ന്യൂഡൽഹി: പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് നടി രശ്മിക മന്ദാന. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ ബിഹാരി വാജ്പേയി സെവ്രി – നാവ ഷെവ അടൽ സേതുവിനേക്കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് നടി പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് സംസാരിച്ചത്. പ്രധാനമന്ത്രിയെ രശ്മിക മന്ദാന അഭിനന്ദിച്ചു. മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് ഈ കടൽപ്പാലം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. അത് നമ്മുക്ക് വിശ്വസിക്കാൻ പോലുമാകില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും മുംബൈയിലേക്ക് പോകാമെന്നും രശ്മിക വ്യക്തമാക്കി.
നമ്മുടെ രാജ്യത്തിന്റെ വളർച്ച തന്നെ നോക്കൂ. കഴിഞ്ഞ 10 വർഷമായി രാജ്യം എങ്ങനെ വളർന്നുവെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങൾ, നമ്മുടെ രാജ്യത്തെ വിവിധ പദ്ധതികൾ, റോഡ് ആസൂത്രണം അങ്ങനെ എല്ലാം വളരെ മികച്ചതാണ്. ഇതിപ്പോൾ നമ്മുടെ സമയമാണെന്ന് താൻ കരുതുന്നു. ഏഴ് വർഷത്തിനുള്ളിൽ 20 കി.മീ പൂർത്തിയാക്കി. അത് വളരെ അതിശയകരമായ കാര്യമാണെന്ന് നടി പറഞ്ഞു.
സത്യസന്ധമായി പറയുകയാണെങ്കിൽ തനിക്ക് പറയാൻ വാക്കുകളില്ല. ഏറ്റവും സ്മാർട്ടായ രാജ്യമാണ് ഇന്ത്യയെന്ന് താൻ പറയാനാഗ്രഹിക്കുന്നു. വളരെ വേഗത്തിൽ യങ് ഇന്ത്യ വളരുകയാണ്. യുവതലമുറ വളരെ ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ട് തന്നെ നിങ്ങൾ എന്ത് പറഞ്ഞാലും അവരെ സ്വാധീനിക്കാനാകില്ല. എന്താണ് സംഭവിക്കുന്നതെന്ന് അവർ കാണുന്നുണ്ട് മാത്രമല്ല വളരെ ഉത്തരവാദിത്തോടെയാണ് ആളുകൾ പെരുമാറുന്നതും. രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്നും രശ്മിക കൂട്ടിച്ചേർത്തു.

