ന്യുഡൽഹി: ഇനി മുതൽ രാജ്യത്ത് വിദേശ പൗരന്മാർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് വിദേശ പൗരന്മാർക്ക് അവരുടെ പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നും പോർട്ടലിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അവർക്ക് പ്രതിരോധ കുത്തിവയ്പ്പിനുള്ള സ്ലോട്ട് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ വിദേശ പൗരന്മാർക്ക് പ്രത്യേകിച്ചും മെട്രോപൊളിറ്റൻ മേഖലകളിൽ താമസിക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ, ഉയർന്ന ജനസാന്ദ്രത കാരണം കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യോഗ്യരായ എല്ലാ വ്യക്തികളും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് പ്രധാനമാണെന്നാണ് ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. വാക്‌സിനേഷൻ കുത്തിവെയ്പ്പ് നൽകുന്നതിലൂടെ ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കുത്തിവയ്പ് എടുക്കാത്ത വ്യക്തികളിൽ നിന്ന് അണുബാധ പകരുന്നതിനുള്ള സാധ്യതകളും ഇതിലൂടെ കുറയുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.