അതീവ ജാഗ്രത; സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. കടപ്രയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിലെ നാല് വയസുള്ള ആൺകുട്ടിയിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

മെയ് മാസം 24 നാണ് കുട്ടിയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് നടത്തിയ ചികിത്സയിൽ കുട്ടിയുടെ പരിശോധാനാ ഫലം നെഗറ്റീവായി. കുട്ടിയുടെ സ്രവം ജനിതക പഠനത്തിന് വിധേയമാക്കിയതോടെയാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഡൽഹിയിലെ സിഎസ്ഐആർ – ഐജിഐബി (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി)യിൽ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്.