Entertainment (Page 89)

മുംബൈ: ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ ഒടിടിയിലേക്ക്. ചിത്രം മാര്‍ച്ച് 22 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് കാണാം. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്.

മാര്‍ച്ച് 22 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ വരുന്നു, സ്ട്രീമര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.നീക്കം ചെയ്ത നിരവധി രംഗങ്ങള്‍ പഠാന്റെ ഒടിടി പതിപ്പിലുണ്ടാകുമെന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു. 250 കോടിയായിരുന്നു ബഡ്ജറ്റ്.

റിലീസിന് മുമ്‌ബേ തന്നെ വിവാദങ്ങളില്‍ കുടുങ്ങിയ ചിത്രമായിരുന്നു പഠാന്‍. ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കന്നഡ നടന്‍ ചേതന്‍ കുമാറിനെ ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ചേതന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ബജ്‌റംഗി ദളിലെ ശിവകുമാറാണ് ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ചേതന്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ശിവകുമാര്‍ പരാതിയില്‍ ആരോപിച്ചു. ചേതന്‍ കുമാര്‍ അഹിംസ എന്നാണ് ചേതന്‍ കുമാറിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പേര്.

തന്റെ യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ വരുമാനത്തിന്റെ നല്ലൊരു പങ്കും കൊണ്ടുപോയെന്ന വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. തന്റെ പേരില്‍ ലഭിച്ച പ്‌ളേ ബട്ടണ്‍ പോലും തന്നില്ലെന്നും നടി ആരോപിക്കുന്നു. പുതുതായി തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് നടിയും കുടുംബവും ആരോപണം ഉന്നയിച്ചത്.

‘മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു ചാനല്‍ തുടങ്ങിയത്. യുട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇ- മെയില്‍ ഐഡിയും പാസ്വേര്‍ഡും ക്രിയേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സും ഉണ്ടായിരുന്നു. അവര്‍ തന്നെയായിരുന്നു വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്തത്. തന്റെ പേരില്‍ ലഭിച്ച പ്‌ളേ ബട്ടണ്‍ പോലും തന്നില്ല.
ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല’- മീനാക്ഷി പറഞ്ഞു.

ആദ്യമൊക്കെ സാരമില്ല എന്നുകരുതി. ഇപ്പോള്‍ കോട്ടയം എസ് പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.

വയനാട്ടിലെ ചെതലയം വനമേഖലയില്‍ നടക്കുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണാനെത്തിയ ഗോത്ര സമൂഹത്തിന്റെ ക്ഷേമത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി.

കാടുകളുടെ ഉള്‍പ്രദേശങ്ങളില്‍ കബനി നദിയുടെ തീരത്ത് ദരിദ്രരായി കഴിയുന്ന വെട്ടത്തൂര്‍ ഗോത്രവര്‍ഗക്കാരാണ് നടനെയും അണിയറപ്രവര്‍ത്തകരെയും കാണാന്‍ ഇന്നലെ കൊളറാട്ടുകുന്നിലെത്തിയത്. വെട്ടത്തൂര്‍ സ്‌കൂളിലെ (ഒരു അധ്യാപിക മാത്രമുള്ള) ഒരു സിനിമാതാരത്തെ കാണാനും ആദ്യമായി സിനിമാ ഷൂട്ടിങ്ങിന് സാക്ഷ്യം വഹിക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ഥികള്‍.

മമ്മൂട്ടി അവരുടെ പഠനത്തെ കുറിച്ച് ചോദിച്ചറിയുകയും അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഒപ്പമുണ്ടാകുമെന്നറിയിച്ചു. അവര്‍ക്ക് പുതിയ വസ്ത്രങ്ങളും വാഗ്ദാനം ചെയ്തു.

ചെന്നൈ: സംവിധായികയും സൂപ്പര്‍ താരം രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തിന്റെ ചെന്നൈയിലെ തേനാംപേട്ടിലെ സെന്റ് മേരീസ് റോഡിലുള്ള വസതിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.

ഫെബ്രുവരി 27 ന് തന്റെ വീട്ടിലെ ലോക്കറില്‍ നിന്ന് 60 പവനോളം വിലപിടിപ്പുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് തേനാംപേട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. ഡയമണ്ട് സെറ്റുകള്‍, അണ്‍കട്ട് ഡയമണ്ട്, ടെമ്ബിള്‍ ജ്വല്ലറി കളക്ഷന്‍,ആന്റിക് ഗോള്‍ഡ് പീസുകള്‍, നവരത്നം സെറ്റുകള്‍, വളകള്‍ അടക്കം ലക്ഷക്കണക്കിന് വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.

അതേസമയം, വീട്ടില്‍ ജോലി ചെയ്യുന്ന മൂന്ന് ജോലിക്കാരാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നതെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019ല്‍ സഹോദരി സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിന് അണിയാനായി വാങ്ങിയ ആഭരങ്ങളാണ് മോഷണം പോയിരിക്കുന്നത്. വീടിന്റെ ലോക്കറിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചുവെന്ന് ഐശ്വര്യ രജനികാന്ത് പരാതിയില്‍ പറയുന്നു. ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് വീട്ടുജോലിക്കാര്‍ക്ക് അറിയാമെന്നും ഐശ്വര്യയുടെ പരാതിയിലുണ്ട്.

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇനി ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളിലും റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഹോംബാലെ ഫിലിംസ്’ ആണ് ഈ സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ‘ഇത് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അന്താരാഷ്ട്ര പ്രേക്ഷകരുടെ ആവശ്യത്തിന് നന്ദി. ‘കാന്താര’ ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ റിലീസ് ചെയ്യുന്നു,’ -ഇറ്റാലിയന്‍ ഭാഷയില്‍ ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്തു.

ജാപ്പനീസ് ഭാഷയിലും റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കന്നഡയില്‍ മാത്രമാണ് ആദ്യം കാന്താര പുറത്തിറങ്ങിയത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റം നടത്തി റിലീസ് ചെയ്തു. ശേഷം ഒരു ഇംഗ്ലീഷ് പതിപ്പും പുറത്തിറങ്ങി.

അതേസമയം, റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷം ഐക്യരാഷ്ട്രസഭയിലെ ജനീവയില്‍ പാഥെ ബാലെക്സെര്‍ട്ട് തിയേറ്ററില്‍ കാന്താര വീണ്ടും പ്രദര്‍ശിപ്പിച്ചു. അകാലത്തില്‍ വിടപറഞ്ഞു പോയ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് യുഎന്നിലാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ സ്‌ക്രീനിംഗ് നടന്നത്.

ബ്രഹ്മപുരം സംഭവം സിനിമയാകുന്നു. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ ആണ് നായകനായെത്തുന്നത്.

അനില്‍ തോമസാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. തീപിടിത്തം പ്ലാന്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് സൂചന. ചിത്രത്തിന് മറയൂരില്‍ തുടക്കമായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗുവാഹത്തി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അസം സര്‍ക്കാര്‍ സമ്മാന തുകയായി നല്‍കിയ ചെക്കുകള്‍ മടങ്ങി. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് വിതരണം. വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്.

‘വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്. അധികം വൈകാതെ ചെക്ക് മടങ്ങിയതായി ബാങ്കില്‍ നിന്നും വിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ വൃത്തങ്ങളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ചെക്ക് അനുവദിച്ച സര്‍ക്കാര്‍ അക്കൌണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെന്നാണ് അറിയിച്ചത്’ – അവാര്‍ഡ് ജേതാവ് അപരാജിത പൂജാരി ഒരു മാധ്യമത്തോട് പറഞ്ഞു. 2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് പൂജാരി നേടിയിരുന്നു.

അസം സ്റ്റേറ്റ് ഫിലിം ഫിനാന്‍സ് & ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചെക്കുകളില്‍ സംസ്ഥാന കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’യുടെ പകര്‍പ്പാവകാശ കേസില്‍ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിനിമയുടെ വിതരണക്കാരന്‍ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ കേസ്.

അതേസമയം, സിനിമയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷിയായ നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്ബനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികള്‍ക്ക് കാരണം.