സിനിമ എഴുത്തിലെ ഇന്ദ്രജാലം ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം: നിരവധി മലയാളം ഹിറ്റ്​ സിനിമകൾക്ക്​ തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫ് (63) അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണി കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

1957 ഒക്ടോബര്‍ 29ന്​ എം.എന്‍. ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ഏറ്റുമാനൂരിലാണ്​ ഡെന്നീസ് ജോസഫ് ജനിച്ചത്​. ഏറ്റുമാനൂർ ഗവണ്‍മെന്‍റ്​ ഹൈസ്ക്കൂളിലായിരുന്നു സ്​കൂള്‍ വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.

തുടർന്ന്​ കട്ട്​ കട്ട്​ എന്ന സിനിമ വാരികയുടെ സബ്​ എഡിറ്റർ ആയിട്ടാണ്​ തന്‍റെ കരിയർ ആരംഭിക്കുന്നത്​. 1985ൽ ജേസി സംവിധാനം ചെയ്​ത മമ്മൂട്ടി ചിത്രമായ ‘ഈറൻസന്ധ്യ’യുടെ കഥ എഴുതിയാണ്​ മലയാള സിനിമയിലേക്ക്​ കടന്നുവരുന്നത്​. പിന്നീട് തിരക്കഥ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ്​ സിനിമകൾക്ക് തിരക്കഥയെഴുതി.