായ്മ, കടുത്ത വയറുവേദന എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഹെപ്പറ്റിറ്റീസ് സി എന്നത് ലിവറിനെ ബാധിക്കുന്ന അസുഖമാണ്. കരളിൽ വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. ഹെപ്പറ്റിറ്റീസ് സി വൈറസ് ആണ് ഇതിന് കാരണം. വിശപ്പില്ലായ്മ, ചർമ്മത്തിൽ അമിതമായി അനുഭവപ്പെടുന്ന ചൊറിച്ചിൽ എന്നിവയെല്ലാം ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്. കണ്ണിലും തൊലിയിലും മഞ്ഞ നിറം പ്രകടമാകുകയും ചെയ്യും.

പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ് റോസ് വാട്ടർ. ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള ഇവ ചർമ്മത്തെ മൃദുലമാക്കുകയും ചുളിവുകൾ നീക്കം ചെയ്യുകയും ചെയ്യും. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, പാടുകൾ, മുറിവുകൾ എന്നിവ ഇല്ലാതാക്കാൻ റോസ് വാട്ടർ ഉപയോഗിക്കുന്നത് നല്ലതാണ്.

ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ റോസ് വാട്ടർ സഹായിക്കും. മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനും റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കുന്നു. ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടർ പ്രയോജനപ്രദമാണ്.

റോസ് വാട്ടറിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചർമ്മകോശങ്ങളെ ശക്തിപ്പെടുത്തും. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ മികച്ചതാണ്. റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം അൽപ്പം പഞ്ഞിയിൽ മുക്കിയെടുത്ത് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വെച്ചാൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറും.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേകം വാർഡുകൾ സജ്ജമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളിൽ അധിക സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകി. എല്ലാ മെഡിക്കൽ കോളേജുകളും പ്രത്യേക യോഗം ചേർന്ന് അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർ അറിയിച്ചിട്ടുണ്ട്. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമായിരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. അനാവശ്യമായി ജീവനക്കാർ ഈ സമയത്ത് ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാർപ്പിക്കണം. മറ്റ് ഗുരുതര രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികളും മരുന്നുകളും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിനും ഉറപ്പ് വരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മലിന ജലവുമായി സമ്പർക്കത്തിൽ വരുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരും ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. ഈ കാലയളവിൽ പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. പ്രഥമശുശ്രൂഷയ്ക്ക് ശേഷം അടിയന്തരമായി വൈദ്യ സഹായം തേടേണ്ടതാണ്. ആശുപത്രികൾ ആന്റിവെനം കരുതിയിരിക്കണം. പകർച്ചവ്യാധി തടയുന്നതിന് കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. ആഹാരം തുറന്ന് വയ്ക്കരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നൽകാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.