ചെന്നൈ: ചെന്നൈയിൽ നടന്ന എ.ആർ.റഹ്മാൻ ഷോയുടെ സംഘാടനത്തിൽ വന്ന പിഴവിനെച്ചൊല്ലി വിമർശനവുമായി ആരാധകർ. ‘മറക്കുമ നെഞ്ചം എന്ന പേരിൽ നടത്തിയ സംഗീത പരിപാടിക്കെതിരെയാണ് ആരാധകർ രംഗത്തുവന്നിട്ടുള്ളത്. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്ത്പോലും എത്താൻ സാധിച്ചില്ല. ടിക്കറ്റ് എടുത്തവർ എത്തുന്നതിനു മുന്നേ അവരുടെ സീറ്റുകൾ മറ്റു ചിലർ കയ്യേറിയെന്നാണ് ആക്ഷേപം. ഇത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നു ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അമർഷം സൂചിപ്പിച്ചത്. എ.ആർ.റഹ്മാനെയും സംഘാടകസമിതിയെയും വിമർശിച്ചുകൊണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി.
ഇപ്പോൾ സംഭവത്തിൽ ക്ഷമാപണവുമായി എആർ റഹ്മാനും മുന്നോട്ട് വന്നു. താൻ ഭയങ്കര അസ്വസ്ഥനാണെന്നും ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ജോലി ഗംഭീരമായി ഷോ ചെയ്യുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേതുമഴ പെയ്യരുത് എന്നതുമാത്രമായിരുന്നു എന്റെ ചിന്തയും ആഗ്രഹവും. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ വച്ച് സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. തിരക്കിനിടയിൽ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തിൽ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും പറഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യപ്രതികരണവുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് എആർ റഹ്മാന്റെ പ്രതികരണം.

