തിരുവനന്തപുരം: പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് സൂപ്പർതാരം മമ്മൂട്ടി. നിരവധി പേരാണ് പിറന്നാൾ ദിവസം മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നത്. സാധാരണക്കാരും രാഷ്ട്രീയ നേതാക്കളും കലാരംഗത്തുള്ളവരും മറ്റ് മേഖലകളിലുള്ളവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചത്.
ഒരു ഗ്ലാസ് കട്ടൻ ചായയുമായി സോഫയിലിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. തന്റെ ജന്മദിനം ഇത്രയധികം സ്‌പെഷ്യലാക്കി മാറ്റിയതിന് എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങൾ അയച്ച മെസേജുകൾക്കും കാർഡുകൾക്കും ഫോൺ കോളുകൾക്കും വീഡിയോകൾക്കും വീട്ടിൽ നേരിട്ടെത്തിയവർക്കും എല്ലാത്തിനും നന്ദി. ഓരോ വർഷവും നിങ്ങളുടെ സ്‌നേഹം വളരുന്നു. എല്ലാവിധത്തിലും താൻ വിനയാന്വിതനായെന്ന് മ്മൂട്ടി പറയുന്നു.
സെപ്തംബർ 7 നായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാൽ ലക്ഷം പേരുടെ രക്തദാന യജ്ഞം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളിലെ ആരാധകരാണ് ഈ യജ്ഞത്തിൽ പങ്കുചേർന്നത്. മുൻ വർഷങ്ങളിലും ആരാധകർ മമ്മൂട്ടിയുടെ പിറന്നാളിന് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

