കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ സംസ്ഥാനത്തെത്തി. കൊച്ചിയിലാണ് റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് വാക്സിൻ എത്തിയത്. നെട്ടൂരുള്ള വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലാണ് സ്പുട്‌നിക് വാക്‌സിൻ ലഭ്യമാവുക. ഇന്ത്യയിൽ സ്പുട്നിക് വാക്‌സിൻ നിർമിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ലേക്‌ഷോർ ആശുപത്രി അധികൃതർ കരാർ ഒപ്പുവച്ചു.
ഏറ്റവും വേഗത്തിൽ എല്ലാവർക്കും കോവിഡ് വാക്‌സിൻ എത്തിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ആശുപത്രിയിൽ സ്പുട്‌നിക് വാക്‌സിൻ ലഭ്യമാക്കുന്നതെന്ന് സിഇഒ എസ്.കെ.അബ്ദുല്ല വ്യക്തമാക്കി.
ഏപ്രിൽ 13നാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് സ്പുട്‌നിക് വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയത്. മികച്ച പ്രതിരോധശേഷി വാഗ്ദാനം നൽകുന്ന വാക്‌സിനുകളിലൊന്നാണ് സ്പുട്‌നിക്. 97 ശതമാനം വരെ സുരക്ഷ നൽകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

