Entertainment (Page 90)

ഇസ്ലാമാബാദ്: ആക്ഷേപകരമായ ഉള്ളടക്കമുള്ള സിനിമ ആയതിനാല്‍ പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. സെയിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാന്‍ഡിനെതിരെയാണ് സര്‍ക്കാര്‍ നടപടി.

കുടുംബപാരമ്ബര്യം തുടരാനായി ഒരു ആണ്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പിന്നീട് ട്രാന്‍സ് യുവതിയും ഒരു യുവാവും തമ്മിലുള്ള പ്രണയത്തിലേക്ക് കഥാഗതി മാറുന്നു. കാന്‍ ചലച്ചിത്രമേളയില്‍ ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രത്തിന് അണ്‍ സെര്‍ട്ടന്‍ റിഗാര്‍ഡ് ജൂറി പ്രൈസും ക്വീര്‍ പാം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. എന്നാല്‍, ഈ സിനിമ പക്ഷേ ഇസ്ലാമികവിരുദ്ധമാണെന്നാണ് പാകിസ്താനിലെ മതമൗലികവാദികള്‍ ആരോപിക്കുന്നത്.പാകിസ്താന്‍ ഒരു ഇസ്ലാമിക രാജ്യമാണ്, അതിനെതിരെ ഒരു നിയമവും പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും അനുവദിക്കാനാവില്ലെന്നാണ് പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമിയുടെ സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, സിനിമയ്ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ഓസ്‌കര്‍ നോമിനേഷനില്‍ തടസ്സമുണ്ടാകുമെന്നാണ് വിവരം.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച നടി ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ ബോഡി ഷെയ്മിങ്ങിനും വിധേയയിട്ടുണ്ട് ഹണി റോസ്. തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഹണി റോസിന്റെ പ്രതികരണം

ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെര്‍ഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും ഞാന്‍ സെര്‍ച്ച് ചെയ്യാറില്ല. സ്വഭാവികമായിട്ടും അതെല്ലാം നമ്മുടെ മുന്നില്‍ വരുമല്ലോ. തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ ഇക്കാര്യത്തില്‍ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മള്‍. ബോഡി ഷെയിമിങ്‌ന്റെ എക്‌സ്ട്രീം ലെവല്‍ ആണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ല. എന്നാലും എത്രയെന്ന് വച്ചിട്ടാണ് പരാതി കൊടുക്കുക. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്. നമ്മള്‍ പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകള്‍ മാത്രം ചെയ്യുന്നതാണ്. അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയില്‍ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാന്‍ എവിടെയും കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മള്‍ പുറത്തിറങ്ങുമ്‌ബോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.

മുംബൈ: നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ ഇന്നലെ രാത്രി
കസ്റ്റംസ് തടഞ്ഞു.

വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്.

അതേസമയം, നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

‘പടവെട്ട്’ സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഒരു നടിയ്ക്കും ഡബ്ല്യുസിസിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പത്രസമ്മേളനത്തില്‍ ലിജു കൃഷ്ണ ഉന്നയിച്ചത്. നടി തന്നെ മാനസികമായി വേട്ടയാടുകയാണെന്നും തന്റെ സിനിമയ്ക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. കൂടാതെ തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍നിന്ന് മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചിരുന്നു.

എന്നാല്‍, സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതില്‍ കൂട്ടായി പ്രവര്‍ത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതു കൊണ്ടുമാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല.കാരണം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതില്‍ കൂട്ടായി പ്രവര്‍ത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നതുകൊണ്ടുമാണ്.

സിനിമയുടെ എഴുത്തില്‍ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാര്‍ച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, അവരുടെ സംഘടനയില്‍ നിന്ന് അദ്ദേഹത്തിന്റെ താല്‍കാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.

പക്ഷേ പടവെട്ട് സിനിമയുടെ നിര്‍മാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നല്‍കിയ വേദികളില്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിന്‍ പോള്‍ എന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പലതവണ ആരോപിക്കുകയുണ്ടായി.

ഇരയില്‍ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്‌കരമായ യാത്രയില്‍ ഞങ്ങളെ സമീപിച്ച സ്ത്രീകള്‍ക്കൊപ്പം WCC എല്ലായ്‌പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിര്‍ബന്ധമാക്കിയ ഈ വേളയില്‍ ഇരകളെ പിന്തുണയ്ക്കുകയും, അധികാരികളുടെ മുന്നില്‍ കുറ്റാരോപിതരെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്.അതില്‍ ലിജു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

ലിജു കൃഷ്ണയ്ക്കെതിരെ ബലാല്‍സംഘത്തിനും ആക്രമണത്തിനും പോലീസ് ചുമത്തിയ കേസുകള്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞങ്ങള്‍ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.

കേരളം സര്‍ക്കാര്‍ രുപീകരിച്ച വനിതാ സിനിമാ പദ്ധതിയിലെ ആദ്യഘട്ടത്തിലെ രണ്ടു ചിത്രങ്ങളിലൊന്നായ ചിത്രം ‘നിഷിദ്ധോ’ തിയേറ്ററുകളില്‍ എത്തി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ചതാണ് താരാ രാമാനുജന്‍ സംവിധാനം ചെയ്ത ഈ ചിത്രം. ഐ.എഫ്.എഫ്.കെ ഉള്‍പ്പെടെയുള്ള വിവിധ ചലച്ചിത്രോത്സവ വേദികളില്‍ പ്രേക്ഷക ശ്രദ്ധ നേടുകയും അന്താരാഷ്ട്ര തലത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ചിത്രത്തില്‍ കനി കുസൃതി, തന്‍മയ് ധനാനിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സ്ത്രീകള്‍ ചലച്ചിത്ര രംഗത്തേക്ക് കൂടുതല്‍ കടന്നു വരാനായി സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ എസ് എഫ് ഡി സി ) മുഖേന നടത്തുന്ന പദ്ധതിയാണ് ‘ഫിലിംസ് ഡയറക്റ്റഡ് ബൈ വുമണ്‍’. ഇതിനായി കെ എസ്എഫ് ഡി സി സ്ത്രീ ചലച്ചിത്രപ്രവര്‍ത്തകരില്‍ നിന്ന് തിരക്കഥകള്‍ ക്ഷണിക്കുകയും അതില്‍നിന്ന് അര്‍ഹമായ, സാമൂഹിക പ്രസക്തിയുള്ള തിരക്കഥകള്‍ തിരഞ്ഞെടുത്തത് അവര്‍ക്ക് വേണ്ട സാമ്ബത്തിക സഹായം നല്‍കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു പദ്ധതിയുടെ അവസരം മനസിലാക്കി അതിനായി അപേക്ഷിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച ബഡ്ജറ്റിനുള്ളില്‍ നിന്ന് നിര്‍മിച്ച ചിത്രമാണ് താര രാമാനുജന്‍ സംവിധാനം ചെയ്ത ‘നിഷിദ്ധോ.’ ചിത്രത്തിന്റെ സാമൂഹിക പ്രസക്തി കണക്കിലെടുത്ത് വിനോദ നികുതിയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് ‘നിഷിദ്ധോ’ പ്രമേയമാക്കുന്നത്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നിഷിദ്ധോയിലൂടെ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ.ആര്‍.മോഹനന്‍ പുരസ്‌കാരം താര രാമാനുജന്‍ നേടിയിരുന്നു.

ആലപ്പുഴ: സാമ്ബത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ പഠനം നിലച്ച വിദ്യാര്‍ത്ഥിനിയ്ക്ക് കൈത്താങ്ങായി തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അദ്ദേഹം വിദ്യാര്‍ത്ഥിനിയുടെ പഠന ചിലവ് ഏറ്റെടുക്കുന്നത്.

പ്ലസ് ടുവില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥി കൃഷ്ണ തേജയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യം അദ്ദേഹം അല്ലു അര്‍ജുനെ അറിയിച്ചത്. ‘വി ആര്‍ ഫോര്‍ ആലപ്പി’ എന്ന പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ പഠന ചിലവ് ഏറ്റെടുത്തത്. പ്ലസ്ടുവില്‍ 92 ശതമാനം മാര്‍ക്കോടെ പാസ്സായ വിദ്യാര്‍ത്ഥിനിയുടെ ലക്ഷ്യം നഴ്സിംഗ് ആണ്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചതിനാല്‍ മാനേജ്മെന്റ് സീറ്റിലേക്കായിരുന്നു വിദ്യാര്‍ത്ഥിനി അപേക്ഷ നല്‍കിയത്. ഇതേ തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ വന്‍ തുക ആവശ്യമാണ്. ഇത് നല്‍കാന്‍ മാര്‍ഗ്ഗമില്ലാതെ ആയതോടെയാണ് വിദ്യാര്‍ത്ഥിനി മാതാവിനും, സഹോദരനുമൊപ്പം കളക്ടറെ കാണാന്‍ എത്തിയത്. വിദ്യാര്‍ത്ഥിനിയുടെ നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെയാണ് അല്ലു അര്‍ജുന്‍ വഹിക്കുക.

തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന്‍ (നവംബര്‍ 11 വെള്ളിയാഴ്ച) മുതല്‍ ആരംഭിക്കും. രാവിലെ പത്ത് മണി മുതല്‍ www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും പൊതു ജനങ്ങള്‍ക്ക് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേനെ നേരിട്ടും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

ഡിസംബര്‍ ഒമ്ബത് മുതല്‍ 16 വരെയാണ് മേള. തലസ്ഥാനത്തെ 14 തിയേറ്ററുകളിലാണ് മേള നടക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മഹ്നാസ് മുഹമ്മദിക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം സമ്മാനിക്കും.

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.

ഇറാന്‍ ചിത്രം ഹോപ് / ഷെയ്ന്‍ ബേ സര്‍, തുര്‍ക്കി ചിത്രം കെര്‍, ഇസ്രയേല്‍ ചിത്രം കണ്‍സേഡ് സിറ്റിസണ്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, ടൂണിഷ്യന്‍ ചിത്രം ആലം റഷ്യന്‍ ചിത്രം കണ്‍വീനിയന്‍സ് സ്റ്റോര്‍, ബൊലീവിയന്‍ ചിത്രം ഉട്ടാമ, വിയറ്റ്‌നാംചിത്രം മെമ്മറിലാന്‍ഡ്, ടാന്‍സാനിയന്‍ ചിത്രം ടഗ് ഓഫ് വാര്‍, യുക്രയ്ന്‍ ചിത്രം ക്ലോണ്ടികെ എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ നിന്ന് അറിയിപ്പ് ,നന്‍പകല്‍ നേരത്തു മയക്കം, എ പ്‌ളെയിസ് ഒഫ് ഔര്‍ ഓണ്‍, ഔര്‍ ഹോം എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച കാന്താര സെപ്റ്റംബര്‍ 30നായിരുന്നു പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. തുടര്‍ പരാജയങ്ങള്‍ നേരിടുന്ന ബോളിവുഡില്‍ ചെറുതല്ലാത്ത തരംഗം തന്നെ കാന്താര കാഴ്ചവച്ചു. ആരവങ്ങളും അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത കാന്താര ബോക്‌സ് ഓഫീസില്‍ ഓരോ ദിനവും തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ കാന്താരയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

നാലാമത്തെ ആഴ്ചയിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളി 2.10 കോടി, ശനി 4.15 കോടി, ഞായര്‍ 4.50 കോടി, തിങ്കള്‍ 2 കോടി, ചൊവ്വ 2.60 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ ആഴ്ചയിലെ കളക്ഷന്‍. ആകെ മൊത്തം ഹിന്ദി ബോക്‌സ് ഓഫീസില്‍ 67 കോടി ചിത്രം പിന്നിട്ടു കഴിഞ്ഞതായി ട്രെഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. ഈ നിലയിലാണ് ചിത്രത്തിന്റെ പ്രകടനമെങ്കില്‍ ഉടന്‍ തന്നെ ബോളിവുഡില്‍ കാന്താര 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, കാന്താരയുടെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നടി നിമിഷ സജയന്‍ നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയതായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും നിമിഷക്ക് അയച്ച സമന്‍സ് പരിഗണിച്ച് ഹാജരായ ഇവരുടെ അമ്മ ഇതു സംബന്ധിച്ച് കുറ്റസമ്മതം നടത്തിയതായും സന്ദീപ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു . എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു .

സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്.

ടാക്‌സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല.. പിന്നെയാ…