Entertainment (Page 88)

ഹൈദരബാദ്: ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംഗീത സംവിധായകന്‍ ദേവി ശ്രീപ്രസാദിനെതിരെ കേസെടുത്തു. ‘ഒ പരി’ എന്ന പുതിയ മ്യൂസിക് ആല്‍ബത്തില്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണി നല്‍കിയ പരാതിയില്‍ പറയുന്നു.

അശ്ലീല വസ്ത്രം ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ഗാനത്തില്‍ സംഗീത സംവിധായകന്‍ ഭക്തി ഗാനങ്ങള്‍ ഉപയോഗിച്ചു, ഇതു ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കരാട്ടെ കല്യാണിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദേവി ശ്രീ പ്രസാദ് നിരുപാധികം മാപ്പ് പറയണമെന്നും ആല്‍ബത്തിലെ ‘കൃഷ്ണാ ഹരേ, രാമ ഹരേ’ എന്ന ഭാഗം നീക്കം ചെയ്യണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് തന്നെ പാടി അഭിനയിച്ചിരിക്കുന്ന ആല്‍ബം തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവിധ ഭാഷകളിലായി പാട്ട് പുറത്തിറങ്ങിയത്. കരാട്ടെ കല്യാണിയുടെ പരാതിയില്‍ ഹൈദരാബാദ് സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. ദേവി ശ്രീപ്രസാദിനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സൈബര്‍ ക്രൈം എസിപി കെവിഎം പ്രസാദ് വ്യക്തമാക്കി.

നടന്‍ ശ്രീനിവാസന്‍ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന്് മകനും സിനിമാതാരവുമായ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. ശ്രീനിവാസന്‍ അഭിനയിക്കുന്ന കുറുക്കന്‍ എന്ന സിനിമയുടെ ഷൂട്ടിങ് മറ്റന്നാള്‍ ആരംഭിക്കും. ദുബൈയില്‍ അഡ്വ. മുകുന്ദനുണ്ണി ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

അതേസമയം, മീശമാധവന്‍ എന്ന സിനിമയില്‍ സലീം കുമാര്‍ അവതരിപ്പിച്ച അഡ്വ. മുകുന്ദനുണ്ണിയുമായി പുതിയ സിനിമയിലെ മുകുന്ദനുണ്ണിക്ക് ബന്ധമില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. സ്വാര്‍ഥനും അത്യാഗ്രഹിയുമായ അഭിഭാഷകന്റെ കഥ പറയുന്ന അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഈ മാസം 11ന് ഗള്‍ഫിലെ തിയേറ്ററുകളിലെത്തും.

മഹേഷ് മഞ്ജരേക്കര്‍ നിര്‍മ്മിക്കുന്ന മറാത്തി ചിത്രത്തില്‍ ഛത്രപതി ശിവജിയായി അക്ഷയ് കുമാര്‍ എത്തുന്നു. വേദന്‍ത് മറാത്തെ വീര്‍ ദൗദലെ സാത്ത് എന്ന മറാത്തി ചിത്രത്തിലാണ് ഛത്രപതി ശിവജിയായി അക്ഷയ് കുമാര്‍ എത്തുന്നത്.

ബോളിവുഡ് ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രമാണിത്. ഛത്രപതി ശിവാജി മഹാരാജിന്റെ വേഷം ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും അതിനായി ഞാന്‍ പരിശ്രമിക്കുമെന്നും ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. രാജ് താക്കറെയാണ് താന്‍ ഈ ചിത്രത്തിലേക്ക് എത്താന്‍ കാരണമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഫൗണ്ടര്‍ രാജ് താക്കറെ എന്നിവരും പങ്കെടുത്തു. വേദാന്ത് മറാത്തെ വീര്‍ ദൗദലെ സാത്, മറാത്തി ഭാഷയ്ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറക്കും.

ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ചിത്രം എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. ആഗോളതലത്തില്‍ 300 കോടിയിലധികം ചിത്രം സ്വന്തമാക്കിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തിയ മലയാളം പതിപ്പും മികച്ച പ്രതികരണമാണ് നേടുന്നത്. ഹിന്ദിയിലടക്കം വിസ്മയിപ്പിക്കുന്ന കളക്ഷനാണ് ‘കാന്താര’ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് ഋഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക’- എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ‘ഗന്ധഡ ഗുഡി’ എന്ന സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആരാധക പ്രവാഹം. ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കര്‍ണാടകയില്‍ ‘കാന്താര’യുടെ ഓപ്പണിംഗ് കളക്ഷനെ മറികടന്നു. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് ചിത്രം

കന്നഡയ്ക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തു. അമോഘവര്‍ഷ സംവിധാനം ചെയ്ത ചിത്രം ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കര്‍ണാടകയിലെ വന്യജീവി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന പുനീത് കഥാപാത്രം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നു എന്നാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം.

കന്നട ചിത്രം കാന്താരയിലെ കോപ്പിയടി വിവാദത്തില്‍ വീണ്ടും കോടതി ഇടപെടല്‍. വരാഹരൂപം എന്ന ഗാനം ഉള്‍ക്കൊള്ളിച്ച് സിനിമ തിയേറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു. കോപ്പിറൈറ്റ് ഉടമകള്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് ഉത്തരവിട്ടത്.

നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക്, ജിയോസവന്‍ എന്നിവരെയാണ് ഗാനം തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും റിലീസ് ചെയ്യുന്നതില്‍ നിന്നും സ്ട്രീം, വിതരണം എന്നിവയില്‍ നിന്നും തടഞ്ഞത്.

പ്രമുഖ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ തനിപകര്‍പ്പാണെന്ന വാദം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

തന്റെ സിനിമയിലൂടെ ഹിന്ദുത്വ ഉള്ളടക്കങ്ങളെ പിന്തുണയ്ക്കില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇന്ത്യയിലെ പൗരനെന്ന നിലയില്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ വെബ് സീരീസായ മുക്ബീറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

‘ശരിയാണ്. സമീപകാല സിനിമകളിലെ ഹിന്ദുത്വ അജണ്ടകളെ ഞാനും കാണാറുണ്ട്. ഒരു പൗരനെന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് എനിക്ക് മനസിലാവും. ഞാനത് പ്രോത്സാഹിപ്പിക്കില്ല. മുക്ബീര്‍ അങ്ങനെയുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. ആരാലും പ്രകീര്‍ത്തിക്കപ്പെടാത്ത സ്പൈ ഏജന്റുമാരെ കുറിച്ചുള്ളതാണ് ഈ വെബ് സീരീസ്’- അദ്ദേഹം വ്യക്തമാക്കി.

ദേശസ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് ചിലര്‍ തീരുമാനിക്കുന്നുവെന്നും പ്രകാശ് രാജ് പ്രതികരിച്ചു. ‘അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്? രാജ്യത്തോടുള്ള സ്നേഹമെന്താണ്? രാജ്യത്തോടുള്ള സ്നേഹം എങ്ങനെയാണ് ഒരാള്‍ പ്രകടിപ്പിക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഒരു കര്‍ഷകന്‍ കൃഷി ചെയ്താണ് രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. ഈ രാജ്യത്തെ എല്ലാവരും സ്നേഹിക്കുന്നുണ്ട്. ഡ്രൈവര്‍ വണ്ടിയോടിക്കുന്നു. പൈലറ്റ് വിമാനം പറത്തുന്നു. ലോക്കോ പൈലറ്റ് ട്രെയിന്‍ ഓടിക്കുന്നു. ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആര്‍ക്കിടെക്ടുകളും കലാകാരന്മാരുമെല്ലാം ജോലി ചെയ്യുന്നു. അവരെല്ലാം ഈ രാജ്യത്തിന്റെ ഭാഗമാണ്. അവരെല്ലാം രാജ്യത്തെ സ്‌നേഹിക്കുന്നു. ഇക്കാലത്ത് ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമാണ്’- പ്രകാശ് രാജ് പറഞ്ഞു.

നടന്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ എക്സില്‍ നിന്ന് വൈ+ ആക്കി ഉയര്‍ത്തി. അതിനാല്‍ ഇനിമുതല്‍ താരത്തിനൊപ്പം സായുധരായ രണ്ട് കാവല്‍ക്കാര്‍ എപ്പോഴും ഉണ്ടായിരിക്കും.

കൂടാതെ അദ്ദേഹത്തിന്റെ വസതിയില്‍ 24 മണിക്കൂറും രണ്ട് ഗാര്‍ഡുകള്‍ നിലയുറപ്പിക്കും. സല്‍മാന്‍ ഖാന് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നാണ് മുംബൈ പോലീസിന്റെ പ്രൊട്ടക്ഷന്‍ ബ്രാഞ്ച് ഈ തീരുമാനമെടുത്തത്. നേരത്തെ സല്‍മാന്റെ സുരക്ഷയ്ക്കായി ഒരു സായുധ കാവല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ സല്‍മാന്‍ ഖാനുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. കൊലപാതകം നടത്തുന്നതിനായി ഈ സംഘത്തിലെ അംഗങ്ങള്‍ നടന്റെ ഫാം ഹൗസിന് പുറത്ത് നിലയുറപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ പോലീസിന്റെ പ്രൊട്ടക്ഷന്‍ ബ്രാഞ്ച് ഇപ്പോള്‍ സല്‍മാന്‍ ഖാന്റെ സുരക്ഷാ കവര്‍ Y+ ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു.

സെപ്റ്റംബര്‍ 30നാണ് കാന്താര റിലീസ് ചെയ്തത്. ‘കാന്താര’ക്കായി നടത്തിയ പ്രയത്‌നങ്ങളില്‍ അഭിനയമായിരുന്നു ഏറ്റവും കഠിനമെന്ന് റിഷബ് ഷെട്ടി പറയുന്നു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ദൈവകോലമായുള്ള സീക്വന്‍സിനായി നേരത്തെ പ്രയത്‌നങ്ങള്‍ തുടങ്ങി. താന്‍ തളര്‍ന്നിരുന്നാല്‍ കൂടെയുള്ളവരെ അത് ബാധിക്കുമെന്നതിനാല്‍ ഓരോ തവണയും മുന്നോട്ട് പോയിരുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ചോദിക്കുമ്‌ബോള്‍ മാത്രമാണ് ആ ദിനങ്ങള്‍ കഠിനമായിരുന്നു എന്ന് ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാന്താരയ്ക്കായുള്ള എഴുത്തും, സംവിധാനവും, അഭിനയവുമായി താരതമ്യപ്പെടുത്തിയാല്‍ തീര്‍ച്ചയായും അഭിനയമായിരുന്നു കഠിനം. ആക്ഷന്‍ സീക്വന്‍സുകള്‍ക്കായായിരുന്നു ബുദ്ധിമുട്ടിയത്. ദൈവ കോലമായുള്ള സീക്വന്‍സിനായി 50 -60 കിലോ ഭാരം ദേഹത്ത് വഹിക്കേണ്ടതായി വന്നിട്ടുണ്ട്. ആ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിന് 20 – 30 ദിവസങ്ങള്‍ക്ക് മുന്‍പേ ഞാന്‍ മാംസാഹാരം കഴിക്കുന്നത് നിര്‍ത്തി. ദൈവ കോലം കെട്ടിയ ശേഷം കരിക്ക് വെള്ളം മാത്രമാണ് കുടിച്ചത്, മറ്റൊന്നും കഴിക്കില്ല. സീക്വന്‍സിന് മുന്‍പും ശേഷവും അവര്‍ എനിക്ക് പ്രസാദം തരുമായിരുന്നു. അവസാനമാകുമ്‌ബോഴേയ്ക്കും ഞാന്‍ തളരും. എന്നാലും ഞാന്‍ എഴുന്നേല്‍ക്കും, അല്ലാത്ത പക്ഷം ചുറ്റുമുള്ളവരുടേയും ഊര്‍ജ്ജം കുറയും. ഷൂട്ടിങ്ങിനിടയില്‍ ഈ ബുദ്ധിമുട്ടുകളേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങള്‍ അതേക്കുറിച്ച് ചോദിക്കുമ്‌ബോഴാണ് ഞാനിത് ഓര്‍ത്ത് സംസാരിക്കുന്നത്. തീച്ചൂള കൊണ്ട് അടിക്കുന്ന രംഗം യഥാര്‍ത്ഥമായിരുന്നു. എനിക്ക് പുറത്ത് പൊള്ളലേറ്റു. അതിന്റെ വേദനയേക്കാള്‍ എനിക്കത് ചെയ്യാനുള്ള ആഗ്രഹമായിരുന്നു വലുത്’- റിഷഭ് ഷെട്ടി വ്യക്തമാക്കി.

ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ്, കൃത്യമായി സ്‌ക്രിപ്റ്റ് എഴുതി ചിത്രീകരിക്കുകയായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോ വരിയില്‍ എഴുതിയിരുന്ന ദേവ കോലമായുള്ള സീക്വന്‍സില്‍ ചിത്രീകരണം എങ്ങനെ പോകുമെന്ന് ആര്‍ക്കും അറിയില്ല. മനസില്‍ ഉള്ള വിഷ്വലുകളെ ഛായാഗ്രാഹകനും ഫൈറ്റ് മാസ്റ്റര്‍ക്കും വിശദീകരിച്ച് നല്‍കി, പരമ്ബരാഗത സംഗീതം കേട്ടുകൊണ്ട് ചിത്രീകരിക്കുകയായിരുന്നെന്നും റിഷബ് ഷെട്ടി പറഞ്ഞു.

ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ റിഷബ് ഷെട്ടിക്ക് പുറമെ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവംബര്‍ മാസത്തില്‍ ആഴ്ചയില്‍ എട്ട് ചിത്രങ്ങള്‍ വരെ റിലീസുണ്ട്. ജീത്തു ജോസഫ്, ആസിഫ് അലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കൂമന്‍, നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന സാറ്റര്‍ഡേ നൈറ്റ്, ഷറഫുദ്ദീനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോ, ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂയിസ് , റോഷന്‍ മാത്യു നായകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചതുരം ,പുതുമുഖങ്ങളുടെ എല്ലാം സെറ്റാണ്, പാന്‍ ഇന്ത്യന്‍ ചിത്രമായ ബനാറസ് എന്നീ ചിത്രങ്ങള്‍ നവംബര്‍ 4നാണ് റിലീസ് ചെയ്യുന്നത്.

പുതുമുഖ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ശ്രീനാഥ് ഭാസി ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീ, ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ നായകന്‍മാരാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ. പുതുമുഖങ്ങളുടെ ഏദം, മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന സിഗ് നേച്ചര്‍, അനൂപ് പദ്മനാഭന്‍ സംവിധാനം ചെയ്യുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം തട്ടാശേരി കൂട്ടം, ഇന്ദ്രന്‍സ്, കൈലാഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗില ഐലന്‍ഡ്, മുഹമ്മദ് റാഫി സംവിധാനം ചെയ്യുന്ന പായ്ക്കപ്പല്‍ എന്നീ ചിത്രങ്ങള്‍ നവംബര്‍ 11നും റിലീസ് ചെയ്യും. സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന യശോദ എന്ന ചിത്രവും 11ന് റിലീസിനെത്തുന്നുണ്ട്.

നിരഞ്ജ് മണിയന്‍പിള്ള രാജുവിനെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം, ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന പെര്‍ഫ്യൂം എന്നീ ചിത്രങ്ങള്‍ 18നും, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന വീകം ,ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ 25നും എത്തും.