കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന കാര്യം പരിഗണനയിൽ; 18 മുതൽ 21 വയസുവരെയുള്ളവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ഉടൻ നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകി കോളേജുകൾ തുറക്കുന്നതിനുള്ള സാഹചര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 18 മുതൽ 21 വരെയുള്ളവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ പൂർത്തിയായിട്ടുണ്ട്. ജൂലായ് ഒന്നു മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കുന്നത്.

കുട്ടികളുടെ വാക്‌സിൻ ഏതാനും മാസങ്ങൾക്കകം ലഭ്യമായിത്തുടങ്ങും റിപ്പോർട്ടുകളെന്നും അവ ലഭ്യമാകുന്നതിന് അനുസരിച്ച് കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്‌കൂളുകളുടെ കാര്യത്തിൽ അദ്ധ്യാപകരുടെ വാക്‌സിനേഷന് മുൻഗണന നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്യാത്തവരെ കണ്ടെത്തി രജിസ്‌ട്രേഷൻ നടത്തി വരികയാണെന്നും വാക്‌സിൻ വിതരണത്തിന് ആവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.