തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാന്‍ കഴിയില്ലെന്നും, സംസ്ഥാനത്തെ ഓക്‌സിജന്‍ ഉപയോഗം കൂടി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ഈ ഓക്‌സിജന്‍ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നേരത്തെ ഓക്‌സിജന്‍ നല്‍കിയിരുന്നുവെങ്കിലും കരുതല്‍ ശേഖരം തീരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല കേരളത്തിന്റേതെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ വിശദീകരിച്ചിരിക്കുന്നത്.നിലവില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമാണ്. അത് മെയ് പതിനഞ്ചോടെ ആറു ലക്ഷമായി ഉയരാമെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിക്കുന്നു.
2021-05-10