Entertainment (Page 59)

മോഹൻലാലിനൊപ്പമുള്ള നേരിന് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകൻ ബേസിൽ ജോസഫ്. കഴിഞ്ഞ ദിവസമാണ് ജിത്തു ജോസഫ് തന്റെ ത്രില്ലർ വിഭാഗത്തിൽപെടുന്ന ഹിന്ദി ചിത്രം പ്രഖ്യാപിച്ചത്. ഹിന്ദി സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപായി ബേസിൽ നായകനാവുന്ന ചിത്രം പൂർത്തിയാക്കും. മോഹൻലാൽ ചിത്രം നേര് പൂര്‍ത്തിയാക്കിയതിന് ശേഷം നവംബറിലാവും ബേസില്‍ ജോസഫ് നായകനാവുന്ന സിനിമയുടെ ചിത്രീകരണം.

സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിയും കഴിവുതെളിയിച്ച വ്യക്തിയാണ് ബേസിൽ ജോസഫ്. ബേസിലും ത്രില്ലർ ചിത്രങ്ങളുടെ സൂപ്പർ സംവിധായകനും ഒരുമിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ വാനോളമാണ്.

ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും കോളിവുഡിലെ പ്രശസ്തരായ ക്ലൗഡ് 9 പിക്ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന സിനിമയിലേക്ക് കടക്കുന്നതിന് മുന്‍പ് ജീത്തു ബേസില്‍ ജോസഫ് നായകനാവുന്ന ചിത്രം പൂര്‍ത്തിയാക്കും. മോഹൻലാൽ നായകനാവുന്ന റാം എന്ന ചിത്രത്തിലെ കുറച്ച് ഭാഗങ്ങളുടെ ചിത്രീകരണവും ജിത്തു ജോസഫിന് പൂർത്തിയാക്കാനുണ്ട്.

ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് ജിത്തു ജോസഫ്. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കും ഇത്. സത്യം വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് വിവരം. ഹിന്ദിയിലെ അടുത്ത ചിത്രത്തിനായി ഒരു മികച്ച തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തില്‍ ഒന്നാണെന്നും ജീത്തു ജോസഫ് പറയുന്നു. ബധായ് ഹോ അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ചിത്രീകരണ ഘട്ടത്തിലുള്ളപ്പോഴാണ് ബോളിവുഡില്‍ ജീത്തുവിന്‍റെ പുതിയ പ്രഖ്യാപനം.

ത്രില്ലർ സിനിമകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ജിത്തു ജോസഫിന്റെ അടുത്ത ത്രില്ലർ എന്നത് ഏറെ പ്രതീക്ഷ ഉയർത്തുന്ന ഒന്നാണ്. മെമ്മറീസും 12 ത്ത് മാനും വൻ ഹിറ്റുകളായിരുന്നു. ദൃശ്യം ഫ്രാഞ്ചൈസി അദ്ദേഹത്തിന്റെ ത്രില്ലറിലുള്ള പാടവം എടുത്തുകാണിക്കുന്ന ചിത്രമാണ്. ബഹുഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഫ്രാഞ്ചൈസി ആയതിനാല്‍ അവിടങ്ങളിലെ സിനിമാപ്രേമികള്‍ക്കും പരിചിതനാണ് ജീത്തു. ദൃശ്യം മലയാളത്തിൽ നിന്നും തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി, ചൈനീസ് ഏറ്റവും അടുത്ത് കൊറിയൻ ഭാഷയിൽ വരെ റീമേക്ക് ചെയ്യപ്പെട്ടു.

ഏറ്റവും പുതിയതായി മോഹൻലാൽ ചിത്രം റാം ആണ് അണിയറയിൽ ജിത്തുവിന്റെതായി ഒരുങ്ങുന്നത്.

കേരളത്തിൽ സണ്ണി ലിയോണിനുള്ള ആരാധകരുടെ എണ്ണം ഏറെയാണ്. നടിയുമായി ബന്ധപ്പെട്ട ഓരോ വാർത്തയും നിമിഷനേരങ്ങൾക്കുള്ളിൽ വൈറലാവുകയും പതിവാണ്. മുല്ലപ്പൂക്കളും കേരള കസവു സാരി ധരിച്ചെത്തിയ താരത്തിന്റെ ലുക്കാണ് ഇപ്പോൾ തരംഗമാവുന്നത്. കസവ് സാരി ഉൾപ്പെടെ ധരിച്ച് മലയാളി മങ്കയായാണ് താരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ഫാഷൻ റേസ് – വിൻ യുവർ പാഷൻ എന്ന ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയത്.

ചടങ്ങിൽ, സണ്ണി ലിയോൺ തന്റെ ഓണാശംസകൾ മലയാളത്തിൽ അറിയിക്കുകയും ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം റാംപിൽ പ്രത്യക്ഷപ്പെടുകയും അവരുമായി സംവദിക്കുകയും ചെയ്തു. തടിച്ചുകൂടിയ ആരാധകർ മൂലം സുരക്ഷയിലാണ് സണ്ണി ലിയോണിനെ വേദിയിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസം ഷോയിൽ പങ്കെടുത്തവർക്കു നൽകിയ വസ്ത്രങ്ങളുടെ ഗുണനിലവാരം കുറഞ്ഞെന്നാരോപിച്ചുണ്ടായ വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിപാടിയുടെ പ്രധാന സംഘാടകനായ പ്രഷോബ് കൈലാസ് പ്രൊഡക്ഷൻസ് ഹൗസ് ഉടമയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പോലീസ് വ്യവസ്ഥകൾ പാലിച്ച് പരിപാടി നടത്താൻ അനുമതി നൽകുകയുമായിരുന്നു.

പരിപാടിയിൽ പങ്കെടുത്ത ശേഷം ലിയോണും ഭർത്താവ് ഡാനിയൽ വെബറും ഹോട്ടൽ പാരഗണിലെത്തി കോഴിക്കോടിന്റെ രുചിയും ആസ്വദിച്ചു.

സാമന്തയുടെയും വിജയ് ദേവരകൊണ്ടയുടെയും ഏറ്റവും പുതിയ ചിത്രമായ ഖുഷിയെ നെഞ്ചിലേറ്റി ആരാധകർ. റിലീസ് ആയ ദിവസം തന്നെ 17 കോടിയുടെ കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. ലൈഗർ കഴിഞ്ഞാൽ വിജയദേവരകൊണ്ടയ്ക്ക് റീലീസായ ദിവസം തന്നെ മികച്ച കളക്ഷൻ ലഭിക്കുന്ന ചിത്രമാണ് ഖുഷി. ശാകുന്തളത്തിന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കാത്ത സാഹചര്യത്തിൽ സാമന്തയ്ക്ക് മികച്ച തിരിച്ചുവരവാണ് ഈ സിനിമ നൽകുന്നത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രത്തിന് ഹൈദരാബാദിലെ നിസാമിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്.

വിദേശരാജ്യങ്ങളിലും ചിത്രം മികച്ച രീതിയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മഹാനടിക്ക് ശേഷം സാമന്തയും വിജയദേവരകൊണ്ടയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഖുഷിക്കുണ്ട്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ഹിഷാം അബ്ദുൽ വഹാബാണ്. രോഹിണി, അലി, ജയറാം, മുരളി ശർമ്മ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്നാണ്.

അവതാരികയായെത്തി പിന്നീട് മലയാള സിനിമയിൽ നടിയായി മാറിയ താരമാണ് മീരാനന്ദൻ. തന്റെ അഭിനയ ജീവിതത്തിൽ എടുത്ത നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇത്രയും കാലം ദുബായിൽ ആർജെയായി ജോലി ചെയ്യുകയായിരുന്നു മീര. അടുത്തിടെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തിരിച്ചുവരവിനെ പറ്റി സംസാരിച്ചത്. സിനിമയിൽ നടൻ ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ചും താൻ എന്തുകൊണ്ടാണ് കല്യാണം കഴിക്കാൻ ആഗ്രഹിക്കാത്തതെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘സിനിമയെല്ലാം വിട്ട് ദുബായിലേക്ക് ആർ ജെ യായി പോകുന്നുവെന്ന് പറഞ്ഞപ്പോൾ വീട്ടുകാരെ ഓർക്കണം എന്നായിരുന്നു ദിലീപേട്ടൻ ഉപദേശം തന്നത്. കരിയറിൽ എടുത്ത ഒരു തീരുമാനങ്ങളിലും പശ്ചാത്താപം ഇല്ല. സിനിമ വിട്ട് ആർജെ ആയി പോയപ്പോൾ ഏറ്റവും വലുതായി നേരിട്ടത് സാമ്പത്തിക പ്രശ്നം ആയിരുന്നു. പിന്നീട് ജീവിതത്തിൽ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയായിരുന്നു’.എന്നിങ്ങനെയാണ് നടി പറഞ്ഞത്. ഒറ്റയ്ക്ക് ജീവിച്ചത് കൊണ്ട് ഒത്തിരി ഗുണങ്ങൾ ഉണ്ടായെന്നും നടി കൂട്ടി ചേർത്തു.

പ്രയാസമുള്ള നൃത്തച്ചുവടുകൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് ഷാരൂഖ് ഖാൻ. അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ‘ജവാൻ സിനിമയിലെ പാട്ടിന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ ഞാൻ കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോട് പ്രയാസമുള്ള സ്റ്റെപ്പുകൾ എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. അറ്റ്ലിയുടെ അവസാന മൂന്നു ചിത്രങ്ങളിലും അഭിനയിച്ച തമിഴ് നടൻ വിജയ് യെ പോലെ ഏത് നൃത്ത ചുവടും ചടുലമായി ചെയ്യാൻ തനിക്ക് കഴിയില്ല. ‘എന്നിങ്ങനെയായിരുന്നു താരം ഓഡിയോ ലോഞ്ചിൽ പറഞ്ഞത്. എങ്കിൽപോലും തന്റെ കഴിവിന്റെ പരമാവധി ഡാൻസ് ചെയ്യാൻ ശ്രമിച്ചെന്നും താരം കൂട്ടിച്ചേർത്തു.

ജവാൻ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത് ചെന്നൈയിൽ വച്ചായിരുന്നു. ആദ്യമായാണ് ഒരു ഹിന്ദി സിനിമയുടെ പ്രീ റിലീസിംഗ് ഇവന്റ് തമിഴ്നാട്ടിൽ നടക്കുന്നത്. ചിത്രത്തിൽ നായികയായി നയൻതാരയും വില്ലനായി വിജയ് സേതുപതിയും എത്തുന്നുണ്ട്. ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്ന സിനിമയിൽ പ്രിയാമണി, സന്യാമൽഹോത്ര എന്നിവരും അഭിനയിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലിറങ്ങുന്ന ജവാന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവി ചന്ദറാണ്. ജവാൻ സെപ്റ്റംബർ 7ന് പ്രദർശനത്തിനായി തീയറ്ററുകളിലെത്തും.

അർജുൻ റെഡി എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച നടനാണ് വിജയ് ദേവരകൊണ്ട. നടന്റെ പുതിയ സിനിമയായ ഖുശി ഇന്ന് റിലീസാവുകയാണ്. എന്നാൽ നടന്റെ പുതിയ ചിത്രത്തേക്കാൾ ഇപ്പോൾ ചർച്ചയാവുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഒരു പെൺകുട്ടിയുടെ കൈ ചേർത്ത് പിടിക്കുന്ന ഫോട്ടോയാണ് വിജയ് സ്റ്റോറി ആക്കിയത്. ‘ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും ഇവൾ എനിക്കെന്നും പ്രിയപ്പെട്ടതാണെന്നായിരുന്നു’ നടൻ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. പിന്നീട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു.

തെലുങ്ക് നടി രശ്മികാ മന്ദാനയുടെ കൈകളാണതെന്നാണ് ഭൂരിപക്ഷവും വാദിക്കുന്നത്. എന്നാൽ വിജയ്യോ രശ്മികയോ ഇതിനെ സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്തായാലും കുറച്ചധികം നാളുകളുമായി ഇരുവരും പ്രണയത്തിൽ ആണെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. അടുത്തിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഗീതാഗോവിന്ദം സിനിമയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ആഘോഷം സോഷ്യൽ മീഡിയയിൽ നടനും നടിയും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ രണ്ടുപേരും പ്രണയത്തിൽ ആണെന്ന് ഗോസിപ്പും ശക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. വിജയ് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള ഫോട്ടോ ഇട്ടതാകാമെന്നും ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

കിംഗ് ഖാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ജവാന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ ചിത്രം ഒരു മാസ്സ് ആക്ഷൻ അനുഭവമായിരിക്കും എന്നാണ് പുറത്തുവന്ന ട്രെയിലർ നൽകുന്ന സൂചന. അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര നായികയാകുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് സൂപ്പർ താരത്തിന്റെ സൂപ്പർ വില്ലനായി എത്തുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസിനെത്തുന്നത്.

ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് പുറത്തുവന്ന വിവരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിന് എത്തിക്കുന്നത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഇതിനോടകം ഹിറ്റ്‌ ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രം​ഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി. ഇതുവരെ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ‘ജവാൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിടുന്ന നിമിഷങ്ങൾക്ക് മുമ്പായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ രംഗപ്രവേശം ചെയ്തത്. ഓഗസ്റ്റ് 31 ന് ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച നയൻതാര ആദ്യം പോസ്റ്റ് ചെയ്തത് ഒരു റീലായിരുന്നു. മക്കളായ ഉയിർ, ഉലഗ് എന്നിവരെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു അത്.

മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ താരത്തെ പിന്തുടരുകയും ചെയ്തു. വരും ദിവസങ്ങളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർധനവുണ്ടാവുമെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് മക്കളുടെ മുഖം വെളിപ്പെടുത്തിയത്. ഇതിനുമുമ്പ്, തന്റെ കുട്ടികളെ കാണിച്ചിരുന്നെങ്കിലും മുഖം വ്യക്തമാക്കിയിരുന്നില്ല. ഭർത്താവ് സംവിധായകൻ വിഘ്നേഷ് ശിവനൊപ്പം ഓണം ആഘോഷിക്കുന്ന കുട്ടികളുടെ പിന്നിൽ നിന്നുള്ള ചിത്രം മാത്രമാണ് ഇതുവരെ താരം പങ്കിട്ടിരുന്നത്. എന്തായാലും താരത്തിന്റെ പ്രവൃത്തി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന കത്തനാർ ദി വൈൽഡ് സോർസെറർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അനുഷ്‍ക ഷെട്ടി. കടമുറ്റത്ത് കത്തനാരുടെ കഥകളെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ‘ഹോം’ സിനിമയുടെ സംവിധായകൻ റോജിൻ തോമസ് ആണ്. വെള്ളിയാഴ്ച തന്റെ 45 ആം ജന്മദിനം ആഘോഷിച്ച ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നൽകി നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കത്തനാരുടെ ചിത്രീകരണ സൂചനകൾ ഉണ്ടായിരുന്നു.

അതിലെ രംഗങ്ങൾ ആരാധകർക്ക് ഏറെ പ്രതീക്ഷനൽകുന്നതാണ്. വിർച്വൽ പ്രൊഡക്ഷൻ ടെക്നോളജി ഉപയോഗിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സംവിധാനത്തിൽ ചിത്രീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രമാണ് കത്തനാർ എന്നാണ് നിർമ്മാതാക്കൾ അഭിപ്രായപെടുന്നത്. 45, 000 ചതുരശ്ര അടി വിസ്‌തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിൽ ആണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ 50% ത്തോളം ഭാഗങ്ങൾ ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.

ആർ രാമനാഥ് തിരക്കഥയെഴുതി റോജിൻ ജോസഫ്‌ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ ഛായഗ്രാഹണം നീൽ ഡി കുൻഹയും ആക്ഷൻ കൊറിയോഗ്രാഫർ ജുങ്ങ്ജിൻ പാർക്കും സംഗീത സംവിധായകൻ രാഹുൽ സുബ്രമണ്യൻ ഉണ്ണിയുമാണ്. ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന അനുഷ്കയുടെ പുതിയ ചിത്രം മിസ് ഷെട്ടി മിസ്സിസ് പോളി ഷെട്ടി സെപ്റ്റംബർ 7 ന് തീയറ്ററുകളിലെത്തും. കത്തനാറിൽ ഉടൻ നടി ജോയിൻ ചെയ്യും എന്നാണ് വിവരങ്ങൾ.