തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. എതിര്‍നീച്ചൽ എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 58 വയസായിരുന്നു പ്രായം. ഏറ്റവും പുതിയതായി ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മാരിമുത്തുവിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
സിനിമകളിൽ സജീവമായിരുന്ന മാരിമുത്തു സീരിയലുകളിലൂടെ മിനി സ്ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ചു. രണ്ട് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.
1999ൽ വാലി എന്ന ചിത്രത്തിലൂടെയാണ് മാരിമുത്തു അഭിനയരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. 2021 ൽ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രൻഗി രേയിലും അദ്ദേഹം അഭിനയിച്ചു. ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തിൽ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങൽ. സൂര്യയുടെ കങ്കുവ എന്ന ചിത്രത്തിലും മാരിമുത്തു അഭിനയിക്കുന്നുണ്ടായിരുന്നു.

