പത്രപ്രവര്‍ത്തകന്റെ കഥ പറയുന്ന പി.കെ ബിജു ചിത്രം ‘കണ്ണാളന്‍’ ഡിസംബര്‍ 17ന് ഒടിടിയില്‍

കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ദേയനായ യുവ സംവിധായകനാണ് പി.കെ ബിജു. ബിജുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘കണ്ണാളന്‍’ ഡിസംബര്‍ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോസ്, തീയേറ്റര്‍ പ്ലേ, ഹൈ ഹോപ്പ്സ്, എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും.

സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് ‘കണ്ണാളന്‍’. ഹരിനാരായണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പട പൊരുതുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യല്‍ പൊളിറ്റിക്‌സ് കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. പച്ചമനുഷ്യരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ് ‘കണ്ണാളന്‍’ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ആത്മീയതയില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്നാണ് കണ്ണാളന്‍ പറയുന്നതെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

ശ്രീജിത്ത് രവി, രജേഷ് ശര്‍മ്മ, അശ്വതി ചിന്നു, മാലതി ടീച്ചര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 360 ഡിഗ്രി പിക്ച്ചേഴ്സിനുവേണ്ടി പി.കെ. ബൈജു, ദാമോദര്‍ അപ്പു എന്നിവര്‍ നിര്‍മ്മിക്കുന്ന കണ്ണാളന്‍ പി.കെ ബിജു രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു.