മലയാളത്തിൽ സൂപ്പർഹിറ്റായി മാറി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ആർഡിഎക്സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസുകൊണ്ട് സിനിമ വൻ സ്വീകാര്യതയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാൻ തമിഴ് സൂപ്പര്‍ സ്റ്റാറുകളാണ് ശ്രമിക്കുന്നത്. ഈ കൂട്ടത്തില്‍ മുൻനിരയില്‍ കമല്‍ഹാസന്റെ രാജ്‍കമല്‍ ഇന്റര്‍നാഷണല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജാണ് ഇത് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 25 നാണ് തിയേറ്ററുകളിൽ എത്തിയത്. അക്ഷരാര്‍ഥത്തില്‍ ഇത്തവണത്തെ ഓണാഘോഷം ആര്‍ഡിഎക്സിനൊപ്പമായിരുന്നു. സിനിമ 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.
ചിത്രത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും തമിഴ് സിനിമയിലെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ആ സാഹചര്യത്തിലാണ് റീമേക്ക് സാധ്യതയെ കുറിച്ച് റിപ്പോർട്ടുകൾ വരുന്നത്. ഏതായാലും സിനിമാപ്രേമികൾ തികഞ്ഞ ആകാംഷയിലാണ്.

