സൂപ്പർ സ്റ്റാർ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.താത്കാലികമായി തലൈവർ 171 എന്നാണ് ചിത്രത്തിന് പേരുനൽകിയിട്ടുള്ളത്. രജനികാന്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ജയിലറർ സൂപ്പർ ഹിറ്റായി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രൊഡക്ഷൻ ഹൗസായ സൺ പിക്‌ചേഴ്‌സ് തലൈവർ 171 നെ കുറിച്ചുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. സംവിധായകൻ ലോകേഷ് കനകരാജ്, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, ആക്ഷൻ ഡയറക്ടർ അൻബരിവ്, നിർമ്മാതാവ് കലാനിധി മാരൻ എന്നിവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നാണ് കിട്ടുന്ന വിവരം.
ലോകേഷ് സംവിധാനം ചെയ്തു ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ചിത്രം സൂപ്പർഹിറ്റാവുകയും ചെയ്തു. ഇപ്പോൾ വിജയ് ചിത്രം ലിയോയുടെ പണിപ്പുരയിലാണ് ലോകേഷ്. കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അദ്ദേഹം ആരംഭിച്ചിരുന്നു. വിജയ് ചിത്രം ലിയോ അത്തരത്തിലുള്ള ഒന്നാണോ എന്ന് ആരാധകർ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. രജനികാന്ത് ചിത്രം പ്രഖ്യാപിക്കുമ്പോൾ ഇതും അത്തരത്തിലുള്ള ചിത്രമായിരിക്കുമോ എന്ന് ആരാധകർ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്.

