Entertainment (Page 57)

തമിഴ് സൂപ്പർ താരങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (റെഡ് കാർഡ്). ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 സൂപ്പർ താരങ്ങൾക്കാണ് അസോസിയേഷൻ വിളക്കെർപ്പെടുത്തിയത്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന തീരുമാനമാണ് ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഉണ്ടായത്.

നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ച വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിനു വിലക്കെർപ്പെടുത്തിയിരിക്കുന്നത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവക്കും വിലക്കേർപ്പെടുത്തി. പരാതിയിൽ കൃത്യമായി പ്രതികരിച്ചില്ലെന്ന് ആരോപിച്ചാണ് അഥർവയ്ക്ക് വിലക്ക്. റെഡ് കാർഡ് ലഭിക്കുന്നത് മൂലം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തമിഴ് സിനിമയിലെ ഒരു നിർമ്മാതാവുമായും പ്രവർത്തിക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ.

വിശാൽ ചിത്രം മാർക്ക് ആന്റണിയും ധനുഷിന്റെ ക്യാപ്റ്റൻ മില്ലറും റിലീസ്‌ ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഫെനി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരനാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സോളാർ കേസുമായി ബന്ധപെട്ട് പരാതിക്കാരിക്കാരിയുടെ കത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ താൻ ആവശ്യപ്പെട്ടു എന്നുള്ള ആരോപണം പച്ചക്കള്ളമാണ് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി പറഞ്ഞു എന്ന് ഫെനി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സോളാർ കേസ് അടഞ്ഞ അധ്യായമാണ് എന്ന് പറഞ്ഞ വെള്ളാപ്പള്ളി കെ ബി ഗണേഷ് കുമാറിന് സ്വഭാവശുദ്ധിയില്ലെന്നും ആരോപിച്ചു.

എന്നാൽ, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നായിരുന്നു അഡ്വ. ഫെനി ബാലകൃഷ്ണൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയതെന്നും ഫെനി ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റെക്കോർഡുകൾ സ്വന്തമാക്കി ബോക്സ്ഓഫീസിൽ പടയോട്ടം തുടരുകയാണ് ജവാൻ. ഷാരുഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ ഏകദേശം 600 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രം തിയേറ്ററിലെ പ്രദർശനങ്ങൾക്ക് ശേഷം ഏത് ഓടിടി പ്ലാറ്റ്ഫോമിൽ ചിത്രം കാണാൻ സാധിക്കും എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്. ഓടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സാണ് ജവാന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഷാരൂഖിന്റെ ജവാൻ 250 കോടി രൂപയ്‍ക്കാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്. ഒടിടി റീലിസ് എപ്പോഴെന്ന് വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. നാല്‍പതോ അറുപത്തിയഞ്ചോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് വിവരം.

ഹിറ്റ്‌മേക്കർ അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

സംവിധായകൻ ശങ്കര്‍ രാമകൃഷ്ണൻ ‘പതിനെട്ടാംപടി’ എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘റാണി’. ഭാവന, ഹണി റോസ്, ഉര്‍വശി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്യോഗജനകമായ കഥ പറയുന്ന ചിത്രം വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ്.

ഈ മാസം 21നു ‘ റാണി ‘ തീയേറ്ററുകളില്‍ എത്തും. ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാജിക്ക് വെയില്‍ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അല്ലു അർജുന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. ബോക്സ്ഓഫീസ് അടിച്ചു തൂക്കിയ ചിത്രം കൂടിയായിരുന്നു പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പുഷ്പ 2 2024 ഓഗസ്റ്റ് 15 ന് പ്രദർശനത്തിനെത്തും എന്നാണ് പുതിയ അപ്ഡേറ്റുകൾ.

ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. മുൻപത്തെതിൽ നിന്നും വ്യത്യസ്തമായ ഗേറ്റപ്പിൽ എത്തിയ അല്ലു അർജുനിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചന്ദനകടത്തുകാരന്റെ കഥാപറഞ്ഞ ചിത്രം ബോക്സ്ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചിത്രത്തിലെ പാട്ടുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു.

രശ്മിക മന്ദാന, ഫഹദ് ഫാസിൽ,സുനിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിൽ സമന്തയും അല്ലു അർജുനും ചുവടുവച്ച ഗാനം വൈറലാവുകയും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.

സ്വത്തുവകകള്‍ വ്യാജ രേഖ ഉപയോഗിച്ച്‌ തട്ടിയെടുക്കപ്പെട്ടെന്ന പരാതിയുമായി നടി ഗൗതമി. 25 കോടിയോളം മൂല്യമുള്ള സ്വത്തുവകകളാണ് തട്ടിയെടുത്തത് എന്നാണ് പരാതി. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമി തട്ടിയെടുക്കപ്പെട്ടെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.

46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച്‌ അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നു. വിശ്വസനീയതയോടെ പെരുമാറിയിരുന്ന അവര്‍ക്ക് താന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. എന്നാല്‍ വ്യാജ രേഖകളും തന്‍റെ ഒപ്പും ഉപയോഗിച്ച്‌ അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു എന്ന് ഗൗതമി ആരോപിക്കുന്നു. ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗൗതമി വ്യക്തമാക്കി.

തട്ടിപ്പ് നടത്തിയ അഴകപ്പന്‍ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ തന്നെയും മകളെയും ഭീഷണിപ്പെടുത്തുകയാണെന്നും വധഭീഷണിയടക്കം ലഭിക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ഇത് മകളുടെ പഠനത്തെയടക്കം സാരമായി ബാധിക്കുന്നുവെന്നും. വിഷയത്തില്‍ ഇടപെട്ട് നഷ്ടപ്പെട്ട ഭൂമി തിരികെ വാങ്ങിനല്‍കാന്‍ പൊലീസ് ഇടപെടണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് ഗൗതമി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായി ‘ജവാൻ’. ആദ്യ ആഴ്ചയിലെ ആഗോള കലക്‌ഷൻ 520.79 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതുവവരെയുള്ള കണക്കനുസരിച്ച് ഒരു ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ തന്നെ ചിത്രമായ പഠാന്റെ റെക്കോർഡും ജവാന്‍ തകർതിരിക്കുകയാണ്. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 250 കോടി കടക്കുന്ന ഹിന്ദി ചിത്രമായി ജവാൻ മാറി.
തമിഴില്‍ നിന്നും തെലുങ്കിൽ നിന്നും നാല് ദിവസത്തെ കലക്‌ഷൻ 34 കോടിയാണ്.

ഇതോടെ നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായി അറ്റ്‌ലി മാറി. വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെറി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു അതിന് പിന്നാലെയാണ് അരങ്ങേറ്റ ബോളിവുഡ് ചിത്രം കൂടിയായ ജവാനും ആ പട്ടികയിൽ ഇടം നേടിയത്.

കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ചിത്രം വമ്പൻ കളക്ഷൻ ആണ് നേടിയിട്ടുള്ളത്. നയൻ‌താര, വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. കാമിയോ റോളിൽ ദീപിക പദുകോനും എത്തിയിരുന്നു. തമിഴിലും മലയാളത്തിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ബ്ലോക്ക്‌ബസ്റ്ററായി ബോക്സ്ഓഫിസ് കീഴടക്കുകയാണ്.

ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്.

ദി കശ്മീർ ഫയൽസ്‌ സംവിധായകൻ വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദ വാക്സിൻ വാറി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കൊവിഡ് മഹാമാരിക്കെതിരെ പൊരുതാൻ വാക്സിൻ(കൊവാക്സിൻ) കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞരുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. ട്രെയിലർ പുറത്തിറങ്ങി മികച്ച അഭിപ്രായമാണ് നേടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇന്ത്യൻ ആംഗ്യഭാഷ എന്നിവയിൽ ചിത്രം റിലീസ് ചെയ്യും. അയാം ബുദ്ധ പ്രൊഡക്ഷൻസ് ആണ് വാക്സിന്‍ വാറിന്‍റെ നിര്‍മാണം

പല്ലവി ജോഷി, നാനാ പടേകര്‍, പല്ലവി ജോഷി, റെയ്‍മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം 2023 സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഹാരാജ എന്ന് പേര് നക്കിയിരിക്കുന്ന ചിത്രം വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രം കൂടിയാണ്. ജവാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് നടന്‍ വിജയ് സേതുപതി ഇതിനോടകം നേടിയിരിക്കുന്നത്. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് ഫസ്റ്റുലുക്കില്‍ കാണിക്കുന്നത്. ചില പൊലീസുകാര്‍ അത് നോക്കി നിൽക്കുന്നതാണ് കാണിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

അനുരാഗ് കാശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചനപോലെ തന്നെ ചിത്രം ഒഎസ് ക്രൈം ത്രില്ലർ ആയിരിക്കും എന്നാണ് സൂചന.

ആളും ആരവവും ഇല്ലാതെ വന്ന് ബ്ലോക്ക്‌ബസ്റ്റർ ആയി മാറിയ ചിത്രമാണ് ആർഡിഎക്സ്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലെ സെലിബ്രേറ്റികൾ വരെ ആർഡിഎക്സിനെകുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവച്ചത്.

പിന്നീടങ്ങോട്ട് റെക്കോർഡുകൾ തകർക്കുന്ന ചിത്രമായി ആർഡിഎക്സ് മാറി. ഇപ്പോഴിതാ ചിത്രം നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ചിത്രം നേടി. ഈ ഞായറാഴ്ച മാത്രം കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 75 കോടി നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

മലയാള ചിത്രങ്ങളിലെ കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് ആര്‍ഡിഎക്സ്. ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെയാണ് ലിസ്റ്റില്‍ ആര്‍ഡിഎക്സ് ഏറ്റവുമൊടുവില്‍ മറികടന്നിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്. രണ്ടാം സ്ഥാനത്ത് പുലിമുരുകനും മൂന്നാമത് ലൂസിഫറും.