ഏറെ പ്രതീക്ഷകളോടെ എത്തിയ കിങ്‌ഖാൻ ചിത്രം ജവാൻ റിലീസ് ചെയ്ത് മണികൂറുകൾക്കകം തന്നെ നിരവധി വെബ്‌സൈറ്റുകളിൽ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാൻ ഹൈപ്പോടുകൂടി റിലീസ് ചെയ്ത ചിത്രം ലീക്ക് ആയത് ആരാധകർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എച്ച്ഡി ക്വാളിറ്റിയില്‍ തന്നെ ഷാരൂഖ് ചിത്രം ജവാൻ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്താന് ശേഷം ബോക്സ്‌ഓഫീസ് കീഴടക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്റെ കളക്ഷനെ ഇത് ബാധിക്കും എന്നാണ് വിലയിരുത്തൽ.
രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ജവാൻ കാണാൻ തിയേറ്ററുകളിലേക്ക് ഇരച്ചുകയറുന്നതിനിടെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നത്. ടെലിഗ്രാം, ടോറന്റ് വെബ്‌സൈറ്റുകൾ തുടങ്ങിയ ആപ്പുകളിൽ സിനിമ ഇപ്പോൾ ലഭ്യമാണ് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമ ചോർന്നത് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. സിനിമകൾ ഓൺലൈനിൽ ചോരുന്നത് മൂലം സിനിമാ വ്യവസായത്തിന് വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയാണ് ഷാരൂഖിന്റെ ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്നു ജവാനിലെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാനും നയൻതാരയും ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകൾ വരുന്നതിനിടെയാണ് സംഭവം.