Health (Page 210)

ഡല്‍ഹി: 50 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയുടെ (എസ്‌ഐഐ) അഭ്യര്‍ത്ഥന നിരസിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തൊട്ടാകെ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടി എടുത്തത്.

18-44 വയസിനിടയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഈ ഡോസുകള്‍ നീക്കിവയ്ക്കുമെന്നാണ് സൂചനകള്‍. ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്‌സിന്‍ ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും കോവിഡ് വാക്‌സിന്‍ മുന്‍ഗണനാവിഭാഗത്തില്‍. മുന്‍ഗണനാ വിഭാഗത്തില്‍ ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളിലെത്തുന്ന വാര്‍ഡുതല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വോളന്റിയര്‍മാര്‍ തുടങ്ങിയവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച കൊവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് മരിച്ചതോടെ യാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകരെ മുന്നണിപ്പോരാളികളുടെ ഗണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി ഡോസ് വാക്‌സിനില്‍ 3 .5 ലക്ഷം ഡോസ് ഇന്നലെ കൊച്ചിയില്‍ എത്തി.

കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവുമായി കെസിബിസി. രോഗവ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളായ മാസ്ക്ക് ധരിക്കൽ, അകലം പാലിക്കൽ, സാനിറ്റൈസറിംഗ് എന്നിവ ഉറപ്പാക്കണം.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് നിർദ്ദേശാനുസരണം പ്രതിരോധകുത്തിവെപ്പെടുക്കണം എന്നീ നിർദ്ദേശങ്ങളും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. സഭാംഗങ്ങളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണമെന്നും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

high court

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ബില്ലിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കഞ്ഞി നല്‍കാനായി ഒരു ആശുപത്രി 1353 രൂപ ഈടാക്കിയെന്നും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപ വാങ്ങിയെന്നും അന്‍വര്‍ ആശുപത്രിയില്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍, ഡി എം ഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കോടതി പറഞ്ഞു. വില ഏകീകരണം വരുത്തി കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പല നിര്‍ദേശങ്ങളെയും സ്വകാര്യ ആശുപത്രികള്‍ കോടതിയില്‍ എതിര്‍ത്തു. എന്നാല്‍, എം ഇ എസ് ആശുപത്രി, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയില്‍ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാണെന്നും എം ഇ എസ് വ്യക്തമാക്കി.കഴിഞ്ഞ നാളുകളില്‍ വന്ന ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ ലഭിച്ചവരുണ്ടെങ്കില്‍ അതുമായി ഡി എം ഒയെ സമീപിച്ചാല്‍ അതില്‍ നടപടി ഉണ്ടാവണം എന്നും കോടതി കര്‍ശനനിര്‍ദേശം നല്‍കി. പി പി ഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോള്‍, ബെഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.

covid

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം വന്നു. അമിത നിരക്ക് ഈടാക്കുന്നതായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് ഏകീകരിച്ചുക്കൊണ്ട് വിജ്ഞാപനം ഇറക്കിയതായി വ്യക്തമാക്കിയത്. എല്ലാ ചിലവുകളും ഉള്‍പ്പെടെ 2645 രൂപയെ ഈടാക്കാവുവെന്നും ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐ.സി.യുവില്‍ ആണെങ്കില്‍ അഞ്ച് പി.പി.ഇ കിറ്റുകള്‍ വരെ ആകാമെന്നും വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും സി.ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാമെന്നും വിജ്ഞാപനത്തിലുണ്ട്.
അധിക നിരക്ക് ഈടാക്കിയാല്‍ ഡി.എം.ഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാവുന്നതാണ്.അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നും വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം വായിച്ചുകേട്ട ഹൈക്കോടതി ബെഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദനമറിച്ചു.
എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഇക്കാര്യത്തില്‍ പ്രതിഷേധമുയരുന്നുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സബ്‌സിഡിയും നല്‍കുന്നില്ല. സി.ടി സ്‌കാന്‍ അടക്കമുള്ളവയക്ക് 4000-5000 രൂപയാകുമെന്നും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പി.പി.ഇ കിറ്റ് ധരിക്കാന്‍ സാധിക്കില്ലെന്നും . ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവര്‍ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാന്‍ കഴിയില്ലെന്നും, സംസ്ഥാനത്തെ ഓക്‌സിജന്‍ ഉപയോഗം കൂടി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ഈ ഓക്‌സിജന്‍ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നേരത്തെ ഓക്‌സിജന്‍ നല്‍കിയിരുന്നുവെങ്കിലും കരുതല്‍ ശേഖരം തീരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല കേരളത്തിന്റേതെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ വിശദീകരിച്ചിരിക്കുന്നത്.നിലവില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമാണ്. അത് മെയ് പതിനഞ്ചോടെ ആറു ലക്ഷമായി ഉയരാമെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിക്കുന്നു.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതിയെ ദില്ലിയിലെ തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ആശുപത്രിയില്‍ വച്ച് മരിക്കും മുൻപ് ഫോണ്‍ വഴിയാണ് യുവതി എല്ലാ കാര്യങ്ങളും പിതാവിനോട് വെളിപ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും സംയുക്ത് കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ച് പശ്ചിമ ബംഗാളിലേക്ക് പോയവരുമായി അനില്‍ മാലിക്, അനുപ് സിംഗ് ചൗന ത്, അങ്കുര്‍ സാങ്വാന്‍, കോവിറ്റ ആര്യ, ജഗദീഷ് ബ്രാര്‍, യോഗിത സുഹാഗ് എന്നീ ആറ് പേര്‍ക്കെതിരേ 120 ബി, 342, 354, 365, 376 ഡി, 506 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഏപ്രില്‍ 10 നാണ് യുവതി പശ്ചിമ ബംഗാളില്‍ നിന്ന് തിക്രി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് ഒരു സംഘവുമായി കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഏപ്രില്‍ 26 ന് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ജജ്ജര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30 നാണ് അവര്‍ മരിച്ചത് എന്ന് ബഹദൂര്‍ഗഡ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി∙ രാജ്യം പ്രാണവായു കിട്ടാതെ പിടയുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്തു കഴിയുന്നത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യമാകെ ശ്വാസം കിട്ടാതെ പിടിയുമ്പോള്‍, ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ ആരോഗ്യമന്ത്രി മാത്രം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അവസ്ഥ സ്വീകരിക്കുന്നത് സങ്കടകരമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

കോവിഡിനെതിരെ പതഞ്ജലിയുടെ കോറോനില്‍ ഗുളിക പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടെന്ന മാധ്യമറിപ്പോര്‍ട്ടും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘ബജറ്റില്‍ അനുവദിച്ച 35,000 കോടി രൂപ അനുവദിക്കാതെ വാക്‌സീന്‍ ചെലവ് സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തിനാണു ശ്രമിക്കുന്നതെന്നും തരൂര്‍ ചോദിച്ചു.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു തരൂര്‍.ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിന്റെ 25-ാം യോഗത്തില്‍ സംസാരിക്കവെയാണ് ആരോഗ്യമന്ത്രി രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയത്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 180 ജില്ലകളിലും 14 ദിവസത്തില്‍ 18 ജില്ലകളിലും 21 ദിവസത്തിനുള്ളില്‍ 54 ജില്ലകളിലും 28 ദിവസത്തിനുള്ളില്‍ 32 ജില്ലകളിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.ഇതേത്തുടര്‍ന്നാണ് ശശി തരൂര്‍ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

ഭുവനേശ്വര്‍: സിഎംആര്‍എഫില്‍ നിന്നും 60 ലക്ഷം രൂപ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഒഡീഷ മുഖ്യമന്ത്രി ഫണ്ട് അനുവദിച്ചത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയാണ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. കോര്‍പ്പറേഷനില്‍ പ്രതിദിനം 20,000 രൂപ, നഗരസഭകളില്‍ 5000, നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകളില്‍ 2000 രൂപ എന്നിങ്ങനെയാവും ഭക്ഷണത്തിനായി ചെലവഴിക്കുക.സന്നദ്ധ പ്രവര്‍ത്തകരിലൂടെയും സംഘടനകളിലൂടെയുമാകും തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ സംവിധായകന്‍ ഡോ.ബിജു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള വിദ്വേഷം ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ് സംഘടനയുടെ തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നത് ഇന്ന് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള അന്ധമായ വിദ്വേഷം ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ് സംഘടനയുടെ തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

ഡോ.ബിജുവിന്‍റെ കുറിപ്പ് :

ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നത് ഇന്ന് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള അന്ധമായ വിദ്വേഷം ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ് സംഘടനയുടെ തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. അതോടൊപ്പം ശാസ്ത്ര മെഡിസിൻ എന്ന് പരിഷത് വിശേഷിപ്പിക്കുന്ന രംഗത്തെ എല്ലാ വിധ ചൂഷണങ്ങൾക്കും എതിരെ മൗനവും പാലിക്കുക എന്ന ഒന്നാന്തരം കാപട്യമുള്ള ഒരു സംഘടനയായും പരിഷത് മാറിക്കഴിഞ്ഞു. ഈ ശാസ്ത്ര തീവ്രവാദ സംഘടനയുടെ പല നിലപാടുകളും ആരോഗ്യരംഗത്തെ സംയോജിത ചികിത്സാ സാധ്യതകൾക്ക് തുരങ്കം വെയ്ക്കുകയും കേരളത്തിലെ പൊതു ജനാരോഗ്യത്തിനു അപകടകരമാവുകയും ചെയ്യുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. യാതൊരു വിധത്തിലും സർക്കാരിന്റെ ഭാഗം അല്ലാത്ത ഈ സ്വകാര്യ ശാസ്ത്ര തീവ്രവാദ സംഘടന സർക്കാറുകൾ അംഗീകരിച്ച പൊതുജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത ഉള്ള ഇതര വൈദ്യശാസ്ത്രങ്ങൾക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തുകയും ആ വൈദ്യശാസ്ത്രങ്ങൾ ഒക്കെയും അന്ധവിശ്വാസം ആണ് എന്ന മട്ടിൽ അസംബന്ധ പ്രസ്താവനകൾ ഇറക്കുകയും ആണ് ചെയ്യുന്നത്. ഒരു മഹാ മാരിയുടെ കാലത്ത് സർക്കാർ അംഗീകരിച്ച വൈദ്യശാസ്ത്രങ്ങൾ എല്ലാം തന്നെ അവരവർക്ക് സാധ്യമായ രീതിയിൽ പ്രവർത്തിക്കാനുള്ള സാധ്യതകളെ തുരങ്കം വെക്കുകയും അതുവഴി പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം തീവ്രവാദ സംഘടനകളെ തള്ളിക്കളയേണ്ടതുണ്ട്. യാതൊരു വിധത്തിലും സർക്കാരിന്റെ ഭാഗം അല്ലാത്ത ഇത്തരം സംഘടനകൾക്ക് പൊതുജനാരോഗ്യ വിഷയത്തിലും ഇതര വൈദ്യശാസ്ത്രങ്ങളെപ്പറ്റിയും ആധികാരികമായി പറയുവാൻ എന്തു യോഗ്യത ആണുള്ളത്. ശാസ്ത്രവും സാഹിത്യവും ഒക്കെ തങ്ങൾ പറയുന്നത് മാത്രമാണ് എന്നു നിഷ്കർഷിക്കുന്ന അങ്ങനെ ശാഠ്യം പിടിക്കുന്ന, സമാന്തരമായ എല്ലാ അറിവുകളെയും നിഷേധിക്കുന്ന ഏതാനും കുറെ വൈതാളികന്മാരുടെ കൂട്ടമായ ഈ (അ)ശാസ്ത്ര (അ)സാഹിത്യ പരിഷത്തിനെ പരിഷ്‌കൃത സമൂഹത്തിൽ നിന്നും പുറന്തള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….അറിവുകൾ എന്നത് ഏകരൂപം അല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം എങ്കിലും ഉണ്ടാകണം. ഏതു മേഖലയിലും ബഹുസ്വരതയെ ഉൾക്കൊള്ളാനും പരിശോധിക്കാനും മടിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും ആത്യന്തികമായി ഫാസിസ്റ്റ് തീവ്രവാദ സംഘടനകൾ ആയി രൂപാന്തരം പ്രാപിക്കും. ഈ സംഘടനയും ഇപ്പോൾ മറ്റൊന്നല്ല തന്നെ…..