മൂന്നാംഘട്ട പരീക്ഷണ ഫലം: കോവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്

vaccine

ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധയുണ്ടായാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ.

ഹൈദരാബാദ് ആസ്ഥാനമായ 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറലിന് സമർപ്പിച്ച റിപ്പോർട്ട് ഡിസിജിഐ അംഗീകരിച്ചു. വിശദമായ പഠനങ്ങൾക്ക് ശേഷം വിദഗ്ധ സമിതി യോഗത്തിലാണ് ഡിജിസിഐ റിപ്പോർട്ടിന് അംഗീകാരം നൽകിയത്. മൂന്നാം ഘട്ട പരീക്ഷണ ഫലം ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാൻ ഭാരത് ബയോടെക്കിന് കഴിയും.

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനായി ലോകാരോഗ്യ സംഘടന ജൂൺ 23 ന് പ്രീ-സബ്മിഷൻ യോഗം നിശ്ചയിച്ചിരിക്കുകയാണ്. വാക്‌സിനുമായി ബന്ധപ്പെട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രീ-സബ്മിഷൻ യോഗം. ലോകാരോഗ്യ സംഘടന കോവാക്‌സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് നേരത്തെ അറിയിച്ചിരുന്നു.