Health (Page 182)

ന്യൂഡല്‍ഹി: 2021 ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് കോവിഡ് മൂലം അനാഥരായത് 577 കുട്ടികള്‍. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം മാതാപിതാക്കള്‍ ഇരുവരേയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.

”കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാ വിധ സംരക്ഷണവും പിന്തുണയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ 577 കുട്ടികള്‍ രാജ്യത്തൊട്ടാകെ അനാഥരായതായി വിവിധ സംസ്ഥാനസര്‍ക്കാരുകളും കേന്ദഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു” സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

ഡെറാഡൂണ്‍: ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ഐഎംഎ. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍് നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്കിയ റംഡിസീവര്‍, ഫവിഫ്‌ലൂ തുടങ്ങിയ മരുന്നുകള്‍ പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്.പരാമര്‍ശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോര്‍ത്തുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് രാംദേവിനു നല്കിയ കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ ആദ്യം സ്വീകരിച്ച് ചരിത്രത്തിലിടം പിടിച്ച വില്യം ബില്‍ ഷേക്‌സ്പിയര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. ഇംഗ്ലണ്ടിലെവാര്‍വിക്ഷയറിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കോവെന്‍ട്രി നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്നു അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. റോള്‍സ് റോയ്‌സ് കമ്പനി ജീവനക്കാരനും പാരിഷ് കൗണ്‍സിലറും ആയിരുന്നു വില്യം. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ വില്യം സംഗീതപ്രിയനായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.91 കാരിയായ മാര്‍ഗരറ്റ് കീനനും ഇതോടൊപ്പം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ബില്‍ വില്യം ഷേക്‌സ്പിയറുടെ മരണം വലിയ പ്രാധാന്യത്തോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി : ഇന്ത്യ മാത്രമല്ല, കോവിഡില്‍പ്പെട്ട് പല രാജ്യങ്ങളും വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും കൊവിഡ് പ്രതിരോധ വാക്‌സീന്‍ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെ മുന്‍പോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ 577 കുട്ടികളുടെ രക്ഷിതാക്കള്‍ രോഗബാധിതരായി മരിച്ചെന്നാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. 55 ദിവസത്തിനിടെയുളള കണക്കാണിത്. ഇരുപത്തിനാല് മണിക്കൂറിനിടെ 4157 പേര്‍ കൊവിഡ് മൂലം മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

തിരുവനന്തപുരം : ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ്- 64 സംസ്ഥാനത്ത് വിതരണം തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയും സന്നദ്ധസംഘടനയായ സേവാഭാരതിയുടേയും ശാഖകള്‍ വഴിയായിരിക്കും മരുന്ന് വീട്ടില്‍ എത്തിച്ചു നല്കുക. ആയുഷ് സര്‍ട്ടിഫിക്കറ്റുള്ള സ്വകാര്യ ഡോക്ടര്‍മാര്‍ രോഗികളുടെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും മരുന്ന് നല്‍കുക. സേവാഭാരതിയുടെ വൊളന്റിയര്‍മാരും വീടുകളിലെത്തും. 18-നും 60-നും ഇടയില്‍ പ്രായമുള്ള, തീവ്രതകുറഞ്ഞ കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഏഴുദിവസത്തിനകമാണ് മരുന്ന് നല്‌കേണ്ടത്. തൃശ്ശൂര്‍ ചെറുതുരുത്തിയിലെ ദേശീയ ആയുര്‍വേദ പഞ്ചകര്‍്മ ഗവേഷണകേന്ദ്രത്തിലും തിരുവനന്തപുരത്തുമാണ് ആയുഷ് മന്ത്രാലയം മരുന്ന് എത്തിച്ചിരിക്കുന്നത്.പാലക്കാട്, തൃശ്ശൂര്, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ മരുന്നുവിതരണം ആരംഭിച്ചത്.

കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച്‌ ഇതുവരെ 44 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഇരുപത് പേരും കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. എന്നാൽ ചികിത്സയിലുള്ളവർ മുഴുവൻ കോഴിക്കോട്ടുകാരല്ല.തിങ്കളാഴ്ച രോഗം ബാധിച്ച അഞ്ചുപേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗികളുടെ എണ്ണം 20 ആയി വർധിച്ചതോടെ മരുന്ന് ക്ഷാമം രൂക്ഷമായതായി ആശുപത്രി അധികൃതർ പറഞ്ഞു. അതുകൊണ്ടു തന്നെ പുറത്ത് നിന്ന് മരുന്നെത്തിക്കാനാവുമോയെന്ന ശ്രമത്തിലാണ് അധികൃതർ.

സംസ്ഥാനത്ത് ഇത്രയധികം മരുന്നുകളുടെ ആവശ്യം ഒരുമിച്ച് വന്നതിനാൽ കേന്ദ്രവും കൈമലർത്തുകയാണ്. വൃക്കരോഗമടക്കമുള്ളവർക്ക് ഒരു ദിവസം മാത്രം ആറ് വയലെങ്കിലും മരുന്ന് വേണം. രോഗികൾ കൂടിയതോടെ അമ്പത് വയൽ മരുന്ന് ഇന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മരുന്ന് ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടാത്തത് കൊണ്ട് തന്നെ മരുന്നിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ആരോഗ്യ പ്രവർത്തകർ.

കഴിഞ്ഞദിവസം ലഭിച്ച, വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ രോഗികൾക്ക് നൽകിയതോടെ ആശുപത്രിയിലെ മരുന്ന് ശേഖരം പൂർണമായും തീർന്നു.ബ്ലാക്ക് ഫംഗസ് രോഗികൾ കൂടുകയാണെങ്കിൽ പ്രത്യേകം ഹെൽത്ത് ഡെസ്ക് സൗകര്യമൊരുക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഇ.എൻ.ടി. വാർഡിൽ മറ്റ് രോഗികൾ കുറവായതിനാൽ തത്‌കാലം പ്രശ്നമില്ലെന്നും അധികൃതർ അറിയിച്ചു.ഡൽഹിൽനിന്നുവന്ന കാസർകോട് സ്വദേശിയെയും ഉദയം ചാരിറ്റി ഹോമിൽനിന്നും തൂത്തുക്കുടിയിൽനിന്നുമെത്തിയ കോഴിക്കോട് സ്വദേശികളെയും മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ രണ്ടുപേരെയുമാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജനീവ: ഇന്ത്യയിൽ നിർമ്മിക്കുന്ന നേസൽകൊവിഡ് വാക്സിൻ കുട്ടികളിലെ രോഗബാധയെ ചെറുക്കുന്നതിന് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമിനാഥൻ.കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടയിൽ ആശ്വാസമായാണ് ശിശുരോഗ വിദഗ്ധ കൂടിയായ സൗമ്യ സ്വാമിനാഥന്റെ പ്രസ്താവന. വേനലവധി അവസാനിക്കാറായ ഘട്ടത്തിൽ അധ്യാപകർക്ക് വാക്സിൻ നൽകേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുമ്പോൾ മാത്രമേ സ്‌കൂളുകൾ തുറക്കാൻ പാടുള്ളൂവെന്നും അവർ മുന്നറിയിപ്പ് നൽകി.

ലോകത്താകമാനം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 4 ശതമാനത്തിൽ താഴെ മാത്രമാണ് കുട്ടികൾ. എന്നാൽ കൊവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്.ഫൈസർ വാക്സിൻ കുട്ടികളിൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.അടുത്ത മാസങ്ങളിൽ മറ്റു വാക്സിനുകൾക്കും അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സൗമ്യ പ്രത്യാശപ്രകടിപ്പിച്ചു.

സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷൻ എടുക്കുന്ന സമയം കുറയ്ക്കാനും കഴിയുമെന്നതാണ്‌ നേസൽ വാക്സിന്റെ പ്രധാന സവിശേഷത. കൊവിഡ് വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്സിൻ വൈറസിനെതിരെ പ്രവർത്തിക്കുക.ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികളിൽ കൊവിഡ് ചെറുക്കാൻ ഏറെ ഫലപ്രദമായിരിക്കും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നൽകാൻ എളുപ്പവുമാണ്. കുത്തിവയ്പിനേക്കാൾ കൂടുതൽ പ്രതിരോധശേഷി നേസൽ സ്‌പ്രേയ്ക്ക് നൽകാനാകുമെന്നും സൗമ്യകൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധത്തിനായി 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സംഭാവന ചെയ്യുമെന്ന് ബിസിസിഐ.കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്തിന്റെ മുന്‍നിര പോരാളികളെന്നും അവരെ സംരക്ഷിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.
എല്ലാവരും തോളോടു തോള്‍ ചേര്‍ന്ന് നിന്ന് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കണമെന്നും മഹാമാരിയെ ചെറുക്കാന്‍ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. മഹാമാരിയെ ചെറുക്കാന്‍ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു.

കൊച്ചിയില്‍ ഓട്ടോ ആംബുലന്‍സ് പദ്ധതിക്ക് തുടക്കം.കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തില്‍ ഒരിടയ്ക്ക് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ കൊച്ചിയിലാണ് ഓട്ടോ ആംബുലന്‍സ് സംവിധാനം കേരളത്തില്‍ ആദ്യമൊരുങ്ങിയത്. സംസ്ഥാന സര്‍ക്കാറിന്‍റെയും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് സംരംഭം. ആദ്യ ഘട്ടത്തിൽ 18 ഓട്ടോകളാണ് പ്രവര്‍ത്തനത്തിൽ പങ്കാളികളാവുക. 18 പേരില്‍ ഒരാള്‍ വനിതാ ഡ്രൈവറാണ്. പദ്ധതി കൊച്ചി മേയര്‍ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ ദിവസേനയുള്ള കൊവിഡ് കണക്ക് മൂവായിരത്തിൽ തന്നെ തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് രോഗികളെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാൻ ഓട്ടോ സൗകര്യമൊരുക്കാന്‍ കൊച്ചി നഗരസഭയും മുന്‍കൈയെടുത്തത്. കൊച്ചിയില്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണസംഘവും കൊച്ചി കോര്‍പറേഷനും സഹകരിച്ചാണ് ഓട്ടോ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ജൂണിൽ ആരംഭിക്കുന്ന ഓൺലൈൻ ഓട്ടോ സർവീസായ ഒസ (ഓട്ടോ സവാരി) ആപ്പിന്‍റെ പേരിലാണ്‌ ഓട്ടോ ആംബുലന്‍സ് സേവനവും.

രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുക, മരുന്നുകൾ വിതരണം ചെയ്യുക, പൾസ് ഓക്സിമീറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ്‌ സേവനങ്ങൾ. നേരിയ രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് ആശുപത്രിയിലെത്താൻ ഈ ഓട്ടോ ആംബുലൻസുകളുടെ സഹായം തേടാം. നേരത്തെ രോഗികളെ സഹായിക്കുന്നതിനായി ദില്ലി, അഹമ്മദാബാദ്, ചെന്നൈ, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങളില്‍ നേരത്തെ തന്നെ ഓട്ടോ ആംബുലൻസുകൾ സേവനം ആരംഭിച്ചിരുന്നു.

ഈ ഓട്ടോ ഡ്രൈവർമാരുടെ സ്‍മാര്‍ട്ട് ഫോണുകൾ ജില്ലാതല കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കും. ഫോണിലെ ജി പി എസ് സംവിധാനം ഉപയോഗിച്ച് ഇവർ എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് കണ്ടെത്താന്‍ കഴിയും.കോർപറേഷനിലെ 74 ഡിവിഷനുകളെ എട്ട്‌ സോണുകളാക്കി തിരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. 24 മണിക്കൂറും സൗജന്യ സേവനമാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണൽ ഹെൽത്ത് മിഷൻവഴി പ്രത്യേക പരിശീലനവും ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം രണ്ട് ഷിഫ്റ്റുകളായാണ് സർവീസ് ഒരുക്കുന്നത്.

കൊല്ലം: ജനങ്ങള്‍ സ്വയംചികിത്സയിലേക്ക് വ്യാപകമായി മാറുന്നതിനാല്‍ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് തീവ്രവ്യാപനത്തിലേക്ക് നീങ്ങുമ്പോള്‍ മികച്ച വൈദ്യസഹായം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കിയ ടെലിമെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവിനി പാഴാകുന്നു. കൊറോണയുടെ രണ്ടാം വരവില്‍ സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ജനങ്ങള്‍ക്കിടയില്‍ സ്വയം ചികിത്സയാണ് കൂടുതലായും കാണുന്നതെന്ന് ഡോക്ടര്‍മാരും പറയുന്നു. ടെലിമെഡിസിന്‍ സംവിധാനത്തെ കുറിച്ച് അറിവുണ്ടായിട്ടും രോഗകാര്യങ്ങള്‍ പറഞ്ഞ് മരുന്നിനായി മെഡിക്കല്‍ ഷോപ്പുകളെ അഭയം തേടുന്നവരും വര്‍ധിക്കുകയാണ്.

ഡോക്ടര്‍മാര്‍ ടെലി മെഡിസിന്‍ സംവിധാനത്തെ പൂര്‍ണമായും പിന്താങ്ങുമ്പോള്‍ ജനങ്ങള്‍ പൊതുവെ പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് പ്രശ്‌നമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി അതുവഴിയുണ്ടാവുന്ന രോഗപ്പകര്‍ച്ച തടയുക എന്ന ലക്ഷ്യത്തിലാണ് ടെലിമെഡിസിന്‍ വ്യാപിപ്പിച്ചത്. പക്ഷേ, ജനങ്ങള്‍ക്ക് ഇതിനോട് ഒരു വിശ്വാസക്കുറവ് പോലെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെന്ന പോലെ സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് എത്തുന്നത്.

കൊവിഡ് വ്യാപനം തുടങ്ങിയതോടെ പ്രതിരോധശേഷി ഉറപ്പാക്കാന്‍ വൈറ്റമിന്‍ സി, കാത്സ്യം, മള്‍ട്ടി വിറ്റമിന്‍ ഗുളികകള്‍ തുടങ്ങി വിറ്റമിന്‍ സപ്ലിമെന്റുകള്‍ സ്വയം വാങ്ങിക്കഴിക്കുന്നവരും കുറവല്ല. സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒപി സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒപി യും ഇപ്പോള്‍ ലഭ്യമാണ്. ആന്റി ബയോട്ടിക് വരെ സ്വയം ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്‍കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ വരെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം വാങ്ങി കഴിക്കുകയാണ് ചിലര്‍.ദിവസവും മുപ്പതോളം ഡോക്ടര്‍മാര്‍ ജില്ലയില്‍ മാത്രം ഷിഫ്റ്റ് അനുസരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സന്നദ്ധസംഘടനകളും തദേശസ്വയംഭരണസ്ഥാപനങ്ങളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാരും ടെലിമെഡിസിന്‍ സേവനങ്ങളുമായി സേവനവഴിയിലാണ്.

ജനങ്ങള്‍ പരമാവധി ടെലിമെഡിസിന്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പനി, തലവേദന തുടങ്ങിയവയ്ക്ക് പാരസെറ്റമോള്‍ മരുന്ന് തരാതരം ഉപയോഗിക്കുന്നവര്‍ ഏറെയാണെന്ന് പല മെഡിക്കല്‍ ഷോപ്പുകാരും രഹസ്യമായി സമ്മതിക്കുന്നു. ചുമ, തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ വന്നാല്‍ ഏതു ആന്റിബയോട്ടിക് എന്നൊന്നും നോക്കുന്നില്ല ആരെങ്കിലും ഉപദേശിക്കുന്നതിന് അനുസരിച്ച് വാങ്ങിക്കഴിക്കുകയാണ് ഒരുവിഭാഗം ചെയ്യുന്നത്.