കോപ്പിയടി വിവാദം: കാന്താരയിലെ ‘വരാഹരൂപം’ തിയേറ്ററുകളിലും ഒ.ടി.ടിയിലും പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു

കന്നട ചിത്രം കാന്താരയിലെ കോപ്പിയടി വിവാദത്തില്‍ വീണ്ടും കോടതി ഇടപെടല്‍. വരാഹരൂപം എന്ന ഗാനം ഉള്‍ക്കൊള്ളിച്ച് സിനിമ തിയേറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു. കോപ്പിറൈറ്റ് ഉടമകള്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് ഉത്തരവിട്ടത്.

നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക്, ജിയോസവന്‍ എന്നിവരെയാണ് ഗാനം തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും റിലീസ് ചെയ്യുന്നതില്‍ നിന്നും സ്ട്രീം, വിതരണം എന്നിവയില്‍ നിന്നും തടഞ്ഞത്.

പ്രമുഖ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ തനിപകര്‍പ്പാണെന്ന വാദം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.