ന്യൂഡല്‍ഹി∙ രാജ്യം പ്രാണവായു കിട്ടാതെ പിടയുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്തു കഴിയുന്നത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യമാകെ ശ്വാസം കിട്ടാതെ പിടിയുമ്പോള്‍, ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ ആരോഗ്യമന്ത്രി മാത്രം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അവസ്ഥ സ്വീകരിക്കുന്നത് സങ്കടകരമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
കോവിഡിനെതിരെ പതഞ്ജലിയുടെ കോറോനില്‍ ഗുളിക പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടെന്ന മാധ്യമറിപ്പോര്‍ട്ടും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘ബജറ്റില്‍ അനുവദിച്ച 35,000 കോടി രൂപ അനുവദിക്കാതെ വാക്‌സീന്‍ ചെലവ് സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തിനാണു ശ്രമിക്കുന്നതെന്നും തരൂര്‍ ചോദിച്ചു.
കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു തരൂര്‍.ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിന്റെ 25-ാം യോഗത്തില്‍ സംസാരിക്കവെയാണ് ആരോഗ്യമന്ത്രി രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയത്.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 180 ജില്ലകളിലും 14 ദിവസത്തില്‍ 18 ജില്ലകളിലും 21 ദിവസത്തിനുള്ളില്‍ 54 ജില്ലകളിലും 28 ദിവസത്തിനുള്ളില്‍ 32 ജില്ലകളിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.ഇതേത്തുടര്‍ന്നാണ് ശശി തരൂര്‍ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

