ഡെൽറ്റാ വകഭേദം; രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ

വാഷിംഗ്ടൺ: രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. കോവിഡിന്റെ ഡെൽറ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് യുഎസ് റെഗുലേറ്റർമാർ അറിയിച്ചു.

ഫൈസർ-ബയോഎൻടെക്, മോഡേണ വാക്‌സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയത്. കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ ഗുരുതരമായ രോഗത്തിന് സാധ്യതയുണ്ടെന്നാണ് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് പറയുന്നത്.

രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് എടുക്കാൻ പാടുള്ളൂവെന്നാണ് എഫ്ഡിഎ നിർദ്ദേശം നൽകിയിരിക്കുന്നത്.