Entertainment (Page 210)

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നാലും മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് ഇളവുകളില്‍ തിയേറ്ററുകള്‍ തുറന്നാലും എല്ലാ ഇരിപ്പിടങ്ങളിലും ആളുകളെ അനുവദിക്കില്ലാത്തതിനാല്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. 100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ചിത്രം നേരത്തെ റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിനെത്തുടര്‍ന്നാണ് റിലീസും നീണ്ടുപോയത്. ചിത്രം ഒ.ടി.ടി. വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് 600 സ്‌ക്രീനുകളിലെങ്കിലും ചിത്രം പ്രദര്‍ശിപ്പിയ്ക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താവും റിലീസ്.

നേരത്തെ, കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. ടിപിആര്‍ കുറയുന്നതും അനുകൂലമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായെത്തുന്ന ചിത്രം കുറുപ്പില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഇതിന്റെ സൂചന ലഭിച്ചത്.

പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം കുറുപ്പില്‍ അതിഥി വേഷത്തില്‍ എത്തുന്നതായാണ് സൂചന. ഇതില്‍ പൃഥ്വിരാജിന്റെ കഥാപാത്രം ഏറെ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവരെ കൂടാതെ നേരത്തെ ടൊവിനോ തോമസും ഷൈന്‍ ടോം ചാക്കോയും കുറുപ്പില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുകുമാര കുറുപ്പായെത്തുന്ന ദുല്‍ഖറിന്റെ ലുക്കുകളെല്ലാം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പിന്റെ സംവിധായകന്‍. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനാണ്. ജിതിന്‍ കെ.ജോസ്, ഡാനിയേല്‍ സായൂജ് നായര്‍, കെ.എസ്.അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേഫെറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ചൈനീസ്-അമേരിക്കന്‍ മോഡേണ്‍ വാസ്തുശില്‍പ്പി റോജര്‍ ലീയുടെ ഉദ്ധരണി പങ്കുവെച്ചാണ് ശില്‍പയുടെ പോസ്റ്റ്.

കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങള്‍ നടക്കുമെന്ന് തെളിയിക്കാന്‍ ഇവിടെ മഴവില്ലുണ്ട് എന്നായിരുന്നു ശില്‍പയുടെ കുറിപ്പ്.

നീലച്ചിത്ര നിര്‍മാണ വിതരണ കേസുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് അറസ്റ്റിലായ രാജ് കുന്ദ്രക്ക് സെപ്റ്റംബര്‍ 20ന് ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപ ജാമ്യത്തുക കെട്ടിവെച്ചും മറ്റു ഉപാധികളോടെയുമാണ് ജാമ്യം. ഐ.ടി തലവന്‍ റയാന്‍ തോര്‍പെക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ജാമ്യം. 50,000 രൂപ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐടി വിഭാഗം മേധാവി റയാന്‍ തോര്‍പെകും ജാമ്യം ലഭിച്ചു.

അന്വേഷണം പൂര്‍ണമായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രാജ് കുന്ദ്ര ശനിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്രയുടെ വാദം. കേസിന് ആസ്പദമായ സംഭവത്തില്‍ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയില്‍ വാദിച്ചു.

അതേസമയം, ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിയോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ കുന്ദ്ര പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് 1400 പേജുള്ള കുറ്റപത്രം സമര്‍പിച്ചിരുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ശില്‍പ ഷെട്ടിയുള്‍പ്പെടെ 43 സാക്ഷികളാണു കേസിലുള്ളത്. ശില്‍പ ഷെട്ടിക്ക് കുന്ദ്രയുടെ പദ്ധതികളൊന്നും അറിവുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. നീലചിത്രം നിര്‍മിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകളായ ഹോട് ഷോട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കേസ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ റേറ്റ് കുറഞ്ഞു വരികയാണെന്നും, വാക്സിനേഷന്‍ 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു, ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതിനാല്‍ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരോഗ്യ വിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിലെ കോവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം തംരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വീണ്ടും അടയ്ക്കുകയായിരുന്നു.

ചെന്നൈ: മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദളപതി വിജയ്. സിവില്‍ ഹര്‍ജിയുമായി ചെന്നൈയിലെ കോടതിയെ വിജയ് സമീപിച്ചു.

തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് വിജയുടെ ആവശ്യം. അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍,അമ്മ ശോഭ ചന്ദ്രശേഖര്‍, ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി 11 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തന്റെ പേര് ഉപയോഗിച്ച് ഏതെങ്കിലും കൂടിക്കാഴ്ചയോ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തുന്നതില്‍ നിന്ന് അവരെ തടയണമെന്നും അവര്‍ക്കെതിരെ താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിക്കണമെന്നുമാണ് വിജയ് കോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27ലേക്ക് മാറ്റിവച്ചു.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തന്റെ പേര് ഒരു രീതിയിലും ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച് താരം പിതാവ് എസ്.എ ചന്ദ്രശേഖറിന് നോട്ടിസ് അയച്ചു. കൂടാതെ, തന്റെ ആരാധക സംഘടനയിലെ അംഗങ്ങളെയും വിജയ് സിവില്‍ സ്യൂട്ടില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

ഹൈദരാബാദ്: സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (SIIMA) പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ ഒരുമിച്ചാണ് പ്രഖ്യാപിക്കുന്നത്.

ഇതില്‍ 2019ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമകള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു. ജല്ലിക്കട്ട് ഒരുക്കിയതിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും സ്വന്തമാക്കി.

സൈമ അവാര്‍ഡ്ഡ് 2019, പുരസ്‌കാര പട്ടിക;

നടന്‍- മോഹന്‍ലാല്‍ (ലൂസിഫര്‍)

നടി- മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി, ലൂസിഫര്‍)

മികച്ച നടന്‍ (ക്രിട്ടിക്‌സ്)- നിവിന്‍ പോളി (മൂത്തോന്‍)

മികച്ച സിനിമ- ലൂസിഫര്‍

മികച്ച സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കട്ട്)

കോമഡി നടന്‍- ബേസില്‍ ജോസഫ് (കെട്ട്യോളാണ് എന്റെ മാലാഖ)

പ്രതിനായകന്‍- ഷൈന്‍ ടോം ചാക്കോ (ഇഷ്‌ക്)

സഹനടന്‍- റോഷന്‍ മാത്യു (മൂത്തോന്‍)

സഹനടി- സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍)

പുതുമുഖ നടി- അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്‌സ്)

നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ് (ഉയരെ)

പിന്നണി ഗായകന്‍- കെ എസ് ഹരിശങ്കര്‍ (പവിഴമഴ- അതിരന്‍)

പിന്നണി ഗായിക- പ്രാര്‍ഥന ഇന്ദ്രജിത്ത് (താരാപഥമാകെ- ഹെലെന്‍)

വരികള്‍- വിനായക് ശശികുമാര്‍ (ആരാധികേ- അമ്പിളി)

ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയിലെ പരാജയ ഭീതിയില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതോടെ പ്രതികരണവുമായി നടന്‍ സൂര്യ രംഗത്ത്. ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാള്‍ വലുതല്ലെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. കഴിഞ്ഞ ആഴ്ചയോ കഴിഞ്ഞ മാസമോ നിങ്ങളെ വല്ലാതെ വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ? നിങ്ങള്‍ക്ക് അത് അതേ തീവ്രതയോടെ അനുഭവപ്പെടുന്നുണ്ടോ? ആ വേദന ഉറപ്പായും കുറഞ്ഞുകാണണം. അല്ലെങ്കില്‍ അത് ഇല്ലാതായിട്ടുണ്ടാകാം.

എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അടുത്തോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. ഭയവും വേദനയും കുറച്ചു നേരത്തില്‍ മാറുന്ന കാര്യങ്ങളാണ്.

ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില്‍ ഒരാളെപ്പോലെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, നേടാന്‍ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാല്‍ ജീവിത്തില്‍ വിജയിക്കാമെന്ന് സൂര്യ വ്യക്തമാക്കി.

മുംബൈ: ബോളിവുഡ് നടനും നിര്‍മ്മാതാവുമായ സോനു സൂദ് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി). സോനു സൂദിന് ബന്ധമുള്ള മുംബൈയിലേയും ലഖ്നൗവിലേയും വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സിബിഡിടി ഇക്കാര്യം വ്യക്തമാക്കിയത്.

സോനു സൂദിന്റേയും പങ്കാളികളുടേയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പ് നടത്തിയതായി വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായും, വ്യാജവും കൃത്രിമവുമായ സ്രോതസ്സുകളില്‍ നിന്നുള്ള വായ്പകളിലേക്ക് തന്റെ കണക്കില്‍ പെടാത്ത വരുമാനം വഴിതിരിച്ചു വിടുന്നതിലൂടെയായിരുന്നു സോനു സൂദ് പ്രധാനമായും നികുതി വെട്ടിപ്പ് നടത്തിയിരുന്നതെന്നും സിബിഡിടി ട്വിറ്ററിലൂടെ അറിയിച്ചു. സോനു സൂദിന്റെ കമ്പനിയും ലഖ്നൗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയും തമ്മില്‍ അടുത്തിടെ നടത്തിയ കരാര്‍ ആദായനികുതി വകുപ്പ് രഹസ്യമായി നിരീക്ഷിച്ചിരുന്നതായി വകുപ്പ് വൃത്തങ്ങള്‍ സൂചന നല്‍കി.

കോവിഡ് കാലത്ത് നടത്തിവന്നിരുന്ന വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സോനു സൂദ് രാജ്യവ്യാപക പ്രശംസ നേടിയിരുന്നു. എന്നാല്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലും നടന്‍ അനധികൃതമായി പണം സമ്പാദിച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. നടന്റെ ഉടമസ്ഥതയിലുള്ള സൂദ് ചാരിറ്റി ഫൗണ്ടേഷന് കൊവിഡ് കാലത്ത് 18 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.9 കോടി മാത്രമാണ് ചിലവഴിച്ചതെന്നും, ബാക്കി പണം സന്നദ്ധ സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്നും ആദായനികുതി വകുപ്പ് പറയുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. സോനുവും പങ്കാളികളും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെയും അംഗീകാരവും നേടിയ താരമാണ് സോനു സൂദ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ സോനു സൂദ് അഭിനയിച്ചു വരുന്നു. ശക്തി സാഗര്‍ പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു നിര്‍മാണക്കമ്പനിയും സോനു സൂദിനുണ്ട്.

തിരുവനന്തപുരം: നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത മലയാള ചിത്രം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ കോപ്പിയടിച്ചതാണെന്ന് പരാതി. ക്രിസ്റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജേക്ക് ഷ്രയര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ‘റോബോട്ട് ആന്‍ഡ് ഫ്രാങ്ക്’ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി കോപ്പിയടിച്ചാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ചെയ്തതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ സംഘടന പ്രസിഡന്റ് സന്തോഷ് ബാബുസേനന്‍, സെക്രട്ടറി കെ.പി. ശ്രീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിനിമ മോഷണമാണെന്ന് കാണിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെയും ഐ.എഫ്.എഫ്.കെയുടെയും സംഘടനച്ചുമതലയുള്ള കേരള ചലച്ചിത്ര അക്കാദമിക്ക് പ്രശ്‌നത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും, ചലച്ചിത്ര അവാര്‍ഡിനും ഐ.എഫ്.എഫ്.കെക്കും സിനിമകള്‍ സമര്‍പ്പിക്കുമ്പോള്‍ സൃഷ്ടി മൗലികമാണ് എന്ന ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. സത്യവാങ്മൂലം എഴുതിവാങ്ങുന്നു എന്നല്ലാതെ ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും നടത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു.

മികച്ച നവാഗത സംവിധായകന്‍, നടന്‍, മികച്ച കലാസംവിധായകന്‍ എന്നിങ്ങനെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും, ഫിപ്രസി അവാര്‍ഡും നേടിയതും, ദേശീയ- അന്തര്‍ദേശീയ സിനിമ പ്രേക്ഷകര്‍ പങ്കെടുക്കുന്ന ഐ.എഫ്.എഫ്.കെ പോലെയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതുമായ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.