ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതിയെ ദില്ലിയിലെ തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ആശുപത്രിയില്‍ വച്ച് മരിക്കും മുൻപ് ഫോണ്‍ വഴിയാണ് യുവതി എല്ലാ കാര്യങ്ങളും പിതാവിനോട് വെളിപ്പെടുത്തിയത്.
ഇതേത്തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും സംയുക്ത് കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ച് പശ്ചിമ ബംഗാളിലേക്ക് പോയവരുമായി അനില്‍ മാലിക്, അനുപ് സിംഗ് ചൗന ത്, അങ്കുര്‍ സാങ്വാന്‍, കോവിറ്റ ആര്യ, ജഗദീഷ് ബ്രാര്‍, യോഗിത സുഹാഗ് എന്നീ ആറ് പേര്‍ക്കെതിരേ 120 ബി, 342, 354, 365, 376 ഡി, 506 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഏപ്രില്‍ 10 നാണ് യുവതി പശ്ചിമ ബംഗാളില്‍ നിന്ന് തിക്രി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് ഒരു സംഘവുമായി കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഏപ്രില്‍ 26 ന് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ജജ്ജര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30 നാണ് അവര്‍ മരിച്ചത് എന്ന് ബഹദൂര്‍ഗഡ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു.