Health (Page 209)

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവാക്‌സിന്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കി. രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടക്കുക.സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് (സിഡിഎസ്സിഒ) അനുമതി നല്‍കിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. എയിംസ് ഡല്‍ഹി, എയിംസ് പാട്‌ന, നാഗ്പുര്‍ മെഡിട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ വരുന്ന മൂന്നാംതരംഗം കുട്ടികളെയാകും സാരമായി ബാധിക്കുകയെന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ക്ക് വേഗത വര്‍ധിപ്പിച്ചത്. രണ്ടോ, മൂന്നോ മാസത്തിനകം പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സൂചന.

കൊല്ലം : ബിബിവി 154 എന്ന പേരില്‍ പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന് എത്തുന്നു. മൂക്കില്‍ അടിക്കാവുന്ന ഇന്‍ട്രാ നേസല്‍ വാക്‌സീനാണ് ഇത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണു നേസല്‍ വാക്‌സീനു പിന്നില്‍.വൈറസിനെ മൂക്കിലും തൊണ്ടയിലും വച്ചു തന്നെ നിര്‍വീര്യമാക്കുകയോ അതിനെതിരെ പ്രതിരോധം തീര്‍ക്കുകയോ ആണ് നേസല്‍ വാക്‌സീന്‍ ചെയ്യുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ 14 ദിവസം വരെ പ്രയോജനം ലഭിക്കും. നിലവിലെ വാക്‌സീനുകള്‍ ഒരു സിറിഞ്ച് ഉപയോഗിച്ചാണ് നല്‍കുന്നത്. ഇന്ത്യയെപ്പോലെ ജനസംഖ്യ ഏറെയായ രാജ്യത്തിന് മുഴുവന്‍ ജനത്തെയും ഇത്തരത്തില്‍ വാക്‌സീന്‍ കുത്തിവയ്ക്കാന്‍ കുറഞ്ഞത് 260 കോടി സിറിഞ്ച് ആവശ്യമാണ്. ഇതിനായി ഉണ്ടാകുന്ന ചെലവു കണക്കാക്കുമ്പോള്‍ നേസല്‍ വാക്‌സീന്‍ നല്‍കുന്ന ഗുണഫലം അത്രയേറെ വലുതാണ്. എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാല്‍, ക്ലിനിക്കല്‍ ട്രയല്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും, ഓഗസ്റ്റില്‍ ഇത് വിപണിയില്‍ ലഭ്യമാകും.നമ്മിലേക്കു കോവിഡ് പകരില്ലെന്നു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരിലേക്കു രോഗം പകരാതിരിക്കാനും നേസല്‍ സ്‌പ്രേ സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 277 കോവിഡ് വാക്‌സീനുകളാണു പരീക്ഷണ ഘട്ടത്തിലിരിക്കുന്നത്. ഇതില്‍ 93 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നു. ഇതില്‍ രണ്ടെണ്ണം കോവിഡ് പ്രതിരോധ ഗുളികളാണ്.

കാസര്‍കോട്: കൊവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കണമെന്ന ആവശ്യം കാസര്‍കോട്ട് ശക്തമാകുന്നു. ജില്ലയിലെ പല പോലീസ് സ്‌റ്റേഷനുകളിലും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണിപ്പോള്‍. ഇത് പോലീസുകാരില്‍ ആശങ്ക പരത്തുകയാണ്. അതിനിടേ ജോലിഭാരവും വര്‍ധിക്കുന്നു. പലര്‍ക്കും ലീവ് പോലും ലഭിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്നു ജില്ലയിലെ ദേശീയ, സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലുമായി നൂറോളം കേന്ദ്രങ്ങളിലാണു പോലീസ് പരിശോധന നടത്തുന്നത്.

രാപകല്‍ വ്യത്യാസമില്ലാതെയാണു പോലീസുകാരെ ഇവിടെ വാഹനപരിശോധന ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ രാവിലെ ഏഴരക്ക് തുടങ്ങിയ ഡ്യൂട്ടി വൈകിട്ട് ഏഴിനു അവസാനിക്കുന്നുവെങ്കിലും ചില പോലീസ് സ്റ്റേഷനുകളില്‍ ജീവനക്കാരുടെ കുറവുള്ളതിനാല്‍ പലപ്പോഴും അവധി പോലുമില്ലാത്തെയാണ് കൊവിഡ് ഡ്യൂട്ടി ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു.കഴിഞ്ഞവര്‍ഷം ഏഴുദിവസം തുടര്‍ച്ചയായി ജോലിചെയ്തവര്‍ക്ക് ഏഴുദിവസം അവധി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ പരാതി കാരണം അത് ഒഴിവാക്കുകയായിരുന്നു.

വാഹന പരിശോധന നടത്തുന്നതിനു പുറമേ ക്വാറന്‍റൈന്‍ ലംഘനം, കൊവിഡ് ബാധിതര്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കുന്നത് അടക്കമുള്ളവയാണു പൊലീസുകാര്‍ക്കു നല്‍കിയിട്ടുള്ളത്. അതേസമയം അനാവശ്യമായ പുറത്തിറങ്ങുന്നത് ശക്തമായി നിയന്ത്രിച്ചാല്‍ കൊവിഡ് വ്യാപനം ഒരു പരിധിവരെ എങ്കിലും കുറയുമെന്ന കണക്കുക്കൂട്ടലുകളാണ് പൊലീസിനുള്ളത്. എന്നാല്‍ മുഴുവന്‍ പോലീസുകാര്‍ക്കും ഡ്യൂട്ടി നല്‍കിയാല്‍ ഇതില്‍ ചിലര്‍ പോസിറ്റീവ് ആകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ പോസിറ്റീവായ ഇവരോടൊപ്പം ആ ദിവസങ്ങളില്‍ ജോലി ചെയ്ത മറ്റു പൊലീസുകാര്‍കൂടി നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ എണ്ണം കുറയുന്നതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യും.

നിലവില്‍ തന്നെ മിക്ക പോലീസ് സ്‌റ്റേഷനുകളിലും അഞ്ചോളം പേര്‍ക്ക് രോഗമുണ്ട്. വിശ്രമമില്ലാതെയാണ് മിക്കയിടങ്ങളിലും വാഹന പരിശോധന നടത്തേണ്ടിവരുന്നത്. ഓടുന്ന വാഹനങ്ങളില്‍ ഏറെയും അനാവശ്യ യാത്രകളായതിനാല്‍ ഓരോവാഹനത്തെയും നിര്‍ത്തി പരിശോധിക്കേണ്ടിവരികയാണ്. ചെക്കിങ് പോയിന്‍റുകള്‍ വര്‍ധിപ്പിച്ചതിനാല്‍ മിക്ക പോലീസുകാരെയും വാഹന പരിശോധനക്ക് നിയോഗിക്കുകയാണ്. അതിനാല്‍ മുന്‍കാലങ്ങളില്‍ നടത്തിയതു പോലെയുള്ള ഡ്യൂട്ടി സമയ ക്രമീകരണം നടത്തണമെന്നാണു പോലീസുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം പകുതിപ്പേരെ മാത്രം ഡ്യൂട്ടിക്കെത്തിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. ഇത് ജോലിഭാരം ഇരട്ടിയാക്കുമെന്ന ആശങ്കയും പോലീസുകാരിലുണ്ട്.

ബെയ്ജിങ് : കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി ചൈന. നേപ്പാളില്‍ നിന്ന് എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ‘കോവിഡ് അതിര്‍ത്തി’ വരയ്ക്കാനൊരുങ്ങുകയാണ് ചൈന.നേപ്പാള്‍ ഭാഗത്തുനിന്നുള്ള എവറസ്റ്റ് ബേസ് ക്യാംപില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ കോവിഡ് ഭീതി പടര്‍ന്നിരുന്നു. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് എവറസ്റ്റിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ടിബറ്റന്‍ പര്‍വതാരോഹണ ഗൈഡുകളുടെ ഒരു സംഘം കൊടുമുടിയില്‍ അതിര്‍ത്തി രേഖ സ്ഥാപിക്കുമെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സി അറിയിച്ചു. എന്നാല്‍ എങ്ങനെയാണ് അതിര്‍ത്തി രേഖ സ്ഥാപിക്കുകയെന്നും എന്തുകൊണ്ടാണ് നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.21 ചൈനീസ് പൗരന്മാരുടെ ഒരു സംഘം ടിബറ്റന്‍ ഭാഗത്തുള്ള കൊടുമുടിയിലേക്കുള്ള യാത്രയിലാണെന്നു സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പുറത്തുനിന്ന് വരുന്നവരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തര രോഗവ്യാപനത്തിന് ചൈന തടയിട്ടിരുന്നു.

പനാജി: സർക്കാറിന്​ കീഴിലെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്​ച പുലർച്ചെ 26 കോവിഡ് രോഗികൾ മരിച്ചു. സംഭവത്തി​െൻറ വ്യക്​തമായ കാരണം കണ്ടെത്താൻ ഹൈകോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന്​ സംസ്​ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലർച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങൾ ഉണ്ടായത്​.അതേസമയം, സംസ്​ഥാനത്ത്​ ഒാക്​സിജൻ ക്ഷാമമില്ലെന്നും കോവിഡ്​ വാർഡുകളിലേക്ക്​ മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന്​ കാരണമായതെന്നും മെഡിക്കൽ കോളജ്​ ആശുപത്രി സന്ദർശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

എന്നാൽ, തിങ്കളാഴ്ച വരെ ആശുപത്രിയിൽ മെഡിക്കൽ ഓക്സിജ​െൻറ ക്ഷാമമുണ്ടായിരുന്നുവെന്ന്​ ആരോഗ്യമന്ത്രി റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഈ മരണങ്ങളുടെ കാരണങ്ങൾ ഹൈകോടതി അന്വേഷിക്കണം. ഇവിടേക്ക്​ ഓക്സിജൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഹൈകോടതി ഇടപെട്ട് ഒരു ധവളപത്രം തയാറാക്കണം. ഇത് കാര്യങ്ങൾ ശരിയാകാൻ സഹായിക്കും’ ^ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 1,200 ഒാക്​സിജൻ സിലിണ്ടറുകൾ ആവശ്യമുള്ളയിടത്ത്​ 400 എണ്ണം മാത്രമാണ് ലഭിച്ചത്​. മെഡിക്കൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടെങ്കിൽ, അത്​ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ച നടത്തണം.

ഗോവ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ കോവിഡ് ചികിത്സയുടെ മേൽനോട്ടത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച നോഡൽ ഓഫിസർമാരുടെ മൂന്നംഗ സംഘം പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരങ്ങൾ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംഭവശേഷം മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തുകയും രോഗികളെയും ബന്ധുക്കളെയും സന്ദർശിക്കുകയും ചെയ്തു. ഈ വാർഡുകളിൽ ഓക്സിജ​െൻറ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ ഓക്സിജ​െൻറ സുഗമമായ വിതരണം ഉറപ്പാക്കാൻ വാർഡ് തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘രോഗികളെ ചികിത്സിക്കുന്ന തിരക്കിലായ ഡോക്ടർമാർക്ക് ഓക്സിജ​െൻറ കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ സമയം ചെലവഴിക്കാൻ കഴിയില്ല. കൃത്യസമയത്ത് രോഗികൾക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തിരിച്ചുള്ള സംവിധാനങ്ങൾ രൂപീകരിക്കാൻ ഉടൻ യോഗം ചേരും. മെഡിക്കൽ ഓക്സിജ​െൻറയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ല. എന്നാൽ, ചില സമയങ്ങളിൽ ഈ സിലിണ്ടറുകൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താത്തതാണ്​ പ്രശ്​നത്തിന്​ കാരണം’ ^മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികൾക്ക് ദീൻ ദയാൽ സ്വസ്ത സേവ യോജന പദ്ധതിപ്രകാരമുള്ള ചികിത്സ ആനുകൂല്യം നിരസിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്ന് സാവന്ത് മുന്നറിയിപ്പ് നൽകി. അടുത്ത 15 ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് പത്തിലെ കണക്കുപ്രകാരം ഗോവയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,21,650 ആണ്. തിങ്കളാഴ്​ച 50 പേർ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 1,729 ആയി ഉയർന്നു.

ജനീവ: കോവിഡ് വാക്‌സിന്‍ ലഭിക്കാതെ ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം. കോവിഡ് രണ്ടാംതരംഗം വ്യാപനത്തിനിടയിലാണ് ലോകാരോഗ്യസംഘടന കണക്കുകള്‍ പുറത്ത് വിട്ടത്. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വകഭേദങ്ങള്‍ക്കും ഭാവിയിലെ അത്യാഹിതങ്ങള്‍ക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്ന് വാക്‌സിന് ലഭ്യതയിലെ അസമത്വം എടുത്തുകാണിച്ചുകൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കാണുന്നതായി കേന്ദ്രം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന, ജാര്‍ഖണ്ഡ്, ലഡാക്ക്, ദാമന്‍ അന്‍ഡ് ദീയു, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാണ, ഛത്തീസ്ഗഢ്, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലും പ്രതിദിന കേസുകകള്‍ തുടര്‍ച്ചയായി കുറയുകയാണ്.

കര്‍ണാടക, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കശ്മീര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ വര്‍ധനയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കൊവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ദല്‍ഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി രൂപയാണ് ബച്ചന്‍ വാഗ്ദാനം ചെയ്തത്.കഴിഞ്ഞ ദിവസം എഴുതിയ ബ്ലോഗിലാണ് ബച്ചന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് എന്തു ചെയ്തു എന്ന് സ്ഥിരം ചോദ്യംചെയ്യലും വിമര്‍ശനവുമൊക്കെ നേരിടാറുണ്ടെങ്കിലും ചെയ്യുന്ന സഹായങ്ങളൊന്നും പരസ്യമാക്കരുതെന്നായിരുന്നു തന്റെയും കുടുംബത്തിന്റെയും തീരുമാനമെന്ന് അദ്ദേഹം പറയുന്നു.

‘ലഭിക്കുന്ന ആള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നതായിരുന്നു ഞങ്ങളുടെ നിലപാട്’. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്ന തുടര്‍ വിമര്‍ശനങ്ങള്‍ക്കു ശേഷമാണ് സഹായധനം നല്‍കിയ കാര്യം ബച്ചന്‍ വെളിപ്പെടുത്തിയത്.ഇതു കൂടാതെ ചെയ്ത മറ്റു സഹായങ്ങളെക്കുറിച്ചും ബ്ലോഗില്‍ പറയുന്നുണ്ട്. ‘ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ 1500ലധികം കര്‍ഷകരെ ആത്മഹത്യാമുനമ്പില്‍ നിന്നും രക്ഷിക്കാനായി.

അവരുടെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ത്തുകൊണ്ടായിരുന്നു ഇത്. യുപിയില്‍ നിന്നുള്ള കര്‍ഷകരെ ഈ ആവശ്യത്തിനായി മുംബൈയിലേക്ക് എത്തിക്കാന്‍ ട്രെയിനില്‍ ഒരു ബോഗി തന്നെ ബുക്ക് ചെയ്തിരുന്നു. പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് കാലത്ത് നാല് ലക്ഷത്തിലേറെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ഒരു മാസം ഭക്ഷണം നല്‍കാനായി. കൊവിഡ് പോരാളികള്‍ക്ക് ആയിരക്കണക്കിന് മാസ്‌കുകളും പിപിഇ കിറ്റുകളും നല്‍കാനായി.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ദില്ലിയിലെ സിഖ് സമൂഹത്തിന് ഒരു നല്ല തുക സംഭാവന നല്‍കാനും കഴിഞ്ഞു. മുംബൈയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പോയ നൂറുകണക്കായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പാദരക്ഷകള്‍, ബിഹാറിലേക്കും യുപിയിലേക്കും പോയവര്‍ക്കായി മുപ്പത് ബസ്സുകള്‍, 2800 യുപി സ്വദേശികളായ തൊഴിലാളികള്‍ക്ക് മുംബൈയില്‍ നിന്ന് പോകാനായി സ്വന്തം ചിലവില്‍ ഒരു മുഴുവന്‍ ട്രെയിന്‍ തന്നെ ബുക്ക് ചെയ്തിരുന്നു. പക്ഷേ ഉത്തര്‍പ്രദേശ് ട്രെയിനിന് അനുമതി നിഷേധിച്ചപ്പോള്‍ ഇന്‍ഡിഗോയുടെ മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യേണ്ടതായി വന്നു. യുപി, ബിഹാര്‍, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലേക്ക് 180 തൊഴിലാളികളെ എത്തിച്ചു’, അമിതാഭ് ബച്ചന്‍ കുറിച്ചു.

ration

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നു. 17 പേരാണ് രണ്ടാംതരംഗത്തില്‍ മരിച്ചത്. റേഷന്‍ വ്യാപാരികള്‍ക്കും, സെയില്‍സ്മാന്മാര്‍ക്കും വാക്‌സീന്‍ മുന്‍ഗണന നല്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് പേര്‍ വീതവും കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്.വയനാട്, ആലപ്പുഴ, കാസര്‍ക്കോട് ജില്ലകളില്‍ ഒരാള്‍ വീതവും കൊവിഡ് ബാധിച്ച് മരിച്ചു. പതിനാലായിരത്തിലധികം റേഷന് കടകളാണ് കേരളത്തിലുള്ളത്. ഓരോ മാസവും ചുരുങ്ങിയത് രണ്ട് കോടി ആളുകളുമായാണ് റേഷന്‍ വ്യാപാരികളുടെ സമ്പര്‍ക്കം.

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്.കേരളത്തില്‍ ഉത്‌പാദിപ്പിക്കുന്ന ഓക്‌സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം.

കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്നും ശൈലജ വ്യക്തമാക്കി.കാസര്‍കോട്ടെ ഓക്‌സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്.എന്നാല്‍ ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുണ്ട്. കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവയ്‌ക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്.

എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഐ സി യു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇത് മറികടക്കാന്‍ കൂടുതല്‍ ഐ സി യു കിടക്കകള്‍ പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചിതല്ലെന്ന് പറയാന്‍ കഴിയില്ലെന്നും ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.