തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ബില്ലിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കഞ്ഞി നല്‍കാനായി ഒരു ആശുപത്രി 1353 രൂപ ഈടാക്കിയെന്നും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപ വാങ്ങിയെന്നും അന്‍വര്‍ ആശുപത്രിയില്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍, ഡി എം ഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കോടതി പറഞ്ഞു. വില ഏകീകരണം വരുത്തി കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പല നിര്‍ദേശങ്ങളെയും സ്വകാര്യ ആശുപത്രികള്‍ കോടതിയില്‍ എതിര്‍ത്തു. എന്നാല്‍, എം ഇ എസ് ആശുപത്രി, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയില്‍ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാണെന്നും എം ഇ എസ് വ്യക്തമാക്കി.കഴിഞ്ഞ നാളുകളില്‍ വന്ന ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ ലഭിച്ചവരുണ്ടെങ്കില്‍ അതുമായി ഡി എം ഒയെ സമീപിച്ചാല്‍ അതില്‍ നടപടി ഉണ്ടാവണം എന്നും കോടതി കര്‍ശനനിര്‍ദേശം നല്‍കി. പി പി ഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോള്‍, ബെഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.
2021-05-10