ഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് നല്ലതല്ലെന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല. കൊവിഷീല്‍ഡും കൊവാക്‌സിനും ഇടകലര്‍ത്തി ഉപയോഗിച്ചവരില്‍ പ്രതിരോധശേഷി വര്‍ദ്ധിച്ചുവെന്ന് ഐസിഎംആര്‍ പഠനറിപ്പോര്‍ട്ടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഡോ. സിറസ് പൂനവാല.
രണ്ട് ഡോസും ഒരേ നിര്‍മാതാക്കളുടേത് തന്നെ എടുക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും, വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനോട് താന്‍ എതിരാണെന്നും അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കിയതില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്‌സിന്‍ നിര്‍മാതാക്കളെ എത്തിക്കുമെന്നതാണ് ഇതിന് കാരണമായി സിറസ് പൂനവാല ചൂണ്ടിക്കാട്ടുന്നത്.
രണ്ട് വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നതിനു പകരം തന്റെ കമ്പനി നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡിന്റെ മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് കുറച്ചു കൂടി ഫലപ്രദമായിരിക്കുമെന്ന് സിറസ് വെളിപ്പെടുത്തി. ആറു മാസത്തിനു ശേഷം വാക്‌സിന്റെ പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ തന്നെ മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് നന്നായിരിക്കുമെന്നും സിറസ് പറഞ്ഞു.
രാജ്യത്ത് കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം.

