Health (Page 192)

ന്യൂയോര്‍ക്ക്: ഗാമയ്ക്കും ഡെല്‍റ്റയ്ക്കും ശേഷം പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത് ആരോഗ്യവിദഗ്ദ്ധര്‍. ലാംഡ എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം ഇതിനോടകം 29 രാജ്യങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.വിദഗ്ദ്ധര്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 81 ശതമാനവും ലാംഡ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ച മുതല്‍ രാജ്യത്ത് ലാംഡയുടെ വ്യാപ്തി വര്‍ദ്ധിച്ചതായി അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 2 നും മെയ് 19 നും ഇടയിലുണ്ടായ കൊവിഡ്19 കേസുകളില്‍ 37 ശതമാനവും ഈ വകഭേദമാണ്. പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച് നിരീക്ഷിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

pinarayi

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. തിരുവനന്തപുരം അതിയന്നൂർ, അഴൂർ, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂർ, പോത്തൻകോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസർഗോഡ് ബേഡഡുക്ക, മധൂർ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആർ 30 ൽ കൂടുതലുള്ള പ്രദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ടിപിആർ എട്ടിന് താഴെയുള്ള 178 പ്രദേശങ്ങളാണുള്ളത്. ടിപിആർ. എട്ടിനും 20നും ഇടയ്ക്കുള്ള 633 പ്രദേശങ്ങളും ടിപിആർ. 20-നും 30-നും ഇടയ്ക്കുള്ള 208 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

covid

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കില്ലെന്ന് ഗവേഷകർ. കുട്ടികളിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ് സീറോ പോസിറ്റിവിറ്റി. അഞ്ച് സംസ്ഥാനങ്ങളിൽ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ, 700 പേർ 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേർ പതിനെട്ടു വയസ്സുള്ളവരാണ്. ഡൽഹി അർബൻ, ഡൽഹി റൂറൽ, ഭുവനേശ്വർ, ഗോരഖ്പുർ, അഗർത്തല എന്നിവിടങ്ങളിൽനിന്ന് പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം 11 മുതൽ 14 വയസു വരെയായിരുന്നു.

മാർച്ച് 15 നും ജൂൺ പത്തിനും ഇടയിലാണ് ഗവേഷകർ പഠനത്തിനു വേണ്ടിയുള്ള വിവര ശേഖരണം നടത്തിയത്. പഠനത്തിന് വിധേയരാക്കിയവരിലെ സാർസ് കൊവ്-2 വൈറസിനെതിരായ ടോട്ടൽ സെറം ആന്റിബോഡിയെ കണക്കാക്കാൻ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്ന് പഠനം നടത്തിയ ഗവേഷകർ വിശദമാക്കി. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ കോവിഡ് മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാൻ സാധ്യത കുറവാണെന്നാണ് ഗവേഷകർ പറയുന്നത്.

covid

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വർധിപ്പിക്കുന്നതിന് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് ഇനി പരിശോധന നടത്തുന്നതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ഒരാഴ്ചത്തെ ടി.പി.ആർ. 30 ശതമാനത്തിന് മുകളിലായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടർച്ചയായ 3 ദിവസം 100 കേസുകൾ വീതമുണ്ടെങ്കിൽ 300ന്റെ പത്ത് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആർ. കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതായിരിക്കും.

ഒരാഴ്ചത്തെ ടി.പി.ആർ. 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയ്ക്കായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തുന്നതാണ്. ഒരാഴ്ചത്തെ ടി.പി.ആർ. 2നും 20 ശതമാനത്തിനും ഇടയ്ക്കായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തും. ഈ മൂന്ന് വിഭാഗങ്ങൾക്കും ആന്റിജൻ, ആർ.ടി.പി.സി.ആർ., മറ്റ് പരിശോധനകളാണ് നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആർ. 2 ശതമാനത്തിന് താഴെയായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളിൽ 5 സാമ്പിൾ എന്ന നിലയിൽ ആർ.ടി.പി.സി.ആർ. പൂൾഡ് പരിശോധനയാണ് നടത്തുകയെന്ന് വീണാ ജോർജ് അറിയിച്ചു.

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത്/ വാർഡ് എന്നിവിടങ്ങളിലെ സ്ഥിതി ജില്ലാ സർവയലൻസ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്ക്കുള്ള ടാർജറ്റ് നിശ്ചയിക്കുകയും ചെയ്യും. കൂടുതൽ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, സ്ഥാപനങ്ങൾ, പ്രത്യേക പ്രദേശങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാം. ആവശ്യമെങ്കിൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകളും ഉപയോഗിക്കാവുന്നതാണെന്നും പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

മുംബൈ: കോവിഡ് മൂന്നാം തരംഗം നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയേയോ മുംബൈയേയോ ബാധിക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.മൂന്നാംതരംഗം ഉണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വച്ചാണ് ടാസ്‌ക് ഫോഴ്‌സ് നിരീക്ഷണങ്ങള്‍ പങ്ക് വച്ചത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നു.ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളും, രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.രണ്ടാംതരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളിലാണ്് യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നത്. കരുതലോടെയും കോവിഡ് സാഹചര്യത്തിന് യോജിക്കുന്ന പെരുമാറ്റവും പുലര്‍ത്താത്തപക്ഷം നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.

covid

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ വര്‍ധിപ്പിച്ച തീരുമാനം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണം. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.

നാഷണല്‍ ടെക്‌നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ് ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറയുടെ ശുപാര്‍ശയുടെ പകര്‍പ്പും ട്വീറ്റിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസ് 12 മുതല്‍ 18 ആഴ്ചയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മെയ് 13-നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍, ഇടവേള വര്‍ദ്ധനവിന്റെ തീരുമാനത്തെ അനുകൂലിക്കാനാവില്ലെന്ന് സര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം.

ന്യൂഡൽഹി: കോവിഡ് വാക്‌സിന് വേണ്ടി ഇനി പേയ് ടി എം വഴിയും ബുക്ക് ചെയ്യാം. കോവിഡ് വാക്സിൻ ബുക്ക് ചെയ്യാൻ സ്വകാര്യ ആപ്പുകൾക്ക് അനുമതി നൽകിയതോടെയാണ് പേയ് ടി എം ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്.

കോവിൻ പോർട്ടലിന് പുറമേ സ്വകാര്യ ആപ്പുകൾ വഴിയും വാക്‌സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരുന്നു. 125 അപേക്ഷകരിൽ നിന്നും 91 അപേക്ഷകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്. പേയ് ടി എം, മേക്ക് മൈ ട്രിപ്, ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെൽത്ത്‌കെയർ, ഇൻഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിൻ ബുക്ക് ചെയ്യാനായി സർക്കാർ തെരഞ്ഞെടുത്തത്. കേരളം, ഉത്തർപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാന സർക്കാരുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ പേയ് ടി എം മാത്രമാണ് സേവനം ആരംഭിച്ചത്.

പേയ് ടി എം ആപ്പ് വഴി എങ്ങനെയാണ് വാക്‌സിന് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

പേയ് ടി എം ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ആദ്യം ലോഗിൻ ചെയ്യണം. ഫീച്ചർ സെക്ഷനിലെ വാക്സിൻ ഫൈൻഡർ ഓപ്ഷനിൽ ജില്ല/പിൻകോഡ് നൽകി സേർച് ചെയ്യാം. സ്ലോട്ട് ലഭ്യമെങ്കിൽ ബുക്ക് നൗ ഓപ്ഷൻ നൽകി വാക്സിൻ സമയമവും സ്ഥലവും തെരഞ്ഞെടുത്ത് ബുക്കിംഗ് പൂർത്തിയാക്കാം. സ്ലോട്ട് ഇല്ലെങ്കിൽ നോട്ടിഫൈ മീ വെൻ സ്ലോട്ട്‌സ് ആർ അവയ്ലിബിൾ എന്ന ഓപ്ഷൻ നൽകിയാൽ സ്ലോട്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വട്ടം ചുറ്റി സംസ്ഥാനത്തെ സലൂണ്‍, ബ്യൂട്ടീഷന്‍ തൊഴിലാളികള്‍. നിലവില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും ആളുകളുമായി അടുത്ത് ഇടപഴുകുന്നതിനാലും ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത ജോലി ആയതിനാലും സംസ്ഥാനത്തെ സലൂണ്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ നടപടി ആകുന്നില്ല.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യോത്തര വേളയില്‍ പറഞ്ഞിരുന്നുവെങ്കിലും ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവില്‍ ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. 45 ദിവസത്തിലേറെയായി സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇവിടെ ഉണ്ടായിരുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ നശിച്ചുപോയതായി സ്ഥാപന ഉടമകള്‍ പറയുന്നു.

മാത്രമല്ല, കടകളുടെ വൈദ്യുതി ചാര്‍ജ്, വെള്ളത്തിന്റെ ചാര്‍ജ് എന്നിവയും കുടിശികയാണ്. ഉപകരണങ്ങള്‍ വാങ്ങാനും കടകള്‍ മോഡി പീഡിപ്പിക്കാനും ബാങ്ക് ലോണും കടവും വാങ്ങിയവര്‍ ഇപ്പൊള്‍ അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയില്‍ ആയിരിക്കുകയാണ്. മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമാനമായിട്ടില്ലെന്ന് സലൂണ്‍ ബ്യൂട്ടിപാര്‍ലര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് കുന്നത്ത് പറഞ്ഞു.

covid

തിരുവനന്തപുരം: കോവിഡ് മുക്തരായ രോഗികളുടെ ശരീരത്തിൽ ക്ഷയ രോഗബാധ കണ്ടെത്തി. സംസ്ഥാനത്ത് കോവിഡിൽ നിന്നും രോഗമുക്തി നേടിയ പത്തോളം പേർക്കാണ് ക്ഷയരോഗം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മൂലമുണ്ടാകുന്ന താൽക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവുമാണ് ക്ഷയരോഗത്തിലേക്ക് നയിക്കുന്നത്. പോസ്റ്റ് കൊവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങൾ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുളളതിനാൽ ക്ഷയരോഗ നിർണയത്തിലെ കാലതാമസം വരാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മുക്തരായ രോഗികളിൽ ക്ഷയരോഗമുളളവരെ കണ്ടെത്താനാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മൂലമുണ്ടാകുന്ന താൽക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങൾ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ ക്ഷയരോഗ നിർണയത്തിലെ കാലതാമസം വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മുക്തരായ രോഗികളിൽ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

കോവിഡ് മുക്തരായവരിൽ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെന്നു കണ്ടാൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടിബി സ്‌ക്രീനിംഗ് നടപ്പിലാക്കും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ വരുന്ന എല്ലാ രോഗികൾക്കും അവബോധം നൽകുന്നതാണ്. 2 ആഴ്ചയിൽ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി, രാത്രികാലങ്ങളിലെ വിയർപ്പ്, ഭാരം കുറയൽ, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ വ്യക്തികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കുകയും നാറ്റ് പരിശോധകൾ നടത്തുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ശ്വാസകോശ ലക്ഷണങ്ങളുള്ള കോവിഡ് മുക്തരായ രോഗികളെ ടെലി കൺസൾട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കിൽ അവരെയും ക്ഷയ രോഗപരിശോധനക്ക് വിധേയരാക്കും. കിടത്തിചികിത്സ ആവശ്യമായിവരുന്ന കോവിഡ് രോഗികളെ എൻടിഇപി അംഗങ്ങൾ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമെങ്കിൽ അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോവിഡ് പോസിറ്റീവാകുന്നവരുടെ വാക്‌സിനേഷൻ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി ഗവേഷക സംഘം. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വാക്‌സിനേഷൻ നൽകേണ്ടതേയില്ലെന്നാണ് ഒരു സംഘം ഗവേഷകർ അഭിപ്രായപ്പെടുന്നത്. എയിംസ് ഡോക്ടർമാരും ദേശീയ കോവിഡ് ദൗത്യ സംഘാംഗങ്ങളും ഉൾപ്പെടുന്ന ഒരു കൂട്ടം ആരോഗ്യ വിദഗ്ധരാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കോവിഡ് ബാധിച്ച് പ്രകൃതിദത്തമായ രോഗപ്രതിരോധം നേടിയവരിൽ പിന്നീട് വാക്‌സിൻ ഫലപ്രദമാണോ എന്ന കാര്യത്തിൽ ആവശ്യത്തിന് തെളിവുകളില്ലെന്നാണ് ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ ആവശ്യത്തിന് തെളിവുകൾ ലഭിച്ച ശേഷം മാത്രം ഈ വിഭാഗത്തിലുള്ളവർക്ക് വാക്‌സിൻ എടുക്കണമോയെന്ന് തീരുമാനിച്ചാൽ മതിയെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.

ഒരു തവണ കോവിഡ് ബാധിതരായവർക്ക് വീണ്ടും വൈറസ് പിടിപെടാൻ 10 മാസത്തേക്ക് സാധ്യതയില്ലെന്നാണ് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന് എതിരെ ഇവരുടെ ശരീരത്തിൽ ആവശ്യത്തിന് ആന്റി ബോഡികൾ രൂപപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. ഈ പഠനം ചൂണ്ടിക്കാട്ടിയാണ് ഗവേഷകരുടെ പരാമർശം. വാക്‌സിനേഷന്റെ ഉദ്ദേശ്യം രോഗനിയന്ത്രണം ആയതിനാൽ ഇതേവരെ വൈറസ് പിടിപെടാത്തവർക്കാകണം മുൻഗണന നൽകേണ്ടതെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ വാക്‌സിൻ ലഭ്യതയിലുള്ള കുറവ് കൂടി കണക്കിലെടുത്താണ് ഗവേഷകർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെയ്ക്കുന്നതെന്നാണ് വിവരം. സാർവത്രിക വാക്‌സിനേഷനേക്കാൾ മുൻഗണന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വാക്സിൻ വിതരണ സമീപനമാകും നന്നാകുക. ജില്ലാ തലത്തിൽ നടക്കുന്ന തത്സമയ സീറോ സർവേയുടെ അടിസ്ഥാനത്തിലാകണം വാക്‌സിൻ നയതന്ത്രമെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

വാക്‌സിനേഷൻ എടുത്തവരിലും എടുക്കാത്തവരിലും വീണ്ടും ഉണ്ടാകുന്ന കോവിഡ് ബാധയെ പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വിശദീകരിക്കുന്നു. അതേസമയം കോവിഡ് പോസിറ്റീവ് ആകുന്നവർ രോഗമുക്തി നേടി മൂന്നുമാസം കാത്തിരുന്ന ശേഷം മാത്രം കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.