‘വാരിയംകുന്നനില്‍ നിന്ന് പിന്മാറിയത് ബാഹ്യസമ്മര്‍ദ്ദം കൊണ്ടല്ല’: ആഷിഖ് അബു

വാരിയംകുന്നന്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടിരുന്നത്. എന്നാല്‍, സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആഷിഖ് അബു ഇപ്പോള്‍. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്ന് ആഷിഖ് അബു പറയുന്നു. വിമര്‍ശനങ്ങളോ പ്രചാരണങ്ങളോ ഭയന്നല്ല സിനിമയില്‍ നിന്നും പിന്മാറിയതെന്നും ആഷിഖ് അബു വ്യക്തമാക്കി.

‘വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതും ചരിത്രത്തോട് നീതി പുലര്‍ത്തി ചേയ്യണ്ടതുമായ സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ആദ്യം മുതലുണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ട്. സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല’- അദ്ദേഹം പറഞ്ഞു.

എന്നാല്‍, സിനിമയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ നിര്‍മാതാവോ സംവിധായകനോ താനല്ല. മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളിലും വ്യക്തി ജീവിതത്തെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിലും താന്‍ ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.