തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം: സിഎംആര്‍എഫില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍: സിഎംആര്‍എഫില്‍ നിന്നും 60 ലക്ഷം രൂപ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഒഡീഷ മുഖ്യമന്ത്രി ഫണ്ട് അനുവദിച്ചത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയാണ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. കോര്‍പ്പറേഷനില്‍ പ്രതിദിനം 20,000 രൂപ, നഗരസഭകളില്‍ 5000, നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകളില്‍ 2000 രൂപ എന്നിങ്ങനെയാവും ഭക്ഷണത്തിനായി ചെലവഴിക്കുക.സന്നദ്ധ പ്രവര്‍ത്തകരിലൂടെയും സംഘടനകളിലൂടെയുമാകും തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.