Entertainment (Page 58)

ചെന്നൈ: ചെന്നൈയിൽ നടന്ന എ.ആർ.റഹ്മാൻ ഷോയുടെ സംഘാടനത്തിൽ വന്ന പിഴവിനെച്ചൊല്ലി വിമർശനവുമായി ആരാധകർ. ‘മറക്കുമ നെഞ്ചം എന്ന പേരിൽ നടത്തിയ സംഗീത പരിപാടിക്കെതിരെയാണ് ആരാധകർ രംഗത്തുവന്നിട്ടുള്ളത്. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്ത്പോലും എത്താൻ സാധിച്ചില്ല. ടിക്കറ്റ് എടുത്തവർ എത്തുന്നതിനു മുന്നേ അവരുടെ സീറ്റുകൾ മറ്റു ചിലർ കയ്യേറിയെന്നാണ് ആക്ഷേപം. ഇത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നു ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അമർഷം സൂചിപ്പിച്ചത്. എ.ആർ.റഹ്മാനെയും സംഘാടകസമിതിയെയും വിമർശിച്ചുകൊണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി.

ഇപ്പോൾ സംഭവത്തിൽ ക്ഷമാപണവുമായി എആർ റഹ്മാനും മുന്നോട്ട് വന്നു. താൻ ഭയങ്കര അസ്വസ്ഥനാണെന്നും ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ജോലി ഗംഭീരമായി ഷോ ചെയ്യുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേതുമഴ പെയ്യരുത് എന്നതുമാത്രമായിരുന്നു എന്റെ ചിന്തയും ആഗ്രഹവും. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ വച്ച് സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. തിരക്കിനിടയിൽ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തിൽ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും പറഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യപ്രതികരണവുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് എആർ റഹ്മാന്റെ പ്രതികരണം.

സൂപ്പർ സ്റ്റാർ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.താത്കാലികമായി തലൈവർ 171 എന്നാണ് ചിത്രത്തിന് പേരുനൽകിയിട്ടുള്ളത്. രജനികാന്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ജയിലറർ സൂപ്പർ ഹിറ്റായി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രൊഡക്ഷൻ ഹൗസായ സൺ പിക്‌ചേഴ്‌സ് തലൈവർ 171 നെ കുറിച്ചുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. സംവിധായകൻ ലോകേഷ് കനകരാജ്, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, ആക്ഷൻ ഡയറക്ടർ അൻബരിവ്, നിർമ്മാതാവ് കലാനിധി മാരൻ എന്നിവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നാണ് കിട്ടുന്ന വിവരം.

ലോകേഷ് സംവിധാനം ചെയ്തു ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ചിത്രം സൂപ്പർഹിറ്റാവുകയും ചെയ്തു. ഇപ്പോൾ വിജയ് ചിത്രം ലിയോയുടെ പണിപ്പുരയിലാണ് ലോകേഷ്. കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അദ്ദേഹം ആരംഭിച്ചിരുന്നു. വിജയ് ചിത്രം ലിയോ അത്തരത്തിലുള്ള ഒന്നാണോ എന്ന് ആരാധകർ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. രജനികാന്ത് ചിത്രം പ്രഖ്യാപിക്കുമ്പോൾ ഇതും അത്തരത്തിലുള്ള ചിത്രമായിരിക്കുമോ എന്ന് ആരാധകർ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്.

മലയാളത്തിൽ സൂപ്പർഹിറ്റായി മാറി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ആർഡിഎക്സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസുകൊണ്ട് സിനിമ വൻ സ്വീകാര്യതയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാൻ തമിഴ് സൂപ്പര്‍ സ്റ്റാറുകളാണ് ശ്രമിക്കുന്നത്. ഈ കൂട്ടത്തില്‍ മുൻനിരയില്‍ കമല്‍ഹാസന്റെ രാജ്‍കമല്‍ ഇന്റര്‍നാഷണല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജാണ് ഇത് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 25 നാണ് തിയേറ്ററുകളിൽ എത്തിയത്. അക്ഷരാര്‍ഥത്തില്‍ ഇത്തവണത്തെ ഓണാഘോഷം ആര്‍ഡിഎക്സിനൊപ്പമായിരുന്നു. സിനിമ 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

ചിത്രത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും തമിഴ് സിനിമയിലെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ആ സാഹചര്യത്തിലാണ് റീമേക്ക് സാധ്യതയെ കുറിച്ച് റിപ്പോർട്ടുകൾ വരുന്നത്. ഏതായാലും സിനിമാപ്രേമികൾ തികഞ്ഞ ആകാംഷയിലാണ്.

തിരുവനന്തപുരം: പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് സൂപ്പർതാരം മമ്മൂട്ടി. നിരവധി പേരാണ് പിറന്നാൾ ദിവസം മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നത്. സാധാരണക്കാരും രാഷ്ട്രീയ നേതാക്കളും കലാരംഗത്തുള്ളവരും മറ്റ് മേഖലകളിലുള്ളവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചത്.

ഒരു ഗ്ലാസ് കട്ടൻ ചായയുമായി സോഫയിലിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. തന്റെ ജന്മദിനം ഇത്രയധികം സ്‌പെഷ്യലാക്കി മാറ്റിയതിന് എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങൾ അയച്ച മെസേജുകൾക്കും കാർഡുകൾക്കും ഫോൺ കോളുകൾക്കും വീഡിയോകൾക്കും വീട്ടിൽ നേരിട്ടെത്തിയവർക്കും എല്ലാത്തിനും നന്ദി. ഓരോ വർഷവും നിങ്ങളുടെ സ്‌നേഹം വളരുന്നു. എല്ലാവിധത്തിലും താൻ വിനയാന്വിതനായെന്ന് മ്മൂട്ടി പറയുന്നു.

സെപ്തംബർ 7 നായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാൽ ലക്ഷം പേരുടെ രക്തദാന യജ്ഞം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളിലെ ആരാധകരാണ് ഈ യജ്ഞത്തിൽ പങ്കുചേർന്നത്. മുൻ വർഷങ്ങളിലും ആരാധകർ മമ്മൂട്ടിയുടെ പിറന്നാളിന് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായി ‘ജവാൻ’. ചിത്രത്തിന്റെ ആദ്യ ദിന ആഗോള കലക്‌ഷൻ 129.6 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്.ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോർഡും ജവാന്‍ തകര്‍ത്തു. രണ്ടാം ദിവസവും സിനിമയുടെ കലക്‌ഷൻ നൂറ് കോടി പിന്നിട്ടു. രണ്ട് ദിവസം കൊണ്ട് ചിത്രം വാരിയത് 236 കോടി. പിവിആർ മൾടിപ്ലക്സുകളിൽ നിന്നു മാത്രം ഇന്നലെ ലഭിച്ചത് 17 കോടി. ഈ കുതിപ്പു തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 500 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ഷാറുഖ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മാസ് എന്റർടെയ്നറായാണ് ജവാൻ ഒരുക്കിയിരിക്കുന്നത്. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന കിങ് ഖാൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. അവസാന ഭാഗത്തിൽ അതിഥി താരമായി ഒരു ബോളിവുഡ് സൂപ്പർതാരവും എത്തുന്നുണ്ട്. അറ്റ്‌ലിയുടെ തന്നെ മുൻ സിനിമകളായ ‘തെറി’, ‘മെഴ്‌സൽ’, ‘ബിഗിൽ’ എന്നീ സിനിമകളോട് താരതമ്യം തോന്നുന്ന പ്രമേയവും രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ഇതൊന്നും തന്നെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നില്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്.

തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. എതിര്‍നീച്ചൽ എന്ന സീരിയലിന്റെ ഡബ്ബിം​ഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 58 വയസായിരുന്നു പ്രായം. ഏറ്റവും പുതിയതായി ജയിലർ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ മാരിമുത്തുവിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

സിനിമകളിൽ സജീവമായിരുന്ന മാരിമുത്തു സീരിയലുകളിലൂടെ മിനി സ്ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ചു. രണ്ട് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.
1999ൽ വാലി എന്ന ചിത്രത്തിലൂടെയാണ് മാരിമുത്തു അഭിനയരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. 2021 ൽ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രൻഗി രേയിലും അദ്ദേഹം അഭിനയിച്ചു. ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തിൽ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങൽ. സൂര്യയുടെ കങ്കുവ എന്ന ചിത്രത്തിലും മാരിമുത്തു അഭിനയിക്കുന്നുണ്ടായിരുന്നു.

ഏറെ പ്രതീക്ഷകളോടെ എത്തിയ കിങ്‌ഖാൻ ചിത്രം ജവാൻ റിലീസ് ചെയ്ത് മണികൂറുകൾക്കകം തന്നെ നിരവധി വെബ്‌സൈറ്റുകളിൽ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാൻ ഹൈപ്പോടുകൂടി റിലീസ് ചെയ്ത ചിത്രം ലീക്ക് ആയത് ആരാധകർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എച്ച്ഡി ക്വാളിറ്റിയില്‍ തന്നെ ഷാരൂഖ് ചിത്രം ജവാൻ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്താന് ശേഷം ബോക്സ്‌ഓഫീസ് കീഴടക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്റെ കളക്ഷനെ ഇത് ബാധിക്കും എന്നാണ് വിലയിരുത്തൽ.

രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ജവാൻ കാണാൻ തിയേറ്ററുകളിലേക്ക് ഇരച്ചുകയറുന്നതിനിടെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നത്. ടെലിഗ്രാം, ടോറന്റ് വെബ്‌സൈറ്റുകൾ തുടങ്ങിയ ആപ്പുകളിൽ സിനിമ ഇപ്പോൾ ലഭ്യമാണ് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. സിനിമ ചോർന്നത് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. സിനിമകൾ ഓൺലൈനിൽ ചോരുന്നത് മൂലം സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയാണ് ഷാരൂഖിന്റെ ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്നു ജവാനിലെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാനും നയൻതാരയും ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകൾ വരുന്നതിനിടെയാണ് സംഭവം.

72 ആം പിറന്നാൾ ദിനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ബ്രഹ്മയുഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ പോസ്റ്റർ വൈറലായി. ആരാധകർക്കിടയിൽ വാൻ സ്വീകരണമാണ് പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. നായകകഥാപാത്രമാണോ വില്ലൻ കഥാപാത്രമാണോ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുക ചോദ്യമാണ് പോസ്റ്റർ കാണുമ്പോൾ ആളുകളിൽ ഉണ്ടാവുക. ചിത്രത്തില്‍ ദുര്‍മന്ത്രവാദിയായിട്ടാകും മമ്മൂട്ടി എത്തുകയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നെഗറ്റീവ് റോള്‍ ആയിരിക്കുമെന്നും വിവരമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഏകദേശ സൂചന പോസ്റ്ററിലൂടെ ലഭിച്ചു കഴിഞ്ഞു. സമീപകാലങ്ങളായി തികച്ചും വ്യത്യാസ്ഥമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ബ്രഹ്മയുഗത്തിലും അതുതന്നെ ആവർത്തിക്കും. വിധേയൻ, പാലേരിമാണിക്യം, പുഴു തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലൻ കഥാപാത്രങ്ങൾ മമ്മൂട്ടി ആവിസ്മരണീയമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബ്രഹ്മയുഗം നൽകുന്ന പ്രതീക്ഷ വാനോളമാണ്. രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബോക്സ്ഓഫീസ് അടിച്ചുതൂക്കാൻ കിങ്ഖാന്റെ ജവാൻ. ആദ്യഷോ കഴിയുമ്പോൾ എങ്ങും മികച്ച അഭിപ്രായമാണ് ജവാൻ നേടുന്നത്. ഷാരുഖ് ഖാൻ ആരാധകർക്ക് ആഘോഷമാക്കാനുള്ള അടിച്ചുപൊളി ചിത്രമാണ് ജവാൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പത്താന് പിന്നാലെ അടുത്ത ബ്ലോക്ക്‌ബസ്റ്ററാവാൻ സാധ്യതയുണ്ടെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. ഷാരൂഖ് ഖാൻ പരമാവധി സ്ക്രീൻ സമയം നിറഞ്ഞു നിൽക്കുന്നതാണ് ഫസ്റ്റ് ഹാഫ്. ചില വമ്പൻ ആക്ഷൻ ത്രില്ലുകളും രസകരമായ ചില ആക്ഷൻ സീക്വൻസുകളും കൊണ്ട് നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി.

സൗത്ത് ഇന്ത്യൻ ബ്രാൻഡ് ആയ അറ്റ്ലീ സംവിധാനം ചെയ്യുന്നത്കൊണ്ട് തന്നെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. റോക്ക് സ്റ്റാർ അനിരുദിന്റെ മ്യൂസിക്കിൽ പുറത്തുവന്ന ഗാനങ്ങൾ വൈറലായിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരാ ഹിന്ദിയിൽ ആദ്യമായി വേഷമിടുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മലയാളതാരം പ്രിയമണിയും ചിത്രത്തിന്റെ ഭാഗമാണ്. വിജയസേതുപതി, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാൻ, ആറ്റ്ലി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം കൂടിയാണ് ജവാൻ. കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മമ്മൂട്ടിയുടെ വക പിറന്നാൾ സമ്മാനം. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന കണ്ണൂർ സ്ക്വാഡിന്റെ ട്രെയ്ലർ നാളെ മമ്മൂട്ടിയുടെ റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമിക്കുന്നത്. സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആകാംഷയിലാക്കുന്നതാണ് പുറത്ത് വരുന്ന അപ്ഡേറ്റുകൾ. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.

ചിത്രത്തിന്റെ റിലീസിനെ കുറിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ചർച്ചയായിരുന്നു. ഒക്ടോബറിൽ ചിത്രം റിലീസിനെത്തുമെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ ഈ മാസം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. ഛായഗ്രഹൻ റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്.

മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫെയറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.