Health (Page 181)

covid

വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി ലോകാരോഗ്യസംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുളള വിദഗ്ധരുടെ ഗവേഷണങ്ങളെ ലോകാരോഗ്യസംഘടനയ്ക്കും മറ്റുഅംഗരാജ്യങ്ങള്‍ക്കൊപ്പവും നിന്നുകൊണ്ട് യുഎസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും അവര്‍ പറഞ്ഞു.

ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ്‌ പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും കോവിഡ് 19 മഹാമാരിയുടെ ആദ്യദിവസങ്ങള്‍ സംബന്ധിച്ചും വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും ബൈഡന്‍ ഭരണകൂടത്തിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇതുവരെ വെളിപ്പെടുത്താത്ത യുഎസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എത്ര ഗവേഷകരാണ് അസുഖബാധിതരായത്, അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദര്‍ശനം എന്നീ കാര്യങ്ങളെല്ലാം ഈ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് 19 വ്യാപനത്തെ കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്നുളള അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ടിലെ തെളിവുകളെന്നും അതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് 19 ഉത്ഭവത്തെ കുറിച്ചുളള ലോകാരോഗ്യസംഘടനയുടെ പഠനം സംബന്ധിച്ച് യുഎസ്, നോര്‍വേ, കാനഡ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ മാര്‍ച്ചില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘സാര്‍സ് കോവ് 2 ന്റെ ഉത്ഭവത്തെ കുറിച്ച് ലോകാരോഗ്യസംഘടന നടത്തുന്ന പഠനങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര വിദഗ്ധര്‍ വിശ്വനീയമായ സിദ്ധാന്തങ്ങളെ വിശദമായി വിലയിരുത്തണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്.’ ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ് പറയുന്നു.

vaccine

ന്യൂഡല്‍ഹി: പതിനെട്ട് മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചിരുന്നത്. പുതുക്കിയ നിര്‍ദ്ദേശമനുസരിച്ച് ഇനി രജിസ്റ്റര്‍ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് നല്‍കും. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. അതതു സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സര്ക്കാരുകള് തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഡിസംബറോടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. ഇന്ത്യയുടെ പരിശ്രമത്തിന്റെ ഫലമായാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളോടൊപ്പം ഇന്ത്യ സ്വന്തമായി വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വന്തം പരിശ്രമത്തിന്റെ ഫലമായാണ് ഇത് നടന്നത്. നേരത്തെ, ഏതെങ്കിലും വാക്‌സിനുകള്‍ ഇന്ത്യയില്‍ എത്താന്‍ വര്‍ഷങ്ങളെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ 45 വയസ്സിനു മുകളിലുള്ള തടവുകാരില്‍ കോവിഡ് വാക്‌സിനേഷനെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍്കിയിട്ടും കോവിഡ് വാക്‌സിനേഷനു വിധേയരായവര്‍ 20% മാത്രം.അതതു ജയില്‍ അധികൃതര്‍ തുടരുന്ന അലംഭാവമാണ് ഇതിനു കാരണമെന്നു വിമര്‍ശിച്ച് സൂപ്രണ്ടുമാര്‍ക്കു ഡിജിപി ഋഷിരാജ് സിങ് കത്തയച്ചു. 45 വയസ്സു കഴിഞ്ഞവര്‍ക്കു മേയ് 31ന് അകവും മറ്റുള്ളവര്‍ക്കു ജൂണ്‍ 15ന് അകവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ അന്തിമ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ ജയിലുകളിലെ ആകെ ജനസംഖ്യയായ അയ്യായിരത്തിലേറെ തടവുകാര്‍ക്കു മേയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെയും കലക്ടര്‍മാരെയും ബന്ധപ്പെട്ടു വാക്‌സിനേഷന്‍ ഏകോപിപ്പിക്കേണ്ട ചുമതല അതതു സൂപ്രണ്ടുമാരെയും ഏല്‍പ്പിച്ചു. എന്നാല്‍, എന്നാല്‍, പല ജയിലുകളും ജില്ലാ ഭരണകൂടത്തിനു കത്തു നല്‍കിയതല്ലാതെ തുടര്‍ നടപടി സ്വീകരിച്ചില്ലെന്നു ഡിജിപി കണ്ടെത്തി.ജൂണ്‍ 15ന് അകം മുഴുവന്‍ തടവുകാര്‍ക്കും വാക്‌സീന്‍ എടുക്കണമെന്നു മാത്രമല്ല, ടെസ്റ്റിങ്, പോസിറ്റിവിറ്റി നിരക്ക്, കോവിഡ് റജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് എന്നിവ ജയില്‍ വകുപ്പ് ആസ്ഥാനത്തു കൃത്യമായി അറിയിച്ചുകൊണ്ടിരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി : അലോപ്പതി ചികിത്സ വിവേക ശൂന്യമാണെന്ന യോഗ ഗുരു ബാബാ രാംദേവ് നടത്തിയ പരാമര്‍ശങ്ങള്‍ കൊവിഡിനെതിരെ പോരാടുന്നവരെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നും രാംദേവിന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ പൗരന്‍മാരെ കൂടി അപമാനിക്കുന്നതാണ് രാംദേവിന്റെ വാക്കുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാംദേവിന് കത്തയച്ചു.രാജ്യത്തെ പൗരന്മാര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങള്‍ അപമാനിച്ചത്. പരാമര്‍ശം പിന്‍വലിക്കണമെന്നും ഹര്‍ഷ വര്‍ധന്‍ രാംദേവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബാബ രാംദേവി വിവാദ പരാമര്‍ശം പിന്‍വലിച്ചു.അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചതായും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണെന്നും രാംദേവ് പറഞ്ഞിരുന്നു.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.107 ഇടങ്ങളില്‍ നിലവില്‍ ഈ സംവിധാനം ഉണ്ടെന്നും റേഷന്‍ വ്യാപാരികളെ കൊവിഡ് സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിഗണനയില്‍ കൊണ്ടുവരുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ റേഷന്‍ കാര്‍ഡുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കും. ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍, അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇ -കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോര്‍ഡ് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീലിയ: കൊവിഡ്-19 മാർഗനിർദേശം ലംഘിച്ച ബ്രസീൽ പ്രസിഡൻ്റ് ജൈർ ബൊൽസൊനാരയ്‌ക്ക് പിഴ.കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബൊൽസൊനാരയ്‌ക്ക് എതിരെ ആരോഗ്യവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തു. സർക്കാരിൻ്റെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വീഴ്‌ച കണ്ടാൽ നടപടി സ്വികരിക്കുമെന്നും ഗവർണർ ഫ്ളാവിയോ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

അതേസമയം, രാജ്യത്തെ ഇടതുപക്ഷ നേതാവ് കൂടിയായ ഗവർണർ ഫ്ളാവിയോയും ബൊൽസൊനാരയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന ആരോപണവും ശക്തമായി. ഫ്ളാവിയോയെ സേച്ഛാധിപതിയെന്ന് ബൊൽസൊനാര വിശേഷിപ്പിച്ചതായും റിപ്പോർട്ടുണ്ട്. വലുതുപക്ഷ നേതാവായ ബൊൽസൊനാര കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്കെതിരെ പരസ്യം നിലപാട് സ്വീകരിക്കുകയും ചെയ്‌തിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ രാജ്യത്ത് തുടരുന്നതിനിടെ നിർദേശങ്ങൾ അവഗണിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. മാറഞ്ഞോയിലെ ഗവർണർ ഫ്ളാവിയോ ഡിനോ പ്രിസിഡൻ്റിനെതിരെ കടുത്ത നടപടികൾക്ക് നിർദേശം നൽകിയത്.

കൊവിഡ് നിർദേശങ്ങളിൽ പ്രധാനമാണ് നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടികൾ പാടില്ല എന്നത്. മാസ്‌ക് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ എല്ലാവരും തുടരുകയും വേണമെന്നും ഗവർണർ വ്യക്തമാക്കി. നടപടിയിൽ ബൊൽസൊനാരയ്‌ക്ക് അപ്പീൽ നൽകാൻ 15 ദിവസത്തെ സമയമുണ്ട്. അതിന് ശേഷം മാത്രമേ പിഴയായി നൽകേണ്ട തുക എത്രയാണെന്ന് വ്യക്തമാകൂ.

തിരുവനന്തപുരം: ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നായ 2 ഡയോക്‌സി ഡി ഗ്ലൂക്കോസ് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത്. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്നാണിതെന്നും ഇത് രോഗികളില്‍ പരീക്ഷിക്കരുതെന്നും ആവശ്യപ്പെട്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 2ഡിജി മരുന്ന് വാങ്ങാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഡയോക്‌സി ഡി ഗ്ലൂക്കോസ് രോഗതീവ്രത കുറയ്ക്കുമെന്നാണ് ഡിആര്‍ഡിഒയുടെ ആവകാശവാദം. ഡോ. റെഡ്ഡിസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്.

ന്യൂഡല്‍ഹി: കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രസര്‍ക്കാര്‍. മികച്ച വാക്‌സിനുകളിലൊന്നാണ് കോവാക്‌സിനെന്നും ഇത് കുത്തിവച്ചവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ യാത്രാവിലക്കേര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചില്ലെന്നും കേന്ദ്രമന്ത്രി പ്രകാഷ് ജാവദേക്കര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരോപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിന്‍ ഇടം നേടിയിട്ടില്ലാത്തതും ഒമ്പതുരാജ്യങ്ങള്‍മാത്രമാണ് കോവാക്‌സിന് അംഗീകാരം നല്‍കിയിട്ടുള്ളതും ചൂണ്ടിക്കാട്ടിയാണ് ചില മാധ്യമങ്ങള്‍ യാത്രാവിലക്കുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചത്. വാക്‌സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെകില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് 130 രാജ്യങ്ങള്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

ദില്ലി: മുലയൂട്ടുന്ന അമ്മാമാർക്ക് വാക്സിൻ എടുക്കാമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. വാക്സിൻ എടുക്കാനായി അമ്മമാ‍ർ മുലയൂട്ടൽ നി‍ർത്തി വയ്ക്കേണ്ട ആവശ്യമില്ല.രാജ്യത്ത് കൊവിഡ് രണ്ടാം തരം​ഗം നിയന്ത്രണവിധേയമായി വരികയാണെന്നാണ് കേന്ദ്രസ‍ർക്കാരിൻ്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 22 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളേക്കാൾ കൂടുതൽ രോ​ഗമുക്തരുണ്ട്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളിൽ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

മുലയൂട്ടുന്നവർക്കും വാക്സിൻ എടുക്കാമെന്ന് നേരത്തെ വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്യുകയും ഇക്കാര്യം കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ​ഗൗരവകരമായ രീതിയിൽ രോ​ഗബാധയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രോ​ഗ ബാധിതരാവുന്ന കുട്ടികളിൽ മൂന്നോ നാലോ ശതമാനം പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂവെന്നും ആരോ​ഗ്യമന്ത്രാലയം കൂട്ടിച്ചേ‍ർത്തു.