Entertainment (Page 162)

തമിഴില്‍ നവരസ ആയിരുന്നെങ്കില്‍ മലയാളത്തില്‍ എംടി കഥകളുടെ അടിസ്ഥാനത്തില്‍ ഒരു ആന്തോളജി ഒരുങ്ങുകയാണ്. എംടിയുടെ പത്ത് കഥകളെ ആസ്പദമാക്കിയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി പുറത്തിറങ്ങുന്നത്.

എംടിയുടെ ‘ഷെര്‍ലക്ക്’ എന്ന ചെറുകഥയെ ആസ്പദമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ‘ബാലു’ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബാലുവായി ഫഹദ് എത്തുമ്പോള്‍ ചേച്ചിയായി എത്തുന്നത് നദിയ മൊയ്തുവാണ്. ഈ വീട്ടിലെ പൂച്ചയുടെ പേരാണ് ഷെര്‍ലക്ക്. അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരാണ് മഹേഷ് നാരായണനെക്കൂടാതെ ഈ ആന്തോളജിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന മറ്റു സംവിധായകര്‍. പ്രിയദര്‍ശന്റെ രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ ബിജു മേനോനും, മറ്റൊന്നില്‍ മോഹന്‍ലാലുമാണ് അഭിനയിക്കുന്നത്. ലിജോ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകന്‍. ലിജോ സംവിധാനം ചെയ്യുന്നത് കടുഗണ്ണാവ ഒരു യാത്ര എന്ന കഥയാണ്. ബിജു മേനോന്‍ നായകനാവുന്ന ചിത്രം ശിലാലിഖിതം ആണ്, മോഹന്‍ലാല്‍ നായകനായി എത്തുന്നത് ഓളവും തീരവും റീമേക്കില്‍ ആണ്. ഉണ്ണി മുകുന്ദന്‍ ആണ് ജയരാജ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. സന്തോഷ് ശിവന്‍ ഒരുക്കുന്ന അഭയം തേടി എന്ന ചിത്രത്തില്‍ സിദ്ദിഖ് ആണ് നായകന്‍.

ചെന്നൈ: പ്രിയതാരം രജനീകാന്തിന്റെ ജന്മദിനാഘോഷങ്ങളുടെ തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. രജനീകാന്തിന്റെ ജന്മദിനമായ ഇന്ന് രജനി ഫാൻ മൻട്രങ്ങൾ വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. രജനികാന്തിന്റെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാംശകൾ നേർന്നത്.

ക്രിയേറ്റീവ് പോസ്റ്ററുകളുടെയും വീഡിയോകളുടെയും രൂപത്തിലാണ് പ്രിയതാരത്തിന് ആരാധകർ ജന്മദിനാശംസകൾ നേർന്നത്. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും അദ്ദേഹത്തിന്റെ പഴയ സിനിമകൾ പ്രദർശിപ്പിച്ചുമൊക്കെയും ആരാധകർ ജന്മദിനാഘോഷിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം നിരവധി ക്ഷേമപ്രവർത്തനങ്ങളും ആരാധകർ നടത്തുന്നുണ്ട്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത അന്നാത്തേയാണ് രജനികാന്ത് അഭിനയിച്ച ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദീപാവലി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കീർത്തി സുരേഷ്, നയൻതാര, ജഗപതി ബാബു, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ആറ് ചിത്രങ്ങളുമായി ബോളിവുഡ് ലിസ്റ്റില്‍ മുന്നിലെത്തിയപ്പോള്‍ നാല് തെന്നിന്ത്യന്‍ ചിത്രങ്ങളും ഐഎംഡിബിയുടെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

പ്രേക്ഷക ശ്രദ്ധ നേടിയ സൂര്യ ചിത്രം ജയ് ഭീം ആണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കൂടാതെ വിജയ് ചിത്രം മാസ്റ്റര്‍, ധനുഷിന്റെ കര്‍ണ്ണന്‍ എന്നീ ചിത്രങ്ങളും ലിസ്റ്റില്‍ ഇടം നേടി. ബോളിവുഡ് ചിത്രം ഷേര്‍ഷാ ആണ് രണ്ടാമത്. സൂര്യവന്‍ശി, സര്‍ദാര്‍ ഉദ്ധം, മിമി, ഷിദ്ദത്ത്, ഹസീന്‍ ദില്‍റുബ എന്നീ സിനിമകളാണ് മറ്റ് ബോളിവുഡ് എന്‍ട്രികള്‍. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ആണ് ലിസ്റ്റില്‍ ഇടം നേടിയ മലയാളം സിനിമ. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനമാണ് ദൃശ്യം 2വിനുള്ളത്.

നേരത്തെ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലും ദൃശ്യം 2 ഇടംപിടിച്ചിരുന്നു. ദൃശ്യം 2നൊപ്പം ജയ് ഭീം, ഷേര്‍ഷാ, മാസ്റ്റര്‍, സൂര്യവന്‍ശി എന്നീ ചിത്രങ്ങളും ഗൂഗിളിന്റെ മോസ്റ്റ് സെര്‍ച്ച്ഡ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ്

1 ജയ് ഭീം

2 ഷേര്‍ഷാ

3 സൂര്യവന്‍ശി

4 മാസ്റ്റര്‍

5 സര്‍ദാര്‍ ഉദ്ധം

6 മിമി

7 കര്‍ണ്ണന്‍

8 ഷിദ്ദത്ത്

9 ദൃശ്യം 2

10 ഹസീന്‍ ദില്‍റുബ

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം കടുവക്ക് താല്‍കാലിക സ്റ്റേ. കുരുവിനാകുന്നില്‍ കുരുവച്ചന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സബ് കോടതിയാണ സ്റ്റേ ഏര്‍പ്പെടുത്തിയത്. കുറുവച്ചന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അതിനാല്‍ ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ അണിയറ പ്രവര്‍ത്തകരായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതി നോട്ടീസും അയച്ചു.

ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം ‘കടുവ’ ഒരു മാസ് എന്റര്‍ടെയ്‌നറാണ്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

താന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേളു എന്ന കഥാപാത്രമായി ഞെട്ടിച്ചു എന്ന് നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി സംവിധായകന്‍ വിനയന്‍. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ ഏതാനും ചിത്രങ്ങളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ യശ്ലസ്സുയര്‍ത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം. എന്റെ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തില്‍ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. അതിനു ശേഷം വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി ചെയ്ത രാമു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍ വളരെ വ്യത്യസ്ഥമായ,സീരിയസ്സായ കഥാപാത്രങ്ങള്‍ ഇന്ദ്രനു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ പറഞ്ഞിരുന്നു. എങ്കില്‍ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രന്റെ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഓര്‍ക്കുന്നു.. എന്റെ കൂടെ അല്ലങ്കിലും ഇന്ദ്രന്‍സ് ആ സ്വപ്നം സാക്ഷാത്കരിച്ചു, അഭിനയകലയുടെ നിറുകയില്‍ എത്തി…’-വിനയന്‍ കുറിച്ചു.

സിജു വില്‍സണ്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. അനൂപ് മേനോന്‍, സെന്തില്‍ കൃഷ്ണ, സുരേഷ് കൃഷ്ണ, ടിനി ടോം, ജാഫര്‍ ഇടുക്കി, ദീപ്തി സതി, രേണു സൗന്ദര്‍ തുടങ്ങിയവരാണ് വേഷമിടുന്നത്. ശ്രീ ഗോകുലം മൂവീസിന്റേതാണ് നിര്‍മ്മാണം.

വാരിയംകുന്നന്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടിരുന്നത്. എന്നാല്‍, സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആഷിഖ് അബു ഇപ്പോള്‍. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്ന് ആഷിഖ് അബു പറയുന്നു. വിമര്‍ശനങ്ങളോ പ്രചാരണങ്ങളോ ഭയന്നല്ല സിനിമയില്‍ നിന്നും പിന്മാറിയതെന്നും ആഷിഖ് അബു വ്യക്തമാക്കി.

‘വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതും ചരിത്രത്തോട് നീതി പുലര്‍ത്തി ചേയ്യണ്ടതുമായ സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ആദ്യം മുതലുണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ട്. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല’- അദ്ദേഹം പറഞ്ഞു.

എന്നാല്‍, സിനിമയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ നിര്‍മാതാവോ സംവിധായകനോ താനല്ല. മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളിലും വ്യക്തി ജീവിതത്തെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിലും താന്‍ ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

കങ്കണ റണാവത്ത് നായികയായെത്തുന്ന ചിത്രം ‘തേജസ്’ 2022 ഒക്ടോബര്‍ 5 ന് തിയേറ്ററുകളിലെത്തും. സായുധ സേനയുടെ പതാക ദിനത്തെ അനുസ്മരിച്ചാണ് ആര്‍എസ്വിപി മൂവീസ് തേജസിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

2016-ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി യുദ്ധ റോളില്‍ പ്രവേശിച്ച സ്ത്രീകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ് സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച തേജസ്. തേജസ് ഗില്‍ എന്നാണ് ചിത്രത്തിലെ കങ്കണയുടെ കഥാപാത്രത്തിന്റെ പേര്.

നമ്മുടെ രാജ്യത്തെ ഭീകരതയില്‍ നിന്ന് സുരക്ഷിതമാക്കാന്‍ നമ്മുടെ സേനകള്‍ ഏറ്റെടുക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില പോരാട്ട ദൗത്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം നവംബറിലാണ് തേജസ് പൂര്‍ത്തിയാക്കിയത്. അന്‍ഷുല്‍ ചൗഹാന്‍, വരുണ്‍ മിത്ര, സങ്കല്‍പ് ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. ധക്കഡ്, മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിദ്ദ എന്നിവയാണ് കങ്കണയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ദേയനായ യുവ സംവിധായകനാണ് പി.കെ ബിജു. ബിജുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘കണ്ണാളന്‍’ ഡിസംബര്‍ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോസ്, തീയേറ്റര്‍ പ്ലേ, ഹൈ ഹോപ്പ്സ്, എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും.

സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് ‘കണ്ണാളന്‍’. ഹരിനാരായണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പട പൊരുതുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യല്‍ പൊളിറ്റിക്‌സ് കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. പച്ചമനുഷ്യരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ് ‘കണ്ണാളന്‍’ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ആത്മീയതയില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്നാണ് കണ്ണാളന്‍ പറയുന്നതെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

ശ്രീജിത്ത് രവി, രജേഷ് ശര്‍മ്മ, അശ്വതി ചിന്നു, മാലതി ടീച്ചര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 360 ഡിഗ്രി പിക്ച്ചേഴ്സിനുവേണ്ടി പി.കെ. ബൈജു, ദാമോദര്‍ അപ്പു എന്നിവര്‍ നിര്‍മ്മിക്കുന്ന കണ്ണാളന്‍ പി.കെ ബിജു രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലിറങ്ങിയ ‘ചുരുളി’ പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജിയില്‍ സംവിധായകനും, കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും, നടന്‍ ജോജുവിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

ചിത്രത്തിലെ രംഗങ്ങള്‍ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകരമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, അനുമതി നല്‍കിയ പതിപ്പല്ല പ്രദര്‍ശിപ്പിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.

സിനിമയിലെ ഭാഷാപ്രയോഗം സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രീതിയിലാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി വിശദവാദത്തിനായി വീണ്ടും പരിഗണിക്കും.

നവാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ‘മഡ്ഡി’ തിയേറ്ററുകളില്‍. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ‘കോസ്റ്റ്‌ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പികെ7 പ്രൊഡക്ഷന്റെ ബാനറില്‍ പ്രേമ കൃഷ്ണ ദാസ് ആണ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം. എഡിറ്റിംഗ് സാന്‍ ലോകേഷ്, സംഗീതം, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈന്‍ രവി ബസ്‌റൂര്‍, ഛായാഗ്രഹണം കെ ജി രതീഷ്, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, മഡ് റേസ് കൊറിയോഗ്രഫി ഡോ പ്രഗഭല്‍, ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റേത് തന്നെയാണ്.

യുവാന്‍ കൃഷ്ണ, റിഥാന്‍ കൃഷ്ണ, അമിത് ശിവദാസ്, രണ്‍ജി പണിക്കര്‍, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.