Health (Page 190)

ന്യൂഡൽഹി: ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ ചെറുക്കാൻ വാക്‌സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ അറിയിച്ചു. ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാമെന്ന മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്‌സിൻ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. സെപ്തംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് ഇതുവരെ ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് വലിയ തോതിൽ വാക്സിൻ നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വിശദമാക്കി.

ന്യൂഡൽഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിൽ ഡെൽറ്റാ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 48 കേസുകളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നിവിടങ്ങളിലാണ് ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡെൽറ്റാ പ്ലസ് കോവിഡ് വകഭേദത്തിന്റെ വ്യാപനം പ്രതിരോധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. കോവിഡ് വൈറസിന്റെ വകഭേദമാണ് ഡെൽറ്റാ പ്ലസ്. പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമേ വൈറസിന്റെ രൂക്ഷതയെക്കുറിച്ച് സംസാരിക്കാൻ കഴിയൂവെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം ഡെൽറ്റാ പ്ലസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗവ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്ന് നൽകിയ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡല്‍ഹി: മൂന്നാംഘട്ട വ്യാപനത്തെ ശക്തമായി പ്രതിരോധിക്കാന്‍ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 20,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കാന്‍ പോകുന്നത്.
കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വരുന്നയിടങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ വികസനം, ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, മെഡിക്കല്‍ സൗകര്യങ്ങളും മരുന്നുകളും ആവശ്യത്തിന് എത്തിക്കുക, കൂടുതല്‍ ലബോറട്ടറികളും ടെസ്റ്റിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുക എന്നിവയൊക്കെ പാക്കേജിലൂടെ തയ്യാറാക്കും.

രാജ്യത്ത് മൂന്നാംഘട്ട വ്യാപനം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഡെല്‍റ്റാ പ്‌ളസ് കൊവിഡ് വകഭേദം കണ്ടെത്തിയതുമാണ് ശക്തമായ പ്രതിരോധ മാര്‍ഗത്തിലേക്ക് കേന്ദ്ര സര്‍ക്കാരിനെ ചിന്തിപ്പിച്ചത്.

ബഹ്‌റൈൻ: ചൈനയ്ക്ക് തിരിച്ചടി. ചൈനയുടെ കോവിഡ് പ്രതിരോധ വാക്സിനുകൾ വാങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നതായി പരാതി. ജനസംഖ്യയുടെ 50 മുതൽ 68 ശതമാനം വരെ ആളുകൾക്ക് വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയ പല രാജ്യങ്ങളിലും കോവിഡ് അതിവേഗത്തിൽ പടർന്നു പിടിക്കുകയാണെന്നാണ് വിവരം.

മംഗോളിയ, ചിലി, സീഷെൽസ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനം വർധിച്ചിരിക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തിയില്ലായ്മയാണ് രോഗവ്യാപനം വർധിക്കുന്നതിന് ഇടയാക്കുന്നതെന്നാണ് ഉയരുന്ന പരാതി. യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ചൈനയുടെ കോവിഡ് വാക്‌സിനായ സീനോഫാം അംഗീകരിച്ചത്. ഇപ്പോൾ മദ്ധ്യേഷ്യയിൽ ഏറ്റവും അധികം രോഗം സ്ഥിരീകരിക്കുന്നത് ഈ രണ്ട് രാജ്യങ്ങളിലാണ്.

കൊവിഡ് നിയന്ത്രണങ്ങളെ പാടേ ഉപേക്ഷിക്കുന്നതാണ് രോഗ വ്യാപനം വർധിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ഫൈസർ വാക്സിൻ വിതരണം ചെയ്ത ഇസ്രയേലാണ് ലോകത്തിൽ വാക്സിൻ നിരക്കിൽ രണ്ടാമതുള്ളത്. ഇവിടെ പത്ത് ലക്ഷം പേരിൽ 4.95 ആണ് രോഗ നിരക്ക്. സീനോഫാം വിതരണ ചെയ്ത സീഷെൽസിൽ രോഗ നിരക്ക് 716 ആണ്. ചൈനയും അവരുടെ വാക്സിൻ ലഭിച്ച 90 രാജ്യങ്ങളും ഭാഗികമായി മാത്രം പ്രതിരോധശേഷി നേടിയതാണ്. ലോകശക്തിയാകാൻ ഒരവസരമായാണ് ചൈന വാക്‌സിൻ നയതന്ത്രത്തെ കണ്ടത്. ചൈനയുടെ ഈ പ്രതീക്ഷകൾക്ക് മേലാണ് നിലവിൽ കരിനിഴൽ വീണിരിക്കുന്നത്.

മാവേലിക്കര : ഡ്യൂട്ടിക്കിടെ തന്നെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയില്ലാത്തതിനാല്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ജോലിയില്‍ പ്രവേശിക്കും മുന്‍പ് പ്രദേശിക സിപിഎം നേതാവായിരുന്നു രാഹുല്‍ മാത്യു.

ഇടതുപക്ഷക്കാരനായിട്ടു പോലും താന്‍ ചതിക്കപ്പെട്ടുവെന്ന് രാഹുല്‍ മാത്യു സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് മകനായ പൊലീസുകാരന്‍ ഡോക്ടറെ കൈകാര്യം ചെയ്യുകയായിരുന്നു. ലാലിയുടെ മകനും സിവില്‍ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയില്‍ എടുക്കാത്തതിനെ തുടര്‍ന്ന് കെജിഒഎംഒയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു

ന്യൂഡല്‍ഹി: അലോപ്പതിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എടുത്ത കേസുകള്‍ മരവിപ്പിക്കണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ സംയുക്തമായി ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രിംകോടതിയെ സമീപിച്ചു. റെംഡിസിവിര്‍ ഉള്‍പ്പെടെ ഡ്രഗ്‌സ് കണ്ട്രോളര്‍ അംഗീകരിച്ച മരുന്നുകള്‍ പരാജയമാണെന്നും അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നും രാംദേവ് പറയുന്നതിന്റെ വിഡിയോ കഴിഞ്ഞ മാസം പുറത്തുവന്നതാണ് വിവാദമായത്.

ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, രാംദേവിനു കത്തയച്ചു.ഇതോടെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി രാംദേവ് അറിയിച്ചിരുന്നു.എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിവിധ യൂണിറ്റുകള്‍ ബാബാ രാംദേവിനെതിരെ കേസ് നല്‍കുകയായിരുന്നു.

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായുള്ള മുറിവാടക നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ അനുവദിക്കാമെന്നും എന്നാല്‍ മുറിവാടക നിശ്ചയിക്കാന്‍ ആശുപത്രികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കോടതി വിമര്‍ശനത്തിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതകളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയും അവ്യക്തതകള്‍ മാറ്റി പുതിയ ഉത്തരവ് ഇറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ചികിത്സയില്‍ മുറിവാടകനിരക്ക് ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയവയിലെ ചികിത്സാനിരക്ക് ജനങ്ങള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഏകീകരിച്ച് മേയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങളില്‍ നേരത്തെ നിശ്ചയിച്ച നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ജനറല്‍ വാര്‍ഡുകളില്‍ പരമാവധി 2910 രൂപയും ഹൈഡിപന്‍ഡന്‍സി യൂണിറ്റില്‍ 4175 രൂപയും ഐ.സി.യു.വില്‍ 8580 രൂപയും വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ 15,180 രൂപയുമാണ് ദിവസനിരക്ക്.

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്‍മുകള്‍, ചന്തവിള, മുള്ളൂര്‍, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍.ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ സ്ഥലങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും.

covid

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി കേരളം. ഒരു കോടിയിലേറെ പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ആരോഗ്യന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 1,00,69,673 ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന് വീണാ ജോർജ് വ്യക്തമാക്കി.

സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാൽ ലഭ്യമായ അധിക ഡോസ് വാക്സിൻ പോലും ഉപയോഗപ്പെടുത്തി അതിനേക്കാൾ കൂടുതൽ പേർക്ക് വാക്സിനെടുക്കാൻ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്സുമാരുടെ കഴിവ് മൂലമാണ്. മറ്റ് ചില സംസ്ഥാനങ്ങൾ കിട്ടിയ വാക്സിൻ പോലും പാഴാക്കിയപ്പോഴാണ് കേരളത്തിന്റെ പ്രവർത്തനം ദേശീയ ശ്രദ്ധ നേടിയതെന്ന് വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് 26,89,731 പേർക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിനും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നൽകിയത്. 12,33,315 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിൻ വീതം നൽകിയിട്ടുണ്ട്.

സ്ത്രീകളാണ് പുരുഷൻമാരേക്കേൾ കൂടുതൽ വാക്സിൻ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷൻമാരും വാക്സിൻ സ്വീകരിച്ചുവെന്നും ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതൽ പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

തുള്ളി പോലും പാഴാക്കാതെ വാക്സിൻ സുഗമമായി നടത്തുന്ന വാക്സിൻ ടീമിനെ അഭിനന്ദിക്കുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.

ന്യൂഡൽഹി: അയൽ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ വിതരണം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ അയൽരാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത് നിർത്തിവെച്ചത്. രണ്ടാം തരംഗ രോഗവ്യാപനം കുറഞ്ഞതോടെയാണ് വീണ്ടും മറ്റ് രാജ്യങ്ങൾക്ക് കേന്ദ്ര സർക്കാർ വാക്‌സിൻ നൽകാനൊരുങ്ങുന്നത്. ജൂലായ് മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ ഇന്ത്യ വാക്സിൻ മൈത്രി പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ വാക്സിൻ നിർമ്മാണത്തിന്റെ തോതനുസരിച്ചായിരിക്കും അയൽ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ഇത്തവണ ഇന്ത്യ വിദൂര രാജ്യങ്ങൾക്ക് വാക്‌സിൻ നൽകില്ലെന്നാണ് വിവരം. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ വാങ്ങിയിരുന്ന വാക്സിനുകൾ നൽകാനാണ് ഇന്ത്യയുടെ നീക്കം. ഭൂട്ടാനും പരിഗണന നൽകുന്നുണ്ടെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജനുവരി 20 മുതലാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് ‘വാക്സിൻ മൈത്രി’ എന്ന പദ്ധതിയുടെ ഭാഗമായി വാക്സിൻ സൗജന്യമായും വിൽപനയ്ക്കായും നൽകിത്തുടങ്ങിയത്. ഏപ്രിൽ മാസത്തിലാണ് വാക്‌സിൻ മൈത്രി പദ്ധതി ഇന്ത്യ താത്ക്കാലികമായി നിർത്തിയത്. ഇതിനിടെ 66 മില്യൺ ഡോസ് വാക്സിനുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യ വാക്‌സിൻ കയറ്റുമതി താത്ക്കാലികമായി അവസാനിപ്പിച്ചതോടെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വാക്‌സിൻ കയറ്റുമതി ആരംഭിച്ചു. ചൈന ഇതുവരെ നേപ്പാളിന് എട്ട് ലക്ഷം ഡോസ് വാക്സിനും ബംഗ്ലാദേശിന് അഞ്ച് ലക്ഷം കോവിഡ് വാക്‌സിനും വിതരണം ചെയ്തു. എന്നാൽ ഇന്ത്യ വാക്‌സിൻ വിതരണം പുനരാരംഭിക്കണമെന്നാണ് അയൽരാജ്യങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്നത്.