ബോക്സ്ഓഫീസ് അടിച്ചുതൂക്കാൻ കിങ്ഖാന്റെ ജവാൻ. ആദ്യഷോ കഴിയുമ്പോൾ എങ്ങും മികച്ച അഭിപ്രായമാണ് ജവാൻ നേടുന്നത്. ഷാരുഖ് ഖാൻ ആരാധകർക്ക് ആഘോഷമാക്കാനുള്ള അടിച്ചുപൊളി ചിത്രമാണ് ജവാൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പത്താന് പിന്നാലെ അടുത്ത ബ്ലോക്ക്‌ബസ്റ്ററാവാൻ സാധ്യതയുണ്ടെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. ഷാരൂഖ് ഖാൻ പരമാവധി സ്ക്രീൻ സമയം നിറഞ്ഞു നിൽക്കുന്നതാണ് ഫസ്റ്റ് ഹാഫ്. ചില വമ്പൻ ആക്ഷൻ ത്രില്ലുകളും രസകരമായ ചില ആക്ഷൻ സീക്വൻസുകളും കൊണ്ട് നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി.
സൗത്ത് ഇന്ത്യൻ ബ്രാൻഡ് ആയ അറ്റ്ലീ സംവിധാനം ചെയ്യുന്നത്കൊണ്ട് തന്നെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. റോക്ക് സ്റ്റാർ അനിരുദിന്റെ മ്യൂസിക്കിൽ പുറത്തുവന്ന ഗാനങ്ങൾ വൈറലായിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരാ ഹിന്ദിയിൽ ആദ്യമായി വേഷമിടുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മലയാളതാരം പ്രിയമണിയും ചിത്രത്തിന്റെ ഭാഗമാണ്. വിജയസേതുപതി, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാൻ, ആറ്റ്ലി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം കൂടിയാണ് ജവാൻ. കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.