Entertainment (Page 31)

സ്വത്തുവകകള്‍ വ്യാജ രേഖ ഉപയോഗിച്ച്‌ തട്ടിയെടുക്കപ്പെട്ടെന്ന പരാതിയുമായി നടി ഗൗതമി. 25 കോടിയോളം മൂല്യമുള്ള സ്വത്തുവകകളാണ് തട്ടിയെടുത്തത് എന്നാണ് പരാതി. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമി തട്ടിയെടുക്കപ്പെട്ടെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.

46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച്‌ അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നു. വിശ്വസനീയതയോടെ പെരുമാറിയിരുന്ന അവര്‍ക്ക് താന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. എന്നാല്‍ വ്യാജ രേഖകളും തന്‍റെ ഒപ്പും ഉപയോഗിച്ച്‌ അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു എന്ന് ഗൗതമി ആരോപിക്കുന്നു. ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗൗതമി വ്യക്തമാക്കി.

തട്ടിപ്പ് നടത്തിയ അഴകപ്പന്‍ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ തന്നെയും മകളെയും ഭീഷണിപ്പെടുത്തുകയാണെന്നും വധഭീഷണിയടക്കം ലഭിക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ഇത് മകളുടെ പഠനത്തെയടക്കം സാരമായി ബാധിക്കുന്നുവെന്നും. വിഷയത്തില്‍ ഇടപെട്ട് നഷ്ടപ്പെട്ട ഭൂമി തിരികെ വാങ്ങിനല്‍കാന്‍ പൊലീസ് ഇടപെടണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് ഗൗതമി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായി ‘ജവാൻ’. ആദ്യ ആഴ്ചയിലെ ആഗോള കലക്‌ഷൻ 520.79 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതുവവരെയുള്ള കണക്കനുസരിച്ച് ഒരു ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ തന്നെ ചിത്രമായ പഠാന്റെ റെക്കോർഡും ജവാന്‍ തകർതിരിക്കുകയാണ്. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 250 കോടി കടക്കുന്ന ഹിന്ദി ചിത്രമായി ജവാൻ മാറി.
തമിഴില്‍ നിന്നും തെലുങ്കിൽ നിന്നും നാല് ദിവസത്തെ കലക്‌ഷൻ 34 കോടിയാണ്.

ഇതോടെ നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായി അറ്റ്‌ലി മാറി. വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെറി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു അതിന് പിന്നാലെയാണ് അരങ്ങേറ്റ ബോളിവുഡ് ചിത്രം കൂടിയായ ജവാനും ആ പട്ടികയിൽ ഇടം നേടിയത്.

കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ചിത്രം വമ്പൻ കളക്ഷൻ ആണ് നേടിയിട്ടുള്ളത്. നയൻ‌താര, വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. കാമിയോ റോളിൽ ദീപിക പദുകോനും എത്തിയിരുന്നു. തമിഴിലും മലയാളത്തിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ബ്ലോക്ക്‌ബസ്റ്ററായി ബോക്സ്ഓഫിസ് കീഴടക്കുകയാണ്.

ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്.

ദി കശ്മീർ ഫയൽസ്‌ സംവിധായകൻ വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദ വാക്സിൻ വാറി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കൊവിഡ് മഹാമാരിക്കെതിരെ പൊരുതാൻ വാക്സിൻ(കൊവാക്സിൻ) കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞരുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. ട്രെയിലർ പുറത്തിറങ്ങി മികച്ച അഭിപ്രായമാണ് നേടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇന്ത്യൻ ആംഗ്യഭാഷ എന്നിവയിൽ ചിത്രം റിലീസ് ചെയ്യും. അയാം ബുദ്ധ പ്രൊഡക്ഷൻസ് ആണ് വാക്സിന്‍ വാറിന്‍റെ നിര്‍മാണം

പല്ലവി ജോഷി, നാനാ പടേകര്‍, പല്ലവി ജോഷി, റെയ്‍മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം 2023 സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഹാരാജ എന്ന് പേര് നക്കിയിരിക്കുന്ന ചിത്രം വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രം കൂടിയാണ്. ജവാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് നടന്‍ വിജയ് സേതുപതി ഇതിനോടകം നേടിയിരിക്കുന്നത്. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് ഫസ്റ്റുലുക്കില്‍ കാണിക്കുന്നത്. ചില പൊലീസുകാര്‍ അത് നോക്കി നിൽക്കുന്നതാണ് കാണിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

അനുരാഗ് കാശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചനപോലെ തന്നെ ചിത്രം ഒഎസ് ക്രൈം ത്രില്ലർ ആയിരിക്കും എന്നാണ് സൂചന.

ആളും ആരവവും ഇല്ലാതെ വന്ന് ബ്ലോക്ക്‌ബസ്റ്റർ ആയി മാറിയ ചിത്രമാണ് ആർഡിഎക്സ്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലെ സെലിബ്രേറ്റികൾ വരെ ആർഡിഎക്സിനെകുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവച്ചത്.

പിന്നീടങ്ങോട്ട് റെക്കോർഡുകൾ തകർക്കുന്ന ചിത്രമായി ആർഡിഎക്സ് മാറി. ഇപ്പോഴിതാ ചിത്രം നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ചിത്രം നേടി. ഈ ഞായറാഴ്ച മാത്രം കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 75 കോടി നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

മലയാള ചിത്രങ്ങളിലെ കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് ആര്‍ഡിഎക്സ്. ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെയാണ് ലിസ്റ്റില്‍ ആര്‍ഡിഎക്സ് ഏറ്റവുമൊടുവില്‍ മറികടന്നിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്. രണ്ടാം സ്ഥാനത്ത് പുലിമുരുകനും മൂന്നാമത് ലൂസിഫറും.

ചെന്നൈ: ചെന്നൈയിൽ നടന്ന എ.ആർ.റഹ്മാൻ ഷോയുടെ സംഘാടനത്തിൽ വന്ന പിഴവിനെച്ചൊല്ലി വിമർശനവുമായി ആരാധകർ. ‘മറക്കുമ നെഞ്ചം എന്ന പേരിൽ നടത്തിയ സംഗീത പരിപാടിക്കെതിരെയാണ് ആരാധകർ രംഗത്തുവന്നിട്ടുള്ളത്. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്ത്പോലും എത്താൻ സാധിച്ചില്ല. ടിക്കറ്റ് എടുത്തവർ എത്തുന്നതിനു മുന്നേ അവരുടെ സീറ്റുകൾ മറ്റു ചിലർ കയ്യേറിയെന്നാണ് ആക്ഷേപം. ഇത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നു ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അമർഷം സൂചിപ്പിച്ചത്. എ.ആർ.റഹ്മാനെയും സംഘാടകസമിതിയെയും വിമർശിച്ചുകൊണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി.

ഇപ്പോൾ സംഭവത്തിൽ ക്ഷമാപണവുമായി എആർ റഹ്മാനും മുന്നോട്ട് വന്നു. താൻ ഭയങ്കര അസ്വസ്ഥനാണെന്നും ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ജോലി ഗംഭീരമായി ഷോ ചെയ്യുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേതുമഴ പെയ്യരുത് എന്നതുമാത്രമായിരുന്നു എന്റെ ചിന്തയും ആഗ്രഹവും. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ വച്ച് സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. തിരക്കിനിടയിൽ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തിൽ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും പറഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യപ്രതികരണവുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് എആർ റഹ്മാന്റെ പ്രതികരണം.

സൂപ്പർ സ്റ്റാർ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.താത്കാലികമായി തലൈവർ 171 എന്നാണ് ചിത്രത്തിന് പേരുനൽകിയിട്ടുള്ളത്. രജനികാന്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ജയിലറർ സൂപ്പർ ഹിറ്റായി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രൊഡക്ഷൻ ഹൗസായ സൺ പിക്‌ചേഴ്‌സ് തലൈവർ 171 നെ കുറിച്ചുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. സംവിധായകൻ ലോകേഷ് കനകരാജ്, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, ആക്ഷൻ ഡയറക്ടർ അൻബരിവ്, നിർമ്മാതാവ് കലാനിധി മാരൻ എന്നിവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നാണ് കിട്ടുന്ന വിവരം.

ലോകേഷ് സംവിധാനം ചെയ്തു ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ചിത്രം സൂപ്പർഹിറ്റാവുകയും ചെയ്തു. ഇപ്പോൾ വിജയ് ചിത്രം ലിയോയുടെ പണിപ്പുരയിലാണ് ലോകേഷ്. കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അദ്ദേഹം ആരംഭിച്ചിരുന്നു. വിജയ് ചിത്രം ലിയോ അത്തരത്തിലുള്ള ഒന്നാണോ എന്ന് ആരാധകർ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. രജനികാന്ത് ചിത്രം പ്രഖ്യാപിക്കുമ്പോൾ ഇതും അത്തരത്തിലുള്ള ചിത്രമായിരിക്കുമോ എന്ന് ആരാധകർ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്.

മലയാളത്തിൽ സൂപ്പർഹിറ്റായി മാറി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ആർഡിഎക്സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസുകൊണ്ട് സിനിമ വൻ സ്വീകാര്യതയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാൻ തമിഴ് സൂപ്പര്‍ സ്റ്റാറുകളാണ് ശ്രമിക്കുന്നത്. ഈ കൂട്ടത്തില്‍ മുൻനിരയില്‍ കമല്‍ഹാസന്റെ രാജ്‍കമല്‍ ഇന്റര്‍നാഷണല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫര്‍ കനകരാജാണ് ഇത് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 25 നാണ് തിയേറ്ററുകളിൽ എത്തിയത്. അക്ഷരാര്‍ഥത്തില്‍ ഇത്തവണത്തെ ഓണാഘോഷം ആര്‍ഡിഎക്സിനൊപ്പമായിരുന്നു. സിനിമ 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

ചിത്രത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും തമിഴ് സിനിമയിലെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ആ സാഹചര്യത്തിലാണ് റീമേക്ക് സാധ്യതയെ കുറിച്ച് റിപ്പോർട്ടുകൾ വരുന്നത്. ഏതായാലും സിനിമാപ്രേമികൾ തികഞ്ഞ ആകാംഷയിലാണ്.

തിരുവനന്തപുരം: പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് സൂപ്പർതാരം മമ്മൂട്ടി. നിരവധി പേരാണ് പിറന്നാൾ ദിവസം മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നത്. സാധാരണക്കാരും രാഷ്ട്രീയ നേതാക്കളും കലാരംഗത്തുള്ളവരും മറ്റ് മേഖലകളിലുള്ളവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചത്.

ഒരു ഗ്ലാസ് കട്ടൻ ചായയുമായി സോഫയിലിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. തന്റെ ജന്മദിനം ഇത്രയധികം സ്‌പെഷ്യലാക്കി മാറ്റിയതിന് എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങൾ അയച്ച മെസേജുകൾക്കും കാർഡുകൾക്കും ഫോൺ കോളുകൾക്കും വീഡിയോകൾക്കും വീട്ടിൽ നേരിട്ടെത്തിയവർക്കും എല്ലാത്തിനും നന്ദി. ഓരോ വർഷവും നിങ്ങളുടെ സ്‌നേഹം വളരുന്നു. എല്ലാവിധത്തിലും താൻ വിനയാന്വിതനായെന്ന് മ്മൂട്ടി പറയുന്നു.

സെപ്തംബർ 7 നായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാൽ ലക്ഷം പേരുടെ രക്തദാന യജ്ഞം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളിലെ ആരാധകരാണ് ഈ യജ്ഞത്തിൽ പങ്കുചേർന്നത്. മുൻ വർഷങ്ങളിലും ആരാധകർ മമ്മൂട്ടിയുടെ പിറന്നാളിന് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായി ‘ജവാൻ’. ചിത്രത്തിന്റെ ആദ്യ ദിന ആഗോള കലക്‌ഷൻ 129.6 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്.ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോർഡും ജവാന്‍ തകര്‍ത്തു. രണ്ടാം ദിവസവും സിനിമയുടെ കലക്‌ഷൻ നൂറ് കോടി പിന്നിട്ടു. രണ്ട് ദിവസം കൊണ്ട് ചിത്രം വാരിയത് 236 കോടി. പിവിആർ മൾടിപ്ലക്സുകളിൽ നിന്നു മാത്രം ഇന്നലെ ലഭിച്ചത് 17 കോടി. ഈ കുതിപ്പു തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 500 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ഷാറുഖ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മാസ് എന്റർടെയ്നറായാണ് ജവാൻ ഒരുക്കിയിരിക്കുന്നത്. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന കിങ് ഖാൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. അവസാന ഭാഗത്തിൽ അതിഥി താരമായി ഒരു ബോളിവുഡ് സൂപ്പർതാരവും എത്തുന്നുണ്ട്. അറ്റ്‌ലിയുടെ തന്നെ മുൻ സിനിമകളായ ‘തെറി’, ‘മെഴ്‌സൽ’, ‘ബിഗിൽ’ എന്നീ സിനിമകളോട് താരതമ്യം തോന്നുന്ന പ്രമേയവും രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ഇതൊന്നും തന്നെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നില്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്.