Entertainment (Page 205)

ഒരു രാത്രിയില്‍ ലോറിക്കകത്ത് നടക്കുന്ന ഒരു കഥയുമായി മിഡ്‌നൈറ്റ് റണ്‍ എന്ന ത്രില്ലര്‍ ഷോര്‍ട്ട്ഫിലിം എത്തുന്നു. ദിലീഷ് പോത്തനും ചേതന് ജയലാലും പ്രധാന കഥാപാത്രങ്ങളാകുന്ന ഷോര്‍ട്ട് ഫിലിം സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മേയ് 14മുതല്‍ കാണാനാകും. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ മിഡ്‌നൈറ്റ് റണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗീരീഷ് ഗംഗാധരന്‍ ക്യാമറയും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിര്‍മ്മാണം.
ഒരു റിയലിസ്റ്റിക് ത്രില്ലറാണ് ഇത്. ഭയം എന്ന തീമിനെ മുന്‍നിര്‍ത്തിയാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ പനോരമ സ്‌ക്രീനിംഗിലും മറ്റ് ഫെസ്റ്റിവലുകളിലും മികച്ച നിരൂപകപ്രശംസ നേടിയിരുന്നു.

മുംബൈ : സല്‍മാന്‍ ചിത്രം രാധേ റിലീസ് ചെയ്തതിന് പിന്നാലെ സീഫൈവ് ഒടിടി പ്ലാറ്റ്‌ഫോം സര്‍വര്‍ ഡൗണായി. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു ഈ പ്രശ്‌നം. കൊറിയന്‍ ചിത്രമായ ഔട്ട്‌ലോസിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പ്രഭുദേവയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. സീ പ്ലെക്‌സ്, സീ ഫൈവ്, സീ ടിവി എന്നിവയിലായാണ് രാധേ റിലീസ് ചെയ്തത്. സല്‍മാന്‍ഖാനൊപ്പം രണ്‍ദീപ് ഹൂഡ, ദിഷ പട്‌നാനി, ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിലുണ്ട്.സല്‍മാന്‍ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് രാധേ. വാണ്ടഡ്, ദബാംഗ് 3 എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍.

കൊച്ചി : അക്വേറിയം സിനിമ ഹൈക്കോടതി തടഞ്ഞു. കന്യാസ്ത്രീകളെ അപമാനിക്കുന്ന സിനിമയാണെന്ന് കാണിച്ച് വോയ്‌സ് ഓഫ് നണ്‍സ് കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. നേരത്തെ രണ്ട് തവണ സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പിതാവിനും പുത്രനും എന്ന പേര് മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വോയ്‌സ് ഓഫ് നണ്‍സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമാ റിലീസ് സ്റ്റേ ചെയ്യുകയായിരുന്നു. 2013 ല്‍ സെന്‍സര്‍ ബോര്‍ഡ് കേരള ഘടകവും റിവിഷന്‍ കമ്മിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് 2020 ല്‍ പേര് മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതെന്നാണ് റിപ്പോര്‍്ട്ടുകള്‍. ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്.

ഒരിക്കല്‍ ലോകത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതിമാരായിരുന്നു ജെന്നിഫര്‍ ലോപ്പസും ബെൻ അഫ്ലെക്കും. 2002 നവംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു. ഇപോഴിതാ പതിനേഴ് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.ബെന്നുമായുള്ള വേര്‍പിരിയല്‍ ഹൃദയഭേദകം എന്നാണ് ജെന്നിഫര്‍ വിശേഷിപ്പിച്ചത്. അടുത്തിടെ ലോസ് ഏഞ്ചല്‍സിലെ ജെന്നിഫറിന്റെ വസതിയില്‍ വെച്ചുള്ള ബെൻ അഫ്ലെക്കുമൊത്തുള്ള ഫോട്ടോ ഡെയിലി മെയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മൊണ്ടാനയിലും ജെന്നിഫറിനെയും ബെന്നിനെയും ഒരുമിച്ച് കണ്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇരുവരും ഒന്നിക്കുകയാണ് എന്ന് ചര്‍ച്ചകള്‍ ഉണ്ടായത്. നടനും ചലചച്ചിത്രകാരനുമായ ബെൻ എഫ്ലെക്കുമായുള്ള ജെന്നിഫറിന്റെ ബന്ധം കേവലം രണ്ട് വര്‍ഷം മാത്രമായിരുന്നു. ഇരുവരെയും മാധ്യമങ്ങള്‍ ബെന്നിഫെര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപോഴിതാ വേര്‍പിരിഞ്ഞ് 17 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് വാര്‍ത്ത.

തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ആണ് അന്ത്യം. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. ഞായറാഴ്ച കടുത്ത പനിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ആൻറിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. രാവിലെ 9.35നായിരുന്നു മരണം.

1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖമനയാണ് മാടമ്പ്. അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. മാടമ്പ് സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു. കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി.

ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ പാദശ്രീ ഗുരുവുമാണ്‌ ഗുരുക്കന്മാര്‍. പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍.

മാടമ്പി​െൻറ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേർചിത്രങ്ങളാണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങളായിരുന്നു. 2000ല്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയ്ക് ദേശീയ പുരസ്കാരം ലഭിച്ചു. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭ്രഷ്ട്, അശ്വത്ഥാമാ, കരുണം, ഗൗരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്‌.

വടക്കും നാഥന്‍, കരുണം, പോത്തന്‍ വാവ തുടങ്ങി പല ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്നു. ഇടത് സഹയാത്രികനായിരുന്ന മാടമ്പ് അടുത്ത കാലത്താണ് ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയത്. 2001ൽ ബി.ജെ.പി സ്ഥാനാർഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ഇടത് സഹയാത്രികനായിരുന്ന മാടമ്പ് ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയതും സ്ഥാനാർഥിയായതും വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. താമരചിഹ്നത്തിൽ തന്നെയാണ് അന്ന് മത്സരിച്ചതും.അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്‍തു, അമൃതസ്യപുത്ര, ഭ്രഷ്‍ട് തുടങ്ങിയവയാണ് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രധാനകൃതികള്‍. അവിഘ്‌നമസ്‍തുവിലൂടെ കേരളസാഹിത്യപുരസ്‌കാരവും സ്വന്തമാക്കി.

ബെന്യാമിന്റെ ആടുജീവിതം വീണ്ടും വിവാദങ്ങളില്‍. എഴുത്തുകാരന്‍ മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ബെന്യാമിന്‍ ആടുജീവിതത്തില്‍ പകര്‍ത്തിയെന്നാണ് ആരോപണം. ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എംഎന്‍ കാരശ്ശേരിയാണ്. ഈ ആരോപണത്തില്‍ വ്യക്തത വരുത്തി കാരശേരി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കാരശേരിയുടെ വാക്കുകള്‍ – വാക്കുകള്‍ തമ്മിലുള്ള സാമ്യം മൂലം കോപ്പിയടിയാണെന്ന് പറയാനാവില്ല. മരുഭൂമിയിലെ അസ്മതയത്തെക്കുറിച്ചോ മരുപ്പച്ചയുടെ കുളിര്‍മയെക്കുറിച്ചോ പൊടിക്കാറ്റിനെക്കുറിച്ചോ അസദിനും ബെന്യാമിനും അനുഭവമുണ്ടാവും. മരുഭൂമി അസദ് മാത്രമല്ല ബെന്യാമിനും കണ്ടിട്ടുണ്ടാവും. രണ്ടെഴുത്തുകാരുടെ വാക്യങ്ങള്‍് തമ്മിലോ അലങ്കാരങ്ങള്‍ തമ്മിലോ സാമ്യം വരിക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിന് മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വര്‍്ണനകള്‍ വന്നിരിക്കാമെന്ന് കാരശേരി പറയുന്നു. ആ വര്‍ണനകള്‍ അല്ല ആടുജീവിതം. അതില്‍ മലയാളിയുടെ പ്രവാസ ജീവിതവുമുണ്ട്.തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ എംബി രാജേഷിനു വേണ്ടി ബെന്യാമിന്‍ പ്രചാരവേല ചെയ്തു. ബല്‍റാം തോറ്റപ്പോള്‍് ഇതൊരു വിഷയമായി പൊന്തി വന്നതാണെന്നാണ് താന്‍ കരുതുന്നത്. വി.ടി. ബല്‍റാമും എം.ബി ..രാജേഷും എന്റെ സുഹൃത്തുക്കളാണ് ആരെ പിന്തുണയ്ക്കണമെന്നത് ബെന്യാമിന്റെ വ്യക്തി സ്വാതന്ത്ര്യമാണ്.

തിരുവനന്തപുരം : തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ മിക്കയാളുകള്‍ക്കും അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനായിട്ടില്ല.സംവിധായകന്‍ പ്രിയദര്‍ശന്‍ അദ്ദേഹത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്

ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്…, എന്നായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് ഡെന്നീസ് തിരക്കഥയെഴുതി തീയേറ്ററില്‍് എത്തിയ അവസാന ചിത്രം. ഒമര്‍ ലുലുവിനുവേണ്ടി പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ തിരക്കഥയാണ് അദ്ദേഹം ഒടുവില്‍ പൂര്‍ത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം നടക്കുകയുമാണ്. സിനിമാലോകത്ത് നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്്. തിങ്കളാഴ്ച്ച വൈകീട്ടാണ് ഡെന്നീസ് ജോസഫ് ഹൃദയാഘാതം മൂലം മരിച്ചത്. കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ വെച്ചായിരുന്നു 64 കാരനായ അദ്ദേഹത്തിന്റെ മരണം.

കോട്ടയം: നിരവധി മലയാളം ഹിറ്റ്​ സിനിമകൾക്ക്​ തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫ് (63) അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണി കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

1957 ഒക്ടോബര്‍ 29ന്​ എം.എന്‍. ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ഏറ്റുമാനൂരിലാണ്​ ഡെന്നീസ് ജോസഫ് ജനിച്ചത്​. ഏറ്റുമാനൂർ ഗവണ്‍മെന്‍റ്​ ഹൈസ്ക്കൂളിലായിരുന്നു സ്​കൂള്‍ വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.

തുടർന്ന്​ കട്ട്​ കട്ട്​ എന്ന സിനിമ വാരികയുടെ സബ്​ എഡിറ്റർ ആയിട്ടാണ്​ തന്‍റെ കരിയർ ആരംഭിക്കുന്നത്​. 1985ൽ ജേസി സംവിധാനം ചെയ്​ത മമ്മൂട്ടി ചിത്രമായ ‘ഈറൻസന്ധ്യ’യുടെ കഥ എഴുതിയാണ്​ മലയാള സിനിമയിലേക്ക്​ കടന്നുവരുന്നത്​. പിന്നീട് തിരക്കഥ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ്​ സിനിമകൾക്ക് തിരക്കഥയെഴുതി.

ഏറെ വിവാദവും ചര്‍ച്ചയും സൃഷ്ടിച്ച ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന സിനിമ പുതിയ പേരിനൊപ്പം ഒടിടി റിലീസിന്. അക്വേറിയം എന്ന പേരില്‍ ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും. മേയ് 14നാണ് സൈന പ്ലേ വഴിയുള്ള റിലീസ്. ടി. ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയത്തില്‍ സണ്ണി വെയ്ന്‍,ഹണിറോസ്, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഡിസൈനര്‍ യേശുവിന്റെ റോളിലെത്തുന്നു. സംവിധായകന്‍ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നു.

രണ്ടു തവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേര് മാറ്റി’അക്വേറിയം’ എന്ന പേരില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സെന്‍സര്‍ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു.തുടര്‍ന്നാണ് റിലീസിന് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം.

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതെന്ന് സംവിധായകന്‍ ദീപേഷ്.ടി. ‘പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘അക്വേറിയം’. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് ” സംവിധായകന്‍ ടി ദീപേഷ് പറഞ്ഞു. സംവിധായകന്‍ ദീപേഷിന്റെ കഥയ്ക്ക് ബല്‍റാം തിരക്കഥ സംഭാഷണമെഴുതുന്നു. കളിയാട്ടം, കര്‍മ്മയോഗി എന്നീ സിനിമകള്‍ക്ക് ശേഷം ബല്‍റാം രചന നിര്‍വഹിച്ച സിനിമ കൂടിയാണ് അക്വേറിയം.

കണ്ണമ്പേത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജ് കണ്ണമ്പേത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് എം.വര്‍മ്മ നിര്‍വ്വഹിക്കുന്നു.ബല്‍റാം എഴുതിയ വരികള്‍ക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു.എഡിറ്റര്‍-രാകേഷ് നാരായണന്‍,കളറിസ്റ്റ്-എം മുരുകന്‍,സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി.വീഡിയോ കാസറ്റ്, സിഡി,ഓഡിയോ കാസറ്റ് കാലം മുതല്‍ മലയാളത്തിലെ മുന്‍നിര പ്ലാറ്റ്‌ഫോമായിരുന്ന സൈനയുടെ ഒടിടി വിഭാഗമാണ് സൈന പ്ലേ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ സിനിമയുടെ ടീസര്‍, ഓഡിയോ അവകാശവും സൈനക്കാണ്.

കൊച്ചി : കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് കിച്ചണ്‍ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരേ,
കോവിഡിന്റെ ഭീകരമായ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ ‘ആരും പട്ടിണി കിടക്കരുത്’ എന്ന ഉദ്ദേശത്തില്‍ ഒരു കോവിഡ് കിച്ചണ്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വന്‍ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാല്‍ നാളെ വൈകീട്ട് മുതല്‍ കോവിഡ് കിച്ചണ്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയില്‍ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തില്‍ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണം….
എന്ന്,
നിങ്ങളുടെ സ്വന്തം
ബാദുഷ