Health (Page 191)

covid

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 1,76,780 ഡോസ് കോവീഷീൽഡ് വാക്സിനും 50,000 കോവാക്സിനുമാണ് സംസ്ഥാനത്തിന് ലഭ്യമായത്. കോവാക്സിൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനുമാണ് അനുവദിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

900 കോൾഡ് ബോക്സുകളും സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 240 കോൾഡ് ബോക്സുകൾ വീതം എത്തിയിട്ടുണ്ട്. വാക്സിൻ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്നതാണ് കോൾഡ് ബോക്സ്. താപനഷ്ടം പരമാവധി കുറയ്ക്കും വിധം പ്രത്യേക പോളിമറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഏറെ നേരം വൈദ്യുതി തടസപ്പെടുകയോ ഐസ് ലൈൻഡ് റഫ്രിജറേറ്ററുകൾ കേടാകുകയോ ചെയ്യുന്ന അവസരങ്ങളിൽ വാക്സിനുകൾ സൂക്ഷിക്കാനാണ് കോൾഡ് ബോക്സുകൾ ഉപയോഗിക്കുന്നത്.

കൂടാതെ ജില്ലാ റീജിയണൽ വാക്സിൻ സ്റ്റോറുകളിൽ നിന്ന് വാക്സിൻ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. 5 ലിറ്ററിന്റേയും 20 ലിറ്ററിന്റേയും കോൾഡ് ബോക്സുകളുമാണുള്ളത്. 20 ലിറ്ററിന്റെ കോൾഡ് ബോക്സുകളാണ് സംസ്ഥാനത്തിന് ലഭിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

vaccine

ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധയുണ്ടായാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ.

ഹൈദരാബാദ് ആസ്ഥാനമായ 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറലിന് സമർപ്പിച്ച റിപ്പോർട്ട് ഡിസിജിഐ അംഗീകരിച്ചു. വിശദമായ പഠനങ്ങൾക്ക് ശേഷം വിദഗ്ധ സമിതി യോഗത്തിലാണ് ഡിജിസിഐ റിപ്പോർട്ടിന് അംഗീകാരം നൽകിയത്. മൂന്നാം ഘട്ട പരീക്ഷണ ഫലം ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാൻ ഭാരത് ബയോടെക്കിന് കഴിയും.

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനായി ലോകാരോഗ്യ സംഘടന ജൂൺ 23 ന് പ്രീ-സബ്മിഷൻ യോഗം നിശ്ചയിച്ചിരിക്കുകയാണ്. വാക്‌സിനുമായി ബന്ധപ്പെട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രീ-സബ്മിഷൻ യോഗം. ലോകാരോഗ്യ സംഘടന കോവാക്‌സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് നേരത്തെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: ഫൈസർ വാക്‌സിന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സിഇഒ ആൽബർട്ട് ബോർളലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്എ-ഇന്ത്യ ചേംബർ ഓഫ് കോമേഴ്സ് വാർഷിക ഉച്ചക്കോടിയിൽ സംസാരിക്കവെയാണ് ആൽബർട്ട് ബോർല ഇക്കാര്യം അറിയിച്ചത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കനത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഫൈസർ 200 കോടി വാക്‌സിൻ നൽകും. ഇതിൽ 100 കോടി ഈ വർഷം തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഫൈസറിന് ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടൻ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഫൈസർ, മൊഡേണ വാക്സിനുകൾ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയ്ക്ക് കരുത്ത പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിരവധി ജീവൻരക്ഷാ ഉപകരണങ്ങൾ ഫൈസർ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ഉടൻ നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകി കോളേജുകൾ തുറക്കുന്നതിനുള്ള സാഹചര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 18 മുതൽ 21 വരെയുള്ളവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ പൂർത്തിയായിട്ടുണ്ട്. ജൂലായ് ഒന്നു മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കുന്നത്.

കുട്ടികളുടെ വാക്‌സിൻ ഏതാനും മാസങ്ങൾക്കകം ലഭ്യമായിത്തുടങ്ങും റിപ്പോർട്ടുകളെന്നും അവ ലഭ്യമാകുന്നതിന് അനുസരിച്ച് കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്‌കൂളുകളുടെ കാര്യത്തിൽ അദ്ധ്യാപകരുടെ വാക്‌സിനേഷന് മുൻഗണന നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്യാത്തവരെ കണ്ടെത്തി രജിസ്‌ട്രേഷൻ നടത്തി വരികയാണെന്നും വാക്‌സിൻ വിതരണത്തിന് ആവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

covid

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലെ മാറ്റങ്ങളെ തുടര്‍ന്ന് 24 മണിക്കൂറിനിടെ വാക്സിന്‍ നല്‍കിയത് 86 ലക്ഷത്തില്‍ അധികം പേര്‍ക്ക്. 86,16,373 വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെയ്തത്. പ്രതിദിന വാക്‌സിന്‍ വിതരണത്തിലെ ഉയര്‍ന്ന കണക്കാണിത്.
കൊറോണയെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വാക്സിന്‍. വാക്സിനെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കൊറോണയുടെ മുന്‍നിര പ്രവര്‍ത്തകരേയും അനുമോദിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.

ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സീന്‍ ഡോസുകള്‍ വിതരണം ചെയ്തത് മദ്ധ്യപ്രദേശിലാണ് 16,01,548 ഡോസുകള്‍. ഉത്തര്‍പ്രദേശ് 6,74,546, രാജസ്ഥാന്‍ 4,30,439, മഹാരാഷ്ട്ര 3,78,945, ബംഗാള്‍3,17,991 എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന കണക്കുകള്‍.അടുത്തമാസം രാജ്യത്തെ വാക്സീന്‍ ഉല്‍പാദനം 13.5 കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്സീന്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. കടപ്രയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിലെ നാല് വയസുള്ള ആൺകുട്ടിയിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

മെയ് മാസം 24 നാണ് കുട്ടിയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് നടത്തിയ ചികിത്സയിൽ കുട്ടിയുടെ പരിശോധാനാ ഫലം നെഗറ്റീവായി. കുട്ടിയുടെ സ്രവം ജനിതക പഠനത്തിന് വിധേയമാക്കിയതോടെയാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഡൽഹിയിലെ സിഎസ്ഐആർ – ഐജിഐബി (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി)യിൽ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്.

vaccine

ന്യൂഡല്‍ഹി: രാജ്യത്ത് പുതുക്കിയ വാക്സിന്‍ നയം ഇന്നു മുതല്‍. വാക്സിന്റെ സംഭരണവും വിതരണവും പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടായിരിക്കും ഇനി പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി ഇനിമുതല്‍ 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സൗജന്യമായിരിക്കും.

ഇന്ത്യയിലെ വാക്സിനൊപ്പം വിദേശവാക്സിനുകളും എത്തിയ സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും വാക്സിനെത്തുക എന്നത് പ്രധാനകാര്യമാണ്. കേന്ദ്രീകൃത സമ്പ്രദായത്തിലൂടെ മാത്രമേ വിലനിയന്ത്രിക്കാനും വിതരണത്തിലെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനാകു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള സഹായം കൊവിഡ് മൂലം മരിക്കുന്നവര്‍ക്ക് ഈ ധന സഹായത്തിന് അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിഷയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും 183 പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. നഷ്ട പരിഹാരം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാരുകള്‍ക്കുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി നാളെ പരിഗണിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചത്.

നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുമെന്ന് വീണാ ജോർജ് പറഞ്ഞു. കോവാക്സിൻ എത്തുന്നത് കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് ഇതുവരെ 1,21,75,020 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങി. 97,90,330 ഡോസ് കോവിഷീൽഡ് വാക്സിനും 10,42,150 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,08,32,480 ഡോസ് വാക്സിൻ കേന്ദ്രം നൽകിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ സംസ്ഥാനത്തെത്തി. കൊച്ചിയിലാണ് റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് വാക്സിൻ എത്തിയത്. നെട്ടൂരുള്ള വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലാണ് സ്പുട്‌നിക് വാക്‌സിൻ ലഭ്യമാവുക. ഇന്ത്യയിൽ സ്പുട്നിക് വാക്‌സിൻ നിർമിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ലേക്‌ഷോർ ആശുപത്രി അധികൃതർ കരാർ ഒപ്പുവച്ചു.

ഏറ്റവും വേഗത്തിൽ എല്ലാവർക്കും കോവിഡ് വാക്‌സിൻ എത്തിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ആശുപത്രിയിൽ സ്പുട്‌നിക് വാക്‌സിൻ ലഭ്യമാക്കുന്നതെന്ന് സിഇഒ എസ്.കെ.അബ്ദുല്ല വ്യക്തമാക്കി.

ഏപ്രിൽ 13നാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് സ്പുട്‌നിക് വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയത്. മികച്ച പ്രതിരോധശേഷി വാഗ്ദാനം നൽകുന്ന വാക്‌സിനുകളിലൊന്നാണ് സ്പുട്‌നിക്. 97 ശതമാനം വരെ സുരക്ഷ നൽകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.